പാലക്കാട്: ആള്‍ക്കൂട്ട ക്രിമിനലുകള്‍ മര്‍ദ്ദിച്ചുകൊന്ന മധുവിന്റെ സംസ്‌കാര ചടങ്ങില്‍ ഗാനങ്ങള്‍ ആലപിച്ച് പ്രതിഷേധിച്ച “ഊരാളി” ഗായകസംഘത്തിനെതിരെ അട്ടപ്പാടിയില്‍ ആക്രമണം. സംഘം സഞ്ചരിച്ച വാഹനം അക്രമികള്‍ തകര്‍ത്തു. “ഊരാളി എക്‌സ്പ്രസ്” എന്ന വാഹനാണ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ അക്രമിക്കപ്പെട്ടത്.
മധു ആക്രമിക്കപ്പെട്ട സ്ഥലത്താണ് ഊരാളി ആദ്യം ഗാനങ്ങള്‍ ആലപിച്ച് പ്രതിഷേധിച്ചത്. ബസിനു നേരെയുണ്ടായ കല്ലേറില്‍ മൂന്നിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കുട്ടികള്‍പ്പെടെ വാഹനത്തില്‍ ഉള്ളപ്പോളാണ് വാഹനം അക്രമിക്കപ്പെട്ടത്.
മധുവിനോട് കേരളം മാപ്പു ചോദിക്കണമെന്ന് നേരത്തേ ഊരാളി ആവശ്യപ്പെട്ടിരുന്നു. നിങ്ങള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ നിങ്ങള്‍ ആയെന്ന് എന്ന വരികളുടെ പശ്ചാത്തലത്തിലായിരുന്നു മധുവിനോട് കേരളം മാപ്പുചോദിക്കണമെന്ന ആവശ്യവുമായി ഊരാളി രംഗത്തെത്തിയത്.
മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്ക് ഏറ്റിരുന്നെന്നും നെഞ്ചിലും മര്‍ദ്ദനമേറ്റിരുന്നെന്നും വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
ഊരാളിയുടെ പ്രതികരണം:
അട്ടപ്പാടിയിലെ സമരപന്തലിൽ നിന്നും തിരികെ വരുന്ന വഴിക്ക് ഊരാളി എക്സ്പ്രസ്സിനു നെരെ സാമുഹ്യവിരുദ്ധരുടെ അക്രമണം. ഇരുട്ടിന്റെ മറവിൽ നിന്നും കല്ലെറിഞ്ഞ് ഓടിയൊളിച്ചവരെ നിങ്ങളെ ഞങ്ങൾക്ക് അറിയാം . ഞങ്ങള്‍ നിങ്ങളേയും സ്നേഹിക്കുന്നു …..വീണ്ടും സന്ധിക്കുംവരെ വണക്കം..
ചിത്രങ്ങള്‍: