ജാതി എന്ന യാഥാര്‍ഥ്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് ശ്രദ്ധേയമാകുകയാണ് ‘വേലി‘ എന്ന ഷോര്‍ട്ട് ഫിലിം. ചാക്യാര്‍കൂത്ത് കലാകാരനായ വിനീത് വാസുദേവനാണ് വേലിയുടെ കഥയെഴുതിയിരിക്കുന്നതും സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും. വേലി നിര്‍മിച്ചിരിക്കുന്നത് നടി നിഖിലാ വിമലാണ്.
കുട്ടികളുടെ ഒരു സ്‌കൂള്‍ നാടക റിഹേഴ്‌സലിലൂടെ പുരോഗമിക്കുന്ന ഷോര്‍ട്ട്ഫിലിം ടൈറ്റില്‍ സൂചിപ്പിക്കുന്നതു പോലെതന്നെ സമൂഹത്തില്‍ വളരെ സംസാരിക്കപ്പെടേണ്ട അതിര്‍ത്തിവത്കരണത്തെയും വേലികെട്ടലുകളെയും കുറിച്ചു സംസാരിക്കുന്നു.
ജാതിവ്യവസ്ഥയെപ്പറ്റി സമൂഹത്തോട് ആശയവിനിമയം നടത്താനുള്ള ഒരുപാധി എന്ന നിലയിലാണു തങ്ങള്‍ ഈ ഷോര്‍ട്ട്ഫിലിമിനെ കാണുന്നതെന്നു നിഖിലാ വിമല്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. ‘നമ്മുടെ നാട്ടില്‍ ഇങ്ങനെയൊരു അവസ്ഥയില്ലെന്നാണു പലരും വിചാരിക്കുന്നത്. പക്ഷേ ഓരോ വീട്ടിലും ഏതെങ്കിലും ഒരു പോയന്റില്‍ ജാതിയെക്കുറിച്ചു സംസാരിക്കും. എന്റെ വീട്ടില്‍ ജാതിയെക്കുറിച്ച് ആരെങ്കിലും സംസാരിച്ചാല്‍ അപ്പോള്‍ത്തന്നെ അങ്ങനെ സംസാരിക്കരുതെന്നു ഞാന്‍ പറയാറുണ്ട്. നമ്മുടെയൊക്കെ വീടുകളില്‍ അങ്ങനെ പറയാന്‍ നമുക്കു കഴിയും. എന്നാല്‍ മറ്റൊരാളോടു സംസാരിക്കാന്‍ ആ സ്‌പേസുണ്ടാവില്ല. അതിനുവേണ്ടിയാണ് ഈ ഷോര്‍ട്ട്ഫിലിം’- നിഖില പറഞ്ഞു.
വിനീത് തന്റെ സുഹൃത്താണെന്നും ഒരു സുഹൃദ്ബന്ധത്തിലുണ്ടായതാണു വേലിയെന്നും നിഖില പറഞ്ഞു. വേലിയില്‍ അഭിനയിച്ചിരിക്കുന്നവരെല്ലാം തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെയാണ്. സംവിധായകന്‍ വിനീതും ഇതില്‍ അഭിനയിച്ചിട്ടുണ്ട്. ചില ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചശേഷമാണ് വേലി ഇന്നലെ യൂട്യൂബില്‍ റിലീസ് ചെയ്തത്. ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളില്‍ വേലി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു.
ഇതിനകംതന്നെ നാല് ഷോര്‍ട്ട്ഫിലിമുകള്‍ വിനീത് സംവിധാനം ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ ടോയ്‌ലറ്റ് പ്രശ്‌നത്തെ ആസ്പദമാക്കിയുള്ള ‘നിലം’ എന്ന ഷോര്‍ട്ട്ഫിലിം 70 ലക്ഷത്തിലേറെ പ്രേക്ഷകരാണ് യൂട്യൂബില്‍ കണ്ടത്. അയ്യപ്പപ്പണിക്കരുടെ കവിതയെ ആസ്പദമാക്കിയുള്ള ‘വീഡിയോ മരണം’; കുട്ടികളെ കേന്ദ്രമാക്കിയുള്ള ‘ഇന്‍വേഴ്‌സ്’ എന്നിവയും ഏറെ ശ്രദ്ധേയമായിരുന്നു.