കോഴിക്കോട്: നമ്മുടെ നാട്ടില്‍ ഒരു പ്രദേശത്ത് പൊലീസ് സ്റ്റേഷന്‍ ഉണ്ടോ എന്ന് ജനങ്ങള്‍ തരിച്ചറിയുന്നത് കെട്ടിടത്തിന് മുമ്പില്‍ മണല്‍ടിപ്പറുകള്‍ കുന്നുകൂടിയിട്ടുണ്ടോ എന്ന് നോക്കിയാണ്. 2010ല്‍ ചാലിയത്തെ ബേപ്പൂര്‍ തീരദേശ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ വാക്കുകളാണിവ.
എന്നാല്‍ 2018ലും ഈ അവസ്ഥ മാറ്റമൊന്നുമില്ലാതെ തുടരുന്നു. അനധികൃത മണല്‍ കടത്തിന് പിടിക്കപ്പെടുന്ന വാഹനങ്ങള്‍ പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ കെട്ടിക്കിടക്കുന്നത് പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരേപോലെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് പിടിച്ചെടുത്ത വാഹനങ്ങള്‍ പോലും ഇന്നും യാത്രക്കാര്‍ക്ക് ഭീഷണിയായി റോഡുകള്‍ക്കിരുവശവും കിടക്കുന്നുണ്ട്.
കുറ്റിപ്പുറം പൊലീസ് സ്റ്റേഷന്‍ പരിസരം
നാഷണല്‍ ഹൈവേ ഉള്‍പ്പടെയുള്ള റോഡുകള്‍ക്ക് ഇരുവശവുമായി നിറുത്തിയിട്ടിരിക്കുന്ന മണല്‍വണ്ടികള്‍ മറ്റു വാഹനങ്ങള്‍ക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ റോഡുകളില്‍ മറ്റു വാഹനങ്ങളെ മറികടക്കേണ്ടി വരുമ്പോഴുള്ള അപകട സാധ്യത ഏറെയാണ്. പലപ്പോഴും റോഡിനിരുവശവും കെട്ടിക്കിടക്കുന്ന നൂറുകണക്കിന് മണല്‍ വണ്ടികള്‍ ഗതാഗത തടസവും സൃഷ്ടിക്കുന്നു.
പിടിച്ചെടുത്ത വാഹനങ്ങള്‍ മണലുമായി വര്‍ഷങ്ങളോളം കിടക്കേണ്ടിവരുന്നത് അവ തുരുമ്പെടുത്ത് നശിക്കുന്നതിനും കാരണമാകുന്നു. തീരെ വില കുറഞ്ഞ വാഹനങ്ങളാണ് മണല്‍ കടത്തിന് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പിടിക്കപ്പെട്ടാല്‍ കടത്തുകാര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയാണ് പതിവ്.
പിടിക്കപ്പെട്ട മണല്‍ കാറ്റും മഴയും കൊണ്ട് പരിസരങ്ങളില്‍ ചിതറിക്കിടക്കുന്ന കാഴ്ചയും സാധാരണമാണ്. മാത്രമല്ല, പൊലീസ് സ്റ്റേഷന്‍ പരിധികളിലെ മണല്‍വണ്ടികളില്‍ നിന്നും മണല്‍ മോഷണം പോകുന്ന അവസ്ഥയുമുണ്ട്. ആലുവ, കാലടി, പെരുമ്പാവൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും പിടിക്കപ്പെട്ട മണല്‍ മോഷണം പോകുന്ന പ്രശ്‌നം പരിസ്ഥിതി പ്രവര്‍ത്തകനും ഓള്‍ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സ്ഥാപകനുമായ പ്രൊഫ. എസ്. സീതാരാമന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കുറ്റിപ്പുറം പൊലീസ് സ്റ്റേഷന്‍ പരിസരം
പിടിച്ചെടുത്ത മണല്‍ പുഴയിലേക്ക് തന്നെ തിരിച്ച് നിക്ഷേപിക്കണമെന്ന 2002ലെ കേരള ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ മണല്‍ ലേലം ചെയ്ത് വില്‍ക്കാന്‍ വകുപ്പില്ലെന്നും സീതാരാമന്‍ പറഞ്ഞു. പിടിച്ചെടുത്ത മണല്‍ പുഴയിലേതാണോ കടലിലേതാണോ എന്ന ടെസ്റ്റ് റിപ്പോര്‍ട്ട് വൈകുന്നതിനെ തുടര്‍ന്ന് മണല്‍ പുഴയിലേക്ക് തിരിച്ച് നിക്ഷേപിക്കാന്‍ കഴിയാതെ പലപ്പോഴും പൊലീസ് കുഴങ്ങുന്നു.
മണല്‍ക്കടത്ത് കേസുകളില്‍ മുമ്പ് ദി കേരള പ്രൊട്ടക്ഷന്‍ ഓഫ് റിവര്‍ ബാങ്ക്‌സ് ആന്‍ഡ് റെഗുലേഷന്‍ ഓഫ് റിമൂവല്‍ ഓഫ് സാന്‍ഡ് ആക്ട്, 2001 എന്ന വകുപ്പ് പ്രകാരമാണ് കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നത്. കേസ് രെജിസ്റ്റര്‍ ചെയ്ത ശേഷമുള്ള റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ വിഷയത്തില്‍ കളക്ടറാണ് തീരുമാനം എടുത്തിരുന്നത്. നിശ്ചിത തുക പിഴ ഈടാക്കിയതിനു ശേഷം വണ്ടി വിട്ടു നല്‍കുന്നത് സംബന്ധിച്ചും വണ്ടി ലേലത്തില്‍ വില്‍ക്കുന്നത് സംബന്ധിച്ചും കളക്ടര്‍ക്ക് തീരുമാനിക്കാം.
