| Saturday, 25th April 2020, 10:53 am

ബസ് ചാര്‍ജ് താത്ക്കാലികമായി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ; നികുതിയിളവ് നല്‍കണമെന്നും ഗതാഗതമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജ് താത്ക്കാലികമായി വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് ഗതാഗത വകുപ്പ്.

റോഡ് നികുതിയിലോ ഇന്ധന നികുതിയിലോ ഇളവ് നല്‍കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങളോടെ സാമൂഹിക അകലം പാലിച്ച് സര്‍വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് ഇത്.

മൂന്നിലൊന്ന് യാത്രക്കാരെ പാടുള്ളൂ എന്നിരിക്കെ ഒരു ബസ് ഓടിയിരുന്ന സ്ഥാനത്ത് മൂന്ന് ബസുകള്‍ സര്‍വീസ് നടത്തേണ്ടി വരും. ഒരു ദിവസം 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകും.

ഒന്നുകില്‍ ഈ തുക സര്‍ക്കാര്‍ നല്‍കണം. അല്ലെങ്കില്‍ നഷ്ടം നികത്താന്‍ ഉതകുന്ന തരത്തില്‍ ചാര്‍ജ് വര്‍ധിപ്പിക്കുകയും ഇന്ധന നികുതിയില്‍ ഇളവ് നല്‍കുകയും വേണമെന്നാണ് ബസുടമകളുടെ സംഘടന ആവശ്യപ്പെട്ടത്. ഇതിന് പുറമെ റോഡ് നികുതി കൂടി ഒഴിവാക്കണമെന്നും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ കഴിഞ്ഞാലും ബസ്സുകള്‍ ഉടന്‍ നിരത്തിലിറക്കില്ലെന്ന് സ്വകാര്യ ബസ്സ് ഉടമകള്‍ വ്യക്തമാക്കിയിരുന്നു. സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാനായി ഉടമകള്‍ സ്റ്റോപ്പേജ് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.

സര്‍ക്കാര്‍ നിബന്ധനയനുസരിച്ച് സര്‍വീസ് നടത്തിയാല്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്നായിരുന്നു ഉടമകള്‍ ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തിലാണ് താത്ക്കാലികമായി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഗതാഗത വകുപ്പ് സര്‍ക്കാരിന് മുന്നില്‍ വെച്ചത്.

സ്വകാര്യ ബസുകള്‍ക്ക് ഏപ്രില്‍ മാസത്തെ റോഡ് നികുതി സര്‍ക്കാര്‍ ഒഴിവാക്കി കൊടുത്തിരുന്നു.

സംസ്ഥാനത്ത് 12000 ത്തോളം ബസ്സുകളാണ് നിലവില്‍ സ്റ്റോപ്പേജിന് അപേക്ഷ നല്‍കിയിട്ടുള്ളത്. ബസ് വ്യവസായ മേഖലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നിരിക്കെ സ്റ്റോപ്പേജ് അപേക്ഷ നല്‍കിയാല്‍ നികുതി ഇളവും ഇന്‍ഷൂറന്‍സ് അടക്കാനുള്ള സാവകാശവും ലഭിക്കും എന്നതാണ് ഉടമകളെ താത്കാലികമായി സര്‍വീസ് നിര്‍ത്തിവെക്കാന്‍ പ്രേരിപ്പിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more