സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സഞ്ചരിച്ച എന്‍.ഐ.എ വാഹനം പഞ്ചറായി
national news
സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സഞ്ചരിച്ച എന്‍.ഐ.എ വാഹനം പഞ്ചറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th July 2020, 12:56 pm

പാലക്കാട്: തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കടത്തു കേസില്‍ പിടിയിലായ പ്രതികളുമായി കൊച്ചിയിലേക്ക് വരികയായിരുന്ന എന്‍.ഐ.എയുടെ വാഹനം പഞ്ചറായി. പ്രതി സ്വപ്‌ന സുരേഷുമായി സഞ്ചരിച്ചിരുന്ന വാഹനമാണ് പഞ്ചറായത്.

വടക്കാഞ്ചേരി കഴിഞ്ഞപ്പോഴാണ് വാഹനം പഞ്ചറായത്. തുടര്‍ന്ന് സ്വപ്നയെ സന്ദീപ് സഞ്ചരിച്ച വാഹനത്തില്‍ കയറ്റി യാത്ര തുടര്‍ന്നു.

പൊലീസ് സുരക്ഷയോടെയാണ് എന്‍.ഐ.എസിന്റെ യാത്ര. ഉച്ചയോടെ സംഘം കൊച്ചിയിലെത്തും. അതേസമയം വാഹനം പഞ്ചറായ സമയത്ത് മാധ്യമങ്ങള്‍ സ്വപ്‌നയുടെ പ്രതികരണം ആരാഞ്ഞെങ്കിലും അവര്‍ മറുപടി നല്‍കിയില്ല.

എ.എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കൊണ്ടു വരുന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സ്വപ്‌നയെയും സന്ദീപിനെയും കൊണ്ട് സംഘം കേരളത്തിലേക്ക് തിരിച്ചത്.

കൊച്ചിയിലെത്തിയ ശേഷം ഇവരെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കും. തുടര്‍ന്ന് ഇവരെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും.

ഇന്ന് പുലര്‍ച്ചയോടെ സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണിയെന്ന് കരുതുന്ന റമീസിനെ പിടികൂടിയിരുന്നു.ഇയാള്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും വിവരങ്ങള്‍ പുറത്തു വന്നിരുന്നു.

സ്വര്‍ണക്കടത്തിനായി പണം മുടക്കുകയും എത്തിക്കുന്ന സ്വര്‍ണം വിതരണം ചെയ്യുന്നതും ഇയാളാണെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

റമീസ് മുമ്പ് മൂന്ന് സ്വര്‍ണക്കടത്ത് കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്. 2014ല്‍ തിരുവനന്തപുരം വിമാനത്താവളം വഴി രണ്ട് കിലോ സ്വര്‍ണം വീതം കടത്തിയതിന് രണ്ട് തവണ പിടിയിലായി.

2014ല്‍ വാളയാറില്‍ രണ്ട് മാനുകളെ വെടിവെച്ചു കൊന്ന കേസിലും റമീസ് പ്രതിയാണ്.ഈ കേസില്‍ ഒന്നാം പ്രതിയാണ് ഇയാള്‍

അഞ്ച് പ്രതികളുള്ള കേസിലെ മറ്റു നാലു പ്രപതികളെ പിടികൂടിയെങ്കിലും റമീസ് ഒളിവിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മലപ്പുറത്തെ വീട്ടില്‍ എത്തിയായിരുന്നു പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയാണ് ഇയാള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