എന്നാല്‍, മണല്‍ക്കടത്ത് മോഷണക്കുറ്റമായും പരിഗണിക്കണമെന്ന് 2014ലില്‍ സുപ്രീം കോടതി വിധിച്ചു. ജസ്റ്റിസുമാരായ എം.വൈ ഇഖ്ബാല്‍, പിനാകി ഘോസ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് മണല്‍ക്കടത്ത് മോഷണക്കുറ്റമായി കണക്കാക്കണമെന്നും ഐ.പി.സി 379 പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടത്. ഇതോടെ മോഷണമുതലായ മണലും പിടിക്കപ്പെട്ട വാഹനവും ജുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കണമെന്നായി.
മണല്‍ പിടിച്ചെടുക്കാനുള്ള അധികാരം പൊലീസിനും റവന്യൂ വകുപ്പിനുമാണ്. പൊലീസ് സ്റ്റേഷന്‍, സിവില്‍ സ്റ്റേഷന്‍ തുടങ്ങിയവയുടെ പരിസരങ്ങളിലാണ് മണല്‍ വണ്ടികള്‍ പിടിച്ചിടുന്നത്. മണല്‍ക്കടത്തല്‍കേസിലെ റിപ്പോര്‍ട്ട് പൊലീസ് സബ്ഡിവിഷന്‍ മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചുകഴിഞ്ഞാല്‍ തഹസില്‍ദാറാണ് പിന്നീട് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്.
കുറ്റിപ്പുറം പൊലീസ് സ്റ്റേഷന്‍ പരിസരം
2016 ല്‍ കോഴിക്കോട് അനധികൃത മണല്‍ കടത്തുമായി ബന്ധപ്പെട്ട് അധികൃതര്‍ പിടികൂടി സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ വാഹനങ്ങളില്‍ 98 എണ്ണം കളക്ടറുടെ നേതൃത്വത്തില്‍ ലേലം ചെയ്യുകയുണ്ടായി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെയും കലക്ടറേറ്റുള്‍പ്പെടെയുള്ള റവന്യൂ ഓഫീസുകളുടെയും പരിസരങ്ങളില്‍ സൂക്ഷിച്ച വാഹനങ്ങളാണ് അന്ന് ലേലം ചെയ്തത്.
എന്നാല്‍, പിടിക്കപ്പെട്ട ശേഷം കാലങ്ങളോളം മഴയും വെയിലുമേറ്റ് കിടന്ന മണല്‍ വണ്ടികള്‍ ലേലം ചെയ്തുവില്‍ക്കാനുള്ള ശ്രമങ്ങള്‍ മിക്കപ്പോഴും വിജയിക്കാറില്ല. ലേലത്തിനു വാങ്ങാനാളില്ലാത്തതും പൊലീസുകാരെ വലയ്ക്കുന്നു. “പിഴയടക്കാതെ കിടക്കുന്ന വണ്ടികള്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചാലും ലേലത്തില്‍ വാങ്ങാനാളില്ലാത്തത് അവ കെട്ടിക്കിടന്ന് നശിക്കാന്‍ കാരണമാകുന്നു”, പൊന്നാനി മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് ആര്‍.ടി.ഒ മുജീബ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ശക്തമായ നിയമമുണ്ടായാലും അവ കൃത്യമായി പാലിക്കപ്പെടുന്നില്ല എന്നത് പ്രശ്നമാകുന്നു. പലപ്പോഴും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും വേണ്ട നടപടികള്‍ കൃത്യമായി കൈക്കൊള്ളുന്നുമില്ലെന്ന് ജോയിന്റ് ആര്‍.ടി.ഒ മുജീബ് ചൂണ്ടിക്കാട്ടി.
നിയമനൂലാമാലകളും മറ്റും കാരണം വണ്ടികള്‍ സ്റ്റേഷനു ചുറ്റും കുമിഞ്ഞ്കൂടുന്നത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി കുറ്റിപ്പുറം സ്റ്റേഷന്‍ എസ്.ഐ നിപുന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. “സ്റ്റേഷന്റെ മുഖം പോലും മറയ്ക്കുന്ന വിധം വണ്ടികള്‍ കൂടിക്കിടക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. മറ്റെവിടേക്കെങ്കിലും മാറ്റാമെന്ന് വച്ചാല്‍ വണ്ടിയും മണലും മോഷണം പോകാനുള്ള സാധ്യതയുമേറെയാണ്”, അദ്ദേഹം വിശദീകരിച്ചു.
പിടിച്ചെടുത്ത വണ്ടികള്‍ കേസിലെ റിപ്പോര്‍ട്ട് തയ്യാറായിക്കഴിഞ്ഞാല്‍ തന്നെ ലേലം ചെയ്യും വിധം നിയമനിര്‍മാണം നടത്തുന്നത് ഒരു പരിധിവരേ ഈ പ്രശ്‌നത്തില്‍ പരിഹാരമാകുമെന്നും എസ്.ഐ നിപുന്‍ പറഞ്ഞു. “പൊതുപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ ഇതിനായി ഒരു ഹരജി സമര്‍പ്പിക്കാവുന്നതാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.