കണ്ണൂര്‍: പാനൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വാഹനങ്ങള്‍ കത്തിനശിച്ചു. പത്താം പ്രതി പി. പി ജാബിറിന്റെ വാഹനങ്ങളാണ് കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരു കാറും സ്‌കൂട്ടറുമാണ് കത്തിയത്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നതെന്ന് പൊലീസും ഫയര്‍ ഫോഴ്‌സും പറയുന്നു.
സി.പി.ഐ.എം പെരിങ്ങളം ലോക്കല്‍ കമ്മിറ്റി അംഗമാണ് ജാബിര്‍. ഇയാളെ പിടികൂടാന്‍ സാധിക്കാത്തതില്‍ ലീഗ് നേരത്തെ പ്രതിഷേധിച്ചിരുന്നു.
മന്‍സൂര്‍ വധക്കേസിലെ പ്രതികളെ എല്ലാം പിടികൂടണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു. ജാബിറുള്‍പ്പെടെ പ്രതികളായ സി.പി.ഐ.എം പെരിങ്ങളം ലോക്കല്‍ സെക്രട്ടറി എന്‍. അനൂപ്, പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി മെമ്പര്‍ നാസര്‍, ഇബ്രാഹിം എന്നിവരെ ഇനിയും പിടികൂടാനുണ്ട്.
കേസില്‍ അഞ്ചാം പ്രതി പുല്ലൂക്കര സ്വദേശിയായ കെ. സുഹൈല്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. പുല്ലൂക്കര സ്വദേശി ബിജേഷ്, നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി, അശ്വന്ത്, പ്രതിപട്ടികയില്‍ ഇല്ലാത്ത അനീഷ് എന്നിവരെയും പൊലീസ് പിടികൂടിയിരുന്നു.
വോട്ടെടുപ്പ് കഴിഞ്ഞ ഏപ്രില്‍ ആറിനാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൂടിയായ മന്‍സൂറും സഹോദരനും ആക്രമിക്കപ്പെടുന്നത്. വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ട് പോയാണ് ആക്രമിച്ചതെന്ന് മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിന്‍ പറഞ്ഞിരുന്നു. പ്രതികളെ കണ്ടാല്‍ അറിയാമെന്നും അക്രമിച്ചത് ഇരുപതോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നും മുഹ്സിന്‍ പറഞ്ഞിരുന്നു.
ഡി.വൈ.എഫ്.ഐ നേതാവ് കെ. സുഹൈല്‍ ആണ് മുഖ്യ ആസൂത്രകനെന്നും 25 പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികളില്‍ 11 പേരെ തിരിച്ചറിഞ്ഞെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
മന്‍സൂറിന്റെ കൊലപാതകത്തിനായി അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്‌സ്ആപ്പിലൂടെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനെ ആക്രമിക്കാമെന്ന തരത്തിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഫോണിലുണ്ടായിരുന്നു. ബോംബും വടിവാളുകളും ശേഖരിച്ചതും വാട്‌സ്ആപ്പ് വഴിയെന്നാണ് പൊലീസിന്റെ നിഗമനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Vehicles burnt of Panoor Mansoor murder case accused