| Monday, 10th June 2013, 1:10 pm

കൊക്കക്കോളയ്ക്ക് വേണ്ടി കോഴ: കൃഷ്ണന്‍ കുട്ടിക്ക് ബുദ്ധിഭ്രമമെന്ന് വീരേന്ദ്ര കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പാലക്കാട്: കുത്തക കമ്പനിയായ കൊക്കകോളക്ക് വേണ്ടി അനുകൂല നിലപാടെടുക്കാന്‍ വീരേന്ദ്ര കുമാര്‍ കമ്പനി ഓഫീസര്‍ അഗര്‍വാളിനൊപ്പം തന്നെ സമീപിച്ചെന്നും രണ്ട് കോടി രൂപയും ബാംഗ്ലൂരില്‍ വീടും വാഗ്ദാനം ചെയ്തെന്നുമുള്ള കെ. കൃഷ്ണന്‍ കുട്ടിയുടെ ആരോപണത്തിനെതിരെ എം.പി വീരേന്ദ്ര കുമാര്‍ രംഗത്തെത്തി.

ഇത്തരമൊരു സംഭവം ആദ്യമായി കേള്‍ക്കുകയാണെന്നും കൃഷ്ണന്‍ കുട്ടിക്ക് ബുദ്ധിഭ്രമം സംഭവിച്ചെന്നും വീരേന്ദ്രകുമാര്‍ പ്രതികരിച്ചു. അഗര്‍വാള്‍ എന്ന വ്യക്തിയുടെ പേര് ആദ്യമായി കേള്‍ക്കുകയാണ്. []

കൊക്കക്കോള കമ്പനിക്കെതിരെ സുപ്രീം കോടതിയില്‍ വക്കീലിനെ ഏര്‍പ്പാടാക്കിയത് താനാണ്. ഞാന്‍ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന് കമ്പനി പറയട്ടെ.

കൊക്കക്കോളയ്‌ക്കെതിരായി സമരം നടത്തിയത് ഞങ്ങളാണ്. ഫ്രൂട്ട് ജ്യൂസ് കമ്പനിയെന്ന് തെറ്റിദ്ധരിപ്പിച്ചെന്നൊക്കെ പറയുന്നത് അസംബന്ധമാണ്. കൊക്കൊക്കോള കമ്പനിക്ക് പെരുമാട്ടി പഞ്ചായത്തില്‍ ലൈസന്‍സ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടത് കൃഷ്ണന്‍കുട്ടിയാണ്.

അതിന് വേണ്ടി പ്രവര്‍ത്തിച്ചതും അയാളാണ്. പെരുമാട്ടി പഞ്ചായത്തിന് വേണ്ടി കേസ് കൊടുത്തത് ഞാനാണ്. ജെ.പി.സിക്ക് മുമ്പായി റിപ്പോര്‍ട്ട് കൊടുത്തത് താനാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

ഈശ്വരനാമത്തില്‍ ഈ ആരോപണം നിഷേധിക്കാന്‍ കഴിയുമോ എന്നാണ് കൃഷ്ണന്‍ കുട്ടി ചോദിച്ചത്. എന്നാല്‍ ദൈവനാമത്തില്‍ സത്യം ചെയ്തത് നിഷേധിക്കുകയല്ല ചെയ്യുക.

ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ മറുപടിയാണ് പറയുകയെന്നും അദ്ദേഹം പറഞ്ഞു.

കുത്തക കമ്പനിയായ കൊക്കകോളക്ക് വേണ്ടി സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടീ നേതാവായ എം.പി വീരേന്ദ്രകുമാര്‍ തന്നെ സമീപിച്ചെന്ന് കെ. കൃഷ്ണന്‍ കുട്ടിയാണ് ആരോപിച്ചത്.

പ്ലാച്ചിമടയില്‍ ഫ്രൂട്ട് ജ്യൂസ് കമ്പനി തുടങ്ങാന്‍ അനുമതി തേടിയാണ് വീരേന്ദ്രകുമാര്‍ അമേരിക്കന്‍ കോള കമ്പനിയില്‍ നിന്നും വന്ന പി.ആര്‍.ഒ അഗര്‍വാളിനൊപ്പമാണ് എത്തിയതെന്നും സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടിയില്‍ നിന്ന് അടുത്തിടെ പുറത്തു പോയ മുതിര്‍ന്ന നേതാവ് കെ കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി.

കൊക്കകോളക്കെതിരെ പോരാട്ടം നടത്തിയിട്ട് കാര്യമില്ലെന്നും, മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഉണ്ടാവണമെങ്കില്‍ കോള കമ്പനിക്കൊപ്പം നില്‍ക്കണമെന്നും വീരേന്ദ്രകുമാര്‍ തന്നോട് ആവശ്യപ്പെട്ടതായി കെ കൃഷ്ണന്‍ കുട്ടി അറിയിച്ചു.

എന്നാല്‍ ഇതിനെ താന്‍ എതിര്‍്ക്കുകയാണ് ചെയ്തതെന്നും, തുടര്‍ന്ന് മാസത്തിന് ശേഷം വീരേന്ദ്രകുമാര്‍ വീണ്ടും വന്ന് തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടതായും  അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more