തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിവില കുത്തനെ കൂടുന്നു. ശബരിമല സീസണ്‍ ആരംഭിച്ചത് കാരണം പച്ചക്കറികളുടെ ഉപയോഗം വര്‍ധിച്ചതും തമിഴ്‌നാട്ടില്‍ കനത്ത മഴ കാരണം ഉല്‍പാദനം കുറഞ്ഞതുമാണ് വിലവര്‍ധനയ്ക്ക് കാരണം.
മിക്ക പച്ചക്കറികളുടേയും വില 20 ദിവസം കൊണ്ട് ഇരട്ടിയിലധികമായിരിക്കുകയാണ്. തക്കാളിയുടെ വില കിലോയ്ക്ക് 100 രൂപ കടന്നു. തമിഴ്‌നാട്ടിലെ മൊത്തവിതരണ കേന്ദ്രങ്ങളില്‍ നിന്നും ലേലത്തിലെടുക്കുമ്പോള്‍ തന്നെ തക്കാളി കിലോയ്ക്ക് 66 രൂപയോളമാണ് വില. ഇതാണ് കേരളത്തിലെത്തുമ്പോള്‍ നൂറ് കടക്കുന്നത്.
മിക്ക പച്ചക്കറികളുടേയും സ്ഥിതി ഇത് തന്നെയാണ്. മഴ കാരണം തമിഴ്‌നാട്ടില്‍ കൃഷിനാശം സംഭവിച്ചതോടെ കേരളത്തിലെത്തുന്ന പച്ചക്കറികളുടെ അളവിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
ശബരിമല സീസണ്‍ ആരംഭിച്ചതോടെ തമിഴ്‌നാട്ടിലും പച്ചക്കറി ഉപയോഗം കുത്തനെ കൂടിയിട്ടുണ്ട്. കേരളത്തില്‍ എത്തുന്ന പച്ചക്കറിയുടെ അളവ് കുറയുന്നതില്‍ ഇതും ഒരു കാരണമായി.
അടുത്ത വര്‍ഷം ജനുവരി വരെയെങ്കിലും പച്ചക്കറികളുടെ വില വര്‍ധനവ് ഇത്തരത്തില്‍ തുടരുമെന്നാണ് തമിഴ്‌നാട്ടിലെ കര്‍ഷകരും വ്യാപാരികളും പറയുന്നത്.
അതേസമയം പച്ചക്കറിവില നിയന്ത്രിക്കുന്നതിന് വേണ്ടി കേരളസര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. കേരളം പ്രധാനമായും ആശ്രയിക്കുന്ന കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി സഹകരിച്ച് കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറി വാങ്ങി വിപണിയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. വി.എഫ്.പി.സി, ഹോര്‍ട്ടികോര്‍പ്പ് എന്നിവയിലൂടെ മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനകളുമായി ബന്ധപ്പെട്ടാണ് പച്ചക്കറി എത്തിക്കുന്നത്.
ഇത്തരത്തിലുള്ള ആദ്യ ലോഡ് പച്ചക്കറി കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിയിരുന്നു.
വില നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും പച്ചക്കറി മൊത്തക്കച്ചവടക്കാര്‍ മനപൂര്‍വ്വം വിലവര്‍ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ നടപടിയെടുക്കുമെന്നുമാണ് കൃഷിമന്ത്രി പി. പ്രസാദ് പ്രതികരിച്ചത്.