| Monday, 6th August 2012, 11:19 am

തമിഴ്‌നാട്ടില്‍ ഉല്പാദനം കുറഞ്ഞു: കേരളത്തില്‍ പച്ചക്കറി വില ഉയരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: തമിഴ്‌നാട്ടിലെ പച്ചക്കറി ഉല്പാദനത്തില്‍ വന്‍ഇടിവ്. ഈ സാഹചര്യത്തില്‍ ഓണത്തിന് പച്ചക്കറിക്ക് വില കുത്തനെ ഉയരുമെന്നാണ് സൂചന. കാലാവസ്ഥാ വ്യതിയാനം മൂലം കഴിഞ്ഞ വര്‍ഷത്തേതിന്റെ പത്തിലൊന്ന് പച്ചക്കറി ഉല്പാദിപ്പിക്കാന്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല.[]

തമിഴ്‌നാട്ടില്‍ പച്ചക്കറി ഉല്പാദനത്തിലുണ്ടായ കുറവ് കേരളത്തില്‍ പച്ചക്കറി ക്ഷാമത്തിന് കാരണമാകും. തിരുനെല്‍വേലി ജില്ലയിലെ പാവൂര്‍സത്രം പച്ചക്കറി പാടശേഖത്തില്‍ നിന്നും വന്‍തോതില്‍ പച്ചക്കറികള്‍ കേരളത്തിലേക്ക് കയറ്റിയയക്കുന്നുണ്ട്. സവാള, തക്കാളി, വെണ്ട, ബീന്‍സ്, പച്ചമുളക് എന്നിവയാണ് ഇവിടുത്തെ പ്രധാനവിളകള്‍. ഇവിടെ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറിയുടെ 99% വും കയറ്റി അയക്കുന്നത് കേരളത്തിലേക്കാണ്.

മലയാളിയുടെ ഓണം വിഭവസമൃദ്ധമാക്കുന്നതിന് രണ്ട് മാസം മുമ്പ് ഇവിടെ കര്‍ഷകര്‍ വിത്തിറക്കിയിരുന്നു. എന്നാല്‍ തുടക്കം മുതല്‍ തന്നെ കാലാവസ്ഥ ചതിച്ചു. മഴയുടെ കുറവുണ്ടായിരുന്നെങ്കിലും ഫലം കായ്ക്കുമ്പോഴേക്കും മഴ കനക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മഴ ലഭിക്കാതായതോടെ ഈ പാടശേഖരങ്ങളെല്ലാം കണ്ണീര്‍പാടമായി.

മഴ ലഭിക്കാതായതോടെ വിളകള്‍ കരിഞ്ഞുണങ്ങി. ജലസ്രോതസുകള്‍ വറ്റിവരണ്ടു. കുഴല്‍ കിണറും വന്‍കിണറുകളും കുഴിച്ച് വരള്‍ച്ച നേരിടാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതോടെ പച്ചക്കറി ഉല്പാദനം കഴിഞ്ഞ വര്‍ഷത്തേതിന്റെ പത്തിലൊന്നായി കുറഞ്ഞു.

കഴിഞ്ഞതവണ ഇതേകാലയളവില്‍ 80 ലോഡ് സവാള കേരളത്തിലേക്ക് കയറ്റി അയച്ചിരുന്ന ഇവിടെ നിന്ന് എട്ട്‌ലോഡ് സവാളപോലും കയറ്റി അയക്കാന്‍ സാധിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more