മുംബൈ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിന് വേണ്ടിയുള്ള നിര്‍ഭയ ഫണ്ട് (Nirbhaya fund) പ്രകാരം മുംബൈ പൊലീസ് വാങ്ങിയ നിരവധി വാഹനങ്ങള്‍ ജനപ്രതിനിധികള്‍ക്ക് എസ്‌കോര്‍ട്ട് പോകാന്‍ വേണ്ടി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്.
ഏക്‌നാഥ് ഷിന്‍ഡെയുടെ ബാലാസാഹെബാഞ്ചി ശിവസേന പാര്‍ട്ടിയിലെ എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും വൈ പ്ലസ് സുരക്ഷ (Y Plus Security) നല്‍കാനായി ഈ വാഹനങ്ങള്‍ അകമ്പടിയായി ഉപയോഗിക്കുന്നതായാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂലൈ മുതല്‍ ഇത്തരത്തില്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു 220 ബൊലേറോ, 35 എര്‍ട്ടിഗ, 313 പള്‍സര്‍ ബൈക്കുകള്‍, 200 ആക്ടീവകള്‍ എന്നിവനിര്‍ഭയ ഫണ്ട് വഴി 30 കോടിയിലധികം രൂപക്ക് മുംബൈ പൊലീസ് വാങ്ങിയത്. ജൂലൈ മാസത്തില്‍ ഇവ വിവിധ പൊലീസ് സ്റ്റേഷനുകള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.
എന്നാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഏക്‌നാഥ് ഷിന്‍ഡെയുടെ ഭരണകക്ഷി പാര്‍ട്ടിയിലെ 40 എം.എല്‍.എമാരുടെയും 12 എം.പിമാരുടെയും സെക്യൂരിറ്റിക്ക് വേണ്ടി ജൂലൈ മാസത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും 47 ബൊലേറോകള്‍ ‘അടിയന്തരമായി’ വിട്ടുനല്‍കുകയായിരുന്നു. എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ‘വൈ പ്ലസ് വിത്ത് എസ്‌കോര്‍ട്ട്’ (Y-plus with escort) സുരക്ഷ നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ഈ നടപടി.
വി.ഐ.പി സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റില്‍ നിന്നുള്ള ഉത്തരവ് പ്രകാരം മുംബൈ പൊലീസിന്റെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്‌മെന്റായിരുന്നു വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ഏറ്റെടുത്തത്.
എന്നാല്‍ ഇവയില്‍ 17 വാഹനങ്ങള്‍ മാത്രമേ തിരിച്ച് നല്‍കിയിട്ടുള്ളൂവെന്നും ബാക്കി 30 ബൊലേറോകള്‍ ഇനിയും നല്‍കാനുണ്ടെന്നുമാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2013ലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ഭയ ഫണ്ട് കൊണ്ടുവന്നത്. സ്ത്രീ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയായിരുന്നു സംസ്ഥാന സര്‍ക്കാരുകള്‍ക്കായി കേന്ദ്രം ഈ ഫണ്ട് കൊണ്ടുവന്നത്.
Content Highlight: Vehicles bought using Nirbhaya Fund used to provide Y-plus security to Eknath Shinde legislators in Maharashtra