ശബരിമലയിലേക്ക് ഇനി അലങ്കാര വാഹനങ്ങളില്‍ എത്തേണ്ട: ഹൈക്കോടതി
കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന അലങ്കരിച്ച വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വാഹനങ്ങള്‍ അലങ്കരിക്കുന്നത് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. കെ.എസ്.ആര്‍.ടി.സിക്കും ഉത്തരവ് ബാധകമാണെന്ന് ഹൈക്കോടതി അറിയിച്ചു.
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെയാണ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായത്. പുഷ്പങ്ങളും മറ്റും കൊണ്ട് അലങ്കരിച്ചു വരുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും പിഴ ഈടാക്കാനും കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ ആയാലും നടപടിയെടുക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന് കോടതി നിര്‍ദ്ദേശം നല്‍കി.
കെ.എസ്.ആര്‍.ടി.സി ബസില്‍ പരസ്യം പതിക്കരുതെന്ന ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ സുപ്രീംകോടതി സ്റ്റേയുടെ അടിസ്ഥാനത്തില്‍ ബസ് അലങ്കരിക്കാന്‍ കഴിയില്ലെന്ന് ഡിവിഷന്‍ ബെഞ്ച് മുന്‍പ് വ്യക്തമാക്കിയിരുന്നു.
അതേസമയം, 12 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബസുകള്‍ ശബരിമല തീര്‍ത്ഥാടന സര്‍വീസിനായി ഉപയോഗിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
മണ്ഡലമാസം ആരംഭിക്കുന്നതിനാല്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ പരിഗണിച്ച ഹരജിയിലാണ് കോടതി ഉത്തരവിറക്കിയത്.
കൂടാതെ മകരവിളക്കിന് മുന്നോടിയായി ശബരിമലയിലെ സൗകര്യങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പരിശോധനകള്‍ക്കായി 13 വെര്‍ച്വല്‍ ക്യൂ കേന്ദ്രങ്ങളുണ്ടാകും, പാസുകള്‍ പൊലീസായിരിക്കും പരിശോധിക്കുക, നിലയ്ക്കലില്‍ 17 പാര്‍ക്കിംഗ് ഗ്രൗണ്ടുകളുണ്ടാകും, മെഡിക്കല്‍ ക്യാമ്പിലേക്ക് പുതിയ രണ്ട് ആംബുലന്‍സുകള്‍ കൂടി അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Content Highlight: Vehicle coming to Sabarimala need little decoration: High court