ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാഹനവ്യൂഹം തട്ടി പശുവിന് പരുക്ക്. ഒഡീഷ സന്ദര്‍ശനത്തിനിടെ അമിത് ഷാ ജാജ്പൂരിലേക്കു പോകുമ്പോഴായിരുന്നു സംഭവം.
ബന്ദലോ ദേശീയപാത അഞ്ചില്‍വെച്ചാണ് വാഹനം തട്ടിയതെന്ന് ബര്‍ച്ചാന പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. റോഡ് മുറിച്ചു കടക്കുകയായിരുന്ന പശുവിനെ അമിത് ഷായുടെ വാഹനവ്യൂഹത്തില്‍പ്പെട്ട ഒരു വാഹനം ഇടിക്കുകയായിരുന്നു.
“പശുവിന് പരുക്കേറ്റിട്ടുണ്ട്. അതേസമയം വി.ഐ.പി സ്റ്റിക്കര്‍ പതിച്ച വാഹനത്തിനും കേടുപാടു സംഭവിച്ചിട്ടുണ്ട്.” ബെയ്രീ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
പശുവിനെ തട്ടിയെങ്കിലും അമിത് ഷായുടെ വാഹനം നിര്‍ത്താതെ കടന്നുപോയി. അമിത് ഷായുടെ സംഘത്തിന് ഒപ്പമുണ്ടായിരുന്ന മുതിര്‍ന്ന ബി.ജെ.പി ലീഡറും മുന്‍ എം.എല്‍.എയുമായ പ്രതാപ് സാരംഗി വാഹനം നിര്‍ത്തിക്കുകയും പശുവിന്റെ ചികിത്സയ്ക്കുവേണ്ട ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു.
Must Read: ടി.പി വധക്കേസിലെ പ്രതിയ്ക്ക് പരോള്‍ അനുവദിച്ചത് ജയില്‍ ഉപദേശക സമിതിയുടെ അനുമതിയില്ലാതെ
സാരംഗി ജാജ്പൂര്‍ ജില്ലാ കലക്ടറെ വിളിച്ച് ചികിത്സയ്ക്കുവേണ്ട നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു.
അതിനിടെ ഗോസംരക്ഷണത്തിന്റെ പേരില്‍ ക്ഷീരകര്‍ഷകര്‍വരെ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന വേളയില്‍ ബി.ജെ.പി നേതാവിന്റെ വാഹനത്താല്‍ പശുവിന് പരുക്കേറ്റതിനെ പരിഹസിച്ച് ബി.ജെ.ഡി നേതാവും ലോക്‌സഭാംഗവുമായ തഥാഗത സത്പതി രംഗത്തെത്തി.
“ബര്‍ചാനയില്‍ അമിത് ഷായുടെ വാഹനവ്യൂഹം പശുവിനെ തട്ടി. പശുവിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിശുദ്ധ പശു!” എന്നാണ് അദ്ദേഹത്തിന്റെ പരിഹാസം.