[]പാലക്കാട്: കൊക്കൊക്കോള കമ്പനിക്ക് വേണ്ടി സോഷ്യലിസ്‌റ് ജനത നേതാവ് എം.പി ##വീരേന്ദ്രകുമാര്‍ പ്രവര്‍ത്തിച്ചെന്ന് പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരസമിതി. []
കൊക്കൊക്കോള കമ്പനിക്കെതിരായ സമരം ശക്തമായ സാഹചര്യത്തില്‍ കൊക്കകോള പ്ലാന്റ് പൂട്ടുന്നതിന് പകരം മാമ്പഴച്ചാര്‍ ഫാക്ടറിയാക്കാമെന്ന നിര്‍ദ്ദേശമാണ് വീരേന്ദ്രകുമാര്‍ മുന്നോട്ടു വെച്ചതെന്നും സമര സമിതി ആരോപിച്ചു.
സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട മുന്‍ എം.എല്‍.എ കെ. കൃഷ്ണന്‍കുട്ടി ഇതുസംബന്ധിച്ച് വീരേന്ദ്രകുമാറിനെതിരെ ഉന്നയിച്ച ആരോപണം വെള്ളിയാഴ്ച്ച പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സമരസമിതി നേതാക്കള്‍ ശരിവെച്ചു.
പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍, ഐക്യദാര്‍ഢ്യസമിതി കണ്‍വീനര്‍മാരായ എം. സുലൈമാന്‍, കെ.വി. ബിജു, ഐക്യദാര്‍ഢ്യസമിതി മുന്‍ ചെയര്‍മാന്‍ എന്‍.പി. ജോണ്‍സണ്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചത്.
പ്‌ളാച്ചിമടയില്‍ കൊക്കകോള സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ പഠിക്കാന്‍ ഉന്നതാധികാര സമിതിയെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായ സമയത്താണ് മാമ്പഴച്ചാര്‍ ഫാക്ടറി എന്ന നിര്‍ദേശം അംഗീകരിപ്പിക്കാന്‍ എം.പി. വീരേന്ദ്രകുമാര്‍ ശ്രമം നടത്തിയതെന്ന് വിളയോടി വേണുഗോപാല്‍ പറഞ്ഞു.
പൂട്ടിയ കോള പ്ലാന്റിന് പകരം മാമ്പഴച്ചാര്‍ സംസ്‌ക്കരണ പ്ലാന്റ് തുടങ്ങാന്‍ കൊക്കകോളയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീരേന്ദ്രകുമാര്‍ സമീപിച്ചതെന്നും കമ്പനിക്ക് അനുകൂലമായി നിലപാടെടുക്കാന്‍ ആവശ്യപ്പെട്ട് വീരേന്ദ്രകുമാര്‍ ചര്‍ച്ച നടത്തിയെന്നും സമിതി ആരോപിച്ചു. സമര സമിതി വ്യക്തമാക്കി.
ഇതിന് പുറമെ വീരേന്ദ്രകുമാര്‍ താത്പര്യമെടുത്ത് നടത്തിയ ലോക ജലസമ്മേളനവുമായി ബന്ധപ്പെട്ട ആരോപണങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള “മാതൃഭൂമി” പണം വാങ്ങിയെന്ന ആരോപണവും അന്വേഷിക്കണമെന്നും സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.
ആദ്യം കോള വിരുദ്ധ നിലപാടെടുത്ത വീരേന്ദ്രകുമാര്‍ പിന്നീട് കോളയ്ക്ക് അനുകൂല നിലപാടെടുക്കാന്‍ തന്നെ നിര്‍ബ്ബന്ധിച്ചുവെന്ന് കൃഷ്ണന്‍കുട്ടി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ വീരേന്ദ്രകുമാര്‍ ഈ ആരോപണം നിഷേധിച്ച സാഹചര്യത്തിലാണ് കോള വിരുദ്ധ സമര സമിതി രംഗത്തെത്തിയത്.
പ്ലാച്ചിമടയില്‍ 48 മണിക്കൂര്‍ നിരാഹാര സമരം ആരംഭിച്ച സമയത്താണ് കെ കൃഷ്ണന്‍കുട്ടി പ്ലാച്ചിമട സമരപ്പന്തലിലെത്തി ഈ നിര്‍ദേശം ചര്‍ച്ച ചെയ്തത്. എന്നാല്‍, സമരപ്പന്തലിലുണ്ടായിരുന്നവരെല്ലാം നിര്‍ദ്ദേശത്തെ എതിര്‍ത്തു. പിന്നീട് കൃഷ്ണന്‍കുട്ടി തന്നെയാണ് വീരേന്ദ്രകുമാറുമായുള്ള കൂടിക്കാഴ്ചക്കു ക്ഷണിച്ചത്.
പാലക്കാട് “ഇന്ദ്രപ്രസ്ഥ” ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. “മാമ്പഴച്ചാര്‍ ഫാക്ടറി എന്ന നിര്‍ദ്ദേശം അംഗീകരിച്ചു കൂടേയെന്നായിരുന്നു വീരേന്ദ്രകുമാറിന്റെ ചോദ്യം. വീരേന്ദ്രകുമാറിന്റെ ആവശ്യം മറ്റുള്ളവരോട് ചര്‍ച്ച ചെയ്‌തെങ്കിലും സമരഐക്യദാര്‍ഢ്യസമിതിയുടെ സംയുക്തയോഗം ഈ ആവശ്യം തള്ളി.
സമരഐക്യദാര്‍ഢ്യസമിതികള്‍ അന്നു പത്രക്കുറിപ്പിറക്കുകയും ചെയ്തിരുന്നു. സമരക്കാരുടെ അഭിഭാഷകനെ മാറ്റാന്‍ രണ്ടു കോടി രൂപ പെരുമാട്ടി പഞ്ചായത്തു പ്രസിഡന്റിനു വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തെപ്പറ്റി അന്വേഷണം വേണമെന്നും സമരഐക്യദാര്‍ഢ്യ സമിതികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നേരിട്ട് ചര്‍ച്ച നടത്തുന്നതിന് മുമ്പായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വീരേന്ദ്രകുമാര്‍ കെ കൃഷ്ണന്‍കുട്ടിയെ സമരപ്പന്തലിലേക്കും അയച്ചിരുന്നു. ഈ രണ്ട് ചര്‍ച്ചകളിലും മാമ്പഴച്ചാര്‍ സംസ്‌ക്കരണ ശാല തുടങ്ങാനുള്ള കൊക്കകോളയുടെ നീക്കം അനുവദിക്കാനാവില്ലെന്ന നിലപാടാണ് തങ്ങള്‍ എടുത്തതെന്നും കോളവിരുദ്ധ സമിതി വ്യക്തമാക്കി.
കൊക്കകോളയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ചെയ്തികള്‍ പുറത്തു വന്നു കൊണ്ടിരിക്കെ നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിനെക്കുറിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ഈ മാസം മുഖ്യമന്ത്രിയുടെ വീട്ടുപടിക്കലേക്കു മാര്‍ച്ച് നടത്തുമെന്നും കൊക്കകോളക്കെതിരെ നടത്തുന്ന ഭൂമി പിടിച്ചെടുക്കല്‍ അടക്കമുള്ള സമരങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും സമരസമിതി അറിയിച്ചു.