| Wednesday, 1st August 2012, 1:10 am

ഒറ്റസ്‌നാപ്പിലൊതുങ്ങുന്നതല്ല ഈ ജീവിതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിറപ്പകിട്ടില്ലാത്ത ഇവരുടെ ജീവിതങ്ങള്‍ എവിടെയും എഴുതപ്പെടാറില്ല

കാലിഡോസ്‌കോപ്പ് /പ്രകാശ് മഹാദേവഗ്രാമം

ചില കാഴ്ചകള്‍ ക്യാമറയെ വല്ലാതെ പ്രലോഭിപ്പിക്കും. കാഴ്ചകള്‍ക്ക് പിറകെ സഞ്ചരിച്ച് എണ്ണമില്ലാത്ത ക്ലിക്ക് ചെയ്തു കൊണ്ടിരിക്കും. ക്യാമറയുടെ മോണിറ്ററില്‍ ചിത്രങ്ങള്‍ തെളിയുമ്പോള്‍ മനസ്സ് ചൊടിപ്പിക്കുന്നതായിരിക്കും. ഇഷ്ടപ്പെട്ട ഒരു സ്‌നാപ്പുമുണ്ടാവില്ല. യാദൃശ്ചികമായ സമ്മാനങ്ങള്‍ പോലെ ചില ദൃശ്യങ്ങള്‍ ഫോട്ടോഗ്രാഫറെ കാത്തിരിക്കും. അങ്ങനെ ലഭിച്ചതാണ് വെളിച്ചപ്പാടിന്റെ ഈ ചിത്രം.

തണുപ്പ് മാഞ്ഞിട്ടില്ലാത്ത രാവിലെ വ്യത്യസ്തമായ ഒരു തെയ്യ ചിത്രം തേടി പുറപ്പെട്ടതാണ് കൊക്കാനിശ്ശേരി കണ്ണങ്ങാട്ടേക്ക്. ക്ഷേത്രമുറ്റം ഒഴിഞ്ഞു കിടക്കുന്നു. ഉറക്കമൊഴിഞ്ഞ് തെയ്യം കണ്ട ആള്‍ക്കൂട്ടം പുറപ്പാടിന് ശേഷം വീടുകളിലേക്ക് മടങ്ങിയിരിക്കുന്നു. രാവിലത്തെ ഇളംവെയില്‍ കൊള്ളാതെ കണ്ണങ്ങാട്ട് ഭഗവതി തെയ്യം തണലിടത്തില്‍ മാറിനില്‍ക്കുന്നു.
[]
ഒന്ന് രണ്ട് ക്ലോസപ്പ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുമ്പോഴാണ് പള്ളിയറയില്‍ വിശ്രമിക്കുന്ന വെളിച്ചപ്പാടിനെ കണ്ടത്. അവശതയും ഉറക്ക ക്ഷീണവുമുണ്ടായിരുന്നു ആ മുഖത്ത്. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍ ജീവിക്കുന്ന തെയ്യങ്ങള്‍ നിശ്ചിത സമയത്തിനുശേഷം അണിയറയിലേക്ക് മടങ്ങുമ്പോഴും വെളിച്ചപ്പാടന്മാര്‍ക്ക് വിശ്രമം ലഭിക്കാറില്ല. നിറപ്പകിട്ടുള്ള കാഴ്ചകള്‍ തിരയുന്ന കണ്ണുകളുടെ മറയത്താണ് പലപ്പോഴും വെളിച്ചപ്പാടന്മാരുടെ ജീവിതങ്ങള്‍. അതുകൊണ്ട് തന്നെ നിറപ്പകിട്ടില്ലാത്ത ഇവരുടെ ജീവിതങ്ങള്‍ എവിടെയും എഴുതപ്പെടാറില്ല.

പള്ളിയറക്കുള്ളില്‍ ചിത്രം പകര്‍ത്താന്‍ മാത്രമുള്ള വെളിച്ചമില്ല. ആവശ്യമായ ലെന്‍സ് ഫിറ്റ് ചെയ്ത് അപ്രോച്ചറും ഷട്ടര്‍ സ്പീഡും സെറ്റ് ചെയ്യുമ്പോള്‍ അദ്ദേഹം എഴുന്നേറ്റ് പോകാനുള്ള ഒരുക്കത്തിലായിരുന്നു. തിടുക്കത്തില്‍ ക്യാമറ ക്ലിക്ക് ചെയ്തു. ക്യാമറയുടെ മോണിറ്ററില്‍ വെളിച്ചപ്പാടന്മാരുടെ നരച്ച ജീവിതം തെളിഞ്ഞു. വെയില്‍ തിളക്കാന്‍ തുടങ്ങിയിരിക്കുന്നു. കോഫീ ഹൗസില്‍ നിന്ന് മസാലദോശയും കാപ്പിയും കഴിക്കാന്‍ ഞാന്‍ നഗരത്തിരക്കിലേക്ക് വണ്ടി ഓടിച്ചു.

Phone: +91 9895 238 108

 പ്രകാശ് മഹാദേവഗ്രാമത്തിന്റെ മറ്റു കാലിഡോസ്‌കോപ്പികള്‍:

 അമ്മ

 ലോണ്‍ലിനെസ്സ്

 ബേര്‍ണിങ് ലൈഫ്

 എ ലൈഫ് ലൈക്ക് എ റിവര്‍

വറുതികാലത്തെ തെയ്യങ്ങള്‍

We use cookies to give you the best possible experience. Learn more