| Wednesday, 18th September 2013, 1:20 pm

വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ##വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിക്കുന്നത്.

ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലം ഏറെ നാളായി വിശ്രമത്തിലായിരുന്നു.

1957 ലും 60 ലും കേരള നിയമസഭാംഗമായിരുന്നു. ചടയമംഗലം മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. 1971 മുതല്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു.

നാലുവട്ടം സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹത്തെ അണികള്‍ ആശാന്‍ എന്നാണ് സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്നത്.

കൊല്ലം ജില്ലയിലെ വെളിയമാണ് ജന്മനാട്.പി.കെ വാസുദേവന്‍ നായരുടെ പിന്‍ഗാമിയായി 1998 ലാണ് ആദ്യമായി വെളിയം സി.പി.ഐ സംസ്ഥാന സെക്രട്ടറിയാകുന്നത്. അതിന് മുമ്പ് ഏറെക്കാലം അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

നാലു തവണയായി 12 വര്‍ഷമാണ് അദ്ദേഹം സി.പി.ഐ സംസ്ഥാന സെക്രട്ടറി പദവി അലങ്കരിച്ചത്. 1996 മുതല്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി. ആരോഗ്യപരമായി കാരണങ്ങളാല്‍ 2010 ല്‍ അദ്ദേഹം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞു.

1950052 കാലഘട്ടത്തില്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്നു. വെളിയം പഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം 54 ലെ ട്രാന്‍സ്‌പോര്‍ട്ട് സമരത്തില്‍ സജീവമായി പങ്കെടുത്തതിന് കഠിനമായ പൊലീസ് മര്‍ദ്ദനമേല്‍ക്കേണ്ടിവന്നു. 71 മുതല്‍ പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗമായി.

പാര്‍ട്ടിക്ക് ദോഷമാകുന്നത് എന്തായാലും അത് മുന്നണിയിലായാലും സ്വന്തം പാര്‍ട്ടിയിലായാലും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനായ അദ്ദേഹം ത്യാഗസന്പൂര്‍ണമായ ജീവിതത്തിനുടമകളായ രാഷ്ട്രീയ നേതാക്കളിലൊരാളാണ്.

സംസ്‌കൃതത്തിലും വേദങ്ങളിലും സന്യാസത്തിലും പ്രത്യേക താല്പര്യമുണ്ടായിരുന്ന വെളിയം അവ വ്യാഖ്യാനിക്കുന്നതിലും തല്പരനായിരുന്നു.

പട്ടം വൃന്ദാവന്‍ കോളനിയിലായിരുന്നു വെളിയം താമസിച്ചിരുന്നത്. റിട്ട അധ്യാപിക സുനിതയാണ് ഭാര്യ. മകള്‍: മഞ്ജു (എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, കെഎസ്ഇബി) മരുമകന്‍: അജിത്( സൈന്റിസ്റ്റ്, സിഎസ്‌ഐആര്‍).

1928 ല്‍ കൊല്ലം ജില്ലയിലെ വെളിയം പടിഞ്ഞാറ്റുകരയില്‍ പരമ്പരാഗത നെയ്ത്തു കുടുംബത്തിലാണ് വെളിയത്തിന്റെ ജനനം.

കെ ഭാര്‍ഗവന്‍ എന്നാണ് യഥാര്‍ഥ പേര്. വെളിയം സംസ്‌കൃത സ്‌കൂളിലായിരുന്നു പഠനം. വേദങ്ങളും ഉപനിഷത്തുകളും പഠിച്ച് ആത്മീയതയുടെ വഴി സ്വീകരിച്ച വെളിയം പിന്നീട് അടിയുറച്ച കമ്യൂണിസ്റ്റുകാരനാവുകയായിരുന്നു.

പ്രതിസന്ധിഘട്ടത്തില്‍ ധീരമായ നേതൃത്വത്തിലൂടെ പാര്‍ട്ടിയെ മുന്നോട്ട് നയിച്ച വെളിയം കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയേയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും ശക്തിപ്പെടുത്തുന്നതില്‍ നിസ്തുലമായ പങ്കാണ് വഹിച്ചത്.

കാവിയുടുത്ത് തല മുണ്ഡനം ചെയ്ത് മൂന്ന് വര്‍ഷം സന്യാസിയായി വെളിയം നടന്നിരുന്നു. സന്യാസ ജീവിതത്തില്‍നിന്നും മടങ്ങിവന്ന വെളിയം കൊട്ടാരക്കര സ്‌കൂളിലും കൊല്ലം എസ് എന്‍ കോളേജിലും പഠിച്ചു.

കോളെജില്‍ വിദ്യാര്‍ഥി ഫെഡറേഷന്റെ അംഗമായിരുന്നു. 1948ല്‍ 21 മാത്തെ വയസില്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. കൊട്ടാരക്കര താലൂക്കിലും കൊല്ലം ജില്ലയുടെ മറ്റ് ഭാഗങ്ങളിലും കമ്യൂണസിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

വെളിയത്തിന്റെ നഷ്ടം പാര്‍ട്ടിക്ക് നികത്താനാവത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയെ മുന്നോട്ട് നയിച്ച വ്യക്തിയാണ് വെളിയം.

എം.എല്‍.എ എന്ന നിലയില്‍ ഏറെ ശ്രദ്ധേയനാകാന്‍ വെളിയത്തിന് ആയിട്ടുണ്ട്. വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളും അപാര പാണ്ഡിത്യമുള്ള വ്യക്തികൂടിയായിരുന്നു വെളിയമെന്നും വി.എസ് പറഞ്ഞു.

പട്ടത്തെ വീട്ടിലെത്തിച്ചതിന് ശേഷം മൃതദേഹം എം.എന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ വൈകീട്ട് 4 ന് ശാന്തികവാടം പൊതു സ്മശാനത്തില്‍ സംസ്‌ക്കാരച്ചടങ്ങുകള്‍ നടക്കും.

Latest Stories

We use cookies to give you the best possible experience. Learn more