Kerala
'ഇടതുപക്ഷത്ത് നിന്ന് മാറിയപ്പോഴാണ് പലതും പഠിച്ചത്'; വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇടതിനൊപ്പം ചേരാനാഗ്രഹിക്കുന്നുവെന്ന് വീരേന്ദ്രകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 02, 03:41 pm
Friday, 2nd March 2018, 9:11 pm

മലപ്പുറം: വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇടതുമുന്നണിക്കൊപ്പം ചേരാനാണ് താല്‍പ്പര്യമെന്ന് ജനതാദള്‍ നേതാവ് എം.പി വീരേന്ദ്രകുമാര്‍. മലപ്പുറത്ത് സി.പി.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ സംസാരിക്കവെയാണ് വീരേന്ദ്രകുമാര്‍ തന്റെ നിലപാട് പരസ്യമായി പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലിരിക്കെയാണ് വീരേന്ദ്രകുമാറിന്റെ പരാമര്‍ശം. കുറച്ചുകാലം മുന്നണിയില്‍ നിന്ന് മാറി നിന്നത് കൊണ്ട് ഇടത് പക്ഷത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

“മതനിരപേക്ഷതയ്ക്കുവേണ്ടിയും വര്‍ഗീയതയ്ക്കെതിരേയും അവസാനനിമിഷം വരെ പോരാടാന്‍ തയാറാണ്. അങ്ങനെയുള്ള പോരാട്ടത്തിന് ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ. ഇന്ത്യയില്‍ ഇടതുപക്ഷത്തിന് മാത്രമേ ഇനി ഭാവിയുള്ളൂവെന്നും ഇതിന്റെ ഭാഗമാകാന്‍ തന്നെയും അനുവദിക്കണം.”

ജനതാദള്‍ കേന്ദ്രനേതൃത്വം എന്‍.ഡി.എയുമായി സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്ന് വീരേന്ദ്രകുമാര്‍ എം.പി സ്ഥാനമൊഴിഞ്ഞിരുന്നു. പിന്നീട് സംസ്ഥാനത്ത് യു.ഡി.എഫ് മുന്നണിയുമായുള്ള ബന്ധവും വിച്ഛേദിച്ചു.