ന്യൂദല്‍ഹി: രാജ്യത്ത് നിരത്തിലോടുന്ന എല്ലാ വാഹനങ്ങളെയും ഉടമകളുടെ ആധാറുമായി ബന്ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതേക്കുറിച്ച പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് വാഹനങ്ങളെയും ആധാറുമായി ബന്ധിപ്പിക്കാന്‍ ഒരുങ്ങുന്നത്.
രാജ്യത്തെ മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രീകൃത സംവിധാനം വേണമെന്നാണ് സമിതിയുടെ ശുപാര്‍ശ. ഇതിന്റെ പൂര്‍ണമായ പ്രയോജനം കിട്ടണമെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കണം. നിലവില്‍ രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങള്‍ വികേന്ദ്രീകരണമാണ്. വാഹനവിവരങ്ങള്‍ അതത് സംസ്ഥാനങ്ങളിലാണുള്ളത്.
മോട്ടോര്‍വാഹന നിയമം രാജ്യത്ത് ഏകീകൃതമാക്കാനൊരുങ്ങവെ വാഹനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുകവഴി വാഹനങ്ങള്‍ കണ്ടെത്തല്‍ അനായാസമാകുമെന്നാണ് സമിതി പറയുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമിച്ച സമിതിയില്‍ ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റിന്റെ ഡയറക്ടര്‍ ജനറല്‍ എ.പി. മഹേശ്വരിയാണ് അധ്യക്ഷന്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെയും റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഡി.ജി.പി.മാര്‍ എന്നിവരാണ് അംഗങ്ങള്‍.
ഇന്ത്യയിലെ റോഡപകടങ്ങളില്‍ 64 ശതമാനവും ദേശീയപാതയിലാണെന്നും ഇത് നിയന്ത്രിക്കാന്‍ ശക്തമായ നടപടി ഇല്ലാത്തതാണ് പ്രശ്നമെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.
നിലവില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് നിര്‍ബന്ധമില്ല. ഡ്രൈവിങ് ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ നീക്കവുമായി സര്‍ക്കാരിന്റെ രംഗപ്രവേശം..