തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ വീരസിംഹ റെഡ്ഡി ഈ മാസം 12നാണ് തിയേറ്ററുകളില്‍ പ്രദര്ശനത്തിനത്തിനെത്തിയത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ യലമന്‍ചിലിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഇന്ത്യക്കു പുറമെ മറ്റു രാജ്യങ്ങളിലും ചിത്രം റിലീസിനെത്തിയിരുന്നു. യു.എസില്‍ ചിത്രം പ്രദര്ശിപ്പിക്കുന്നതിനിടക്ക് ആരാധകര്‍ പേപ്പര്‍ കീറിയിട്ട് ആവേശം കാണിച്ചിരുന്നു. ഇതിനു പിന്നാലെ അവിടെ പ്രദര്‍ശനം നിര്‍ത്തിവെക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്.
ആരാധകരുടെ ആവേശകൂടുതല് കാരണം സിനിമ പ്രദര്‍ശനം നിര്‍ത്തി വെക്കുകയും. എല്ലാവരോടും പുറത്തുപോകാന്‍ പറയുന്ന സുരക്ഷ ഉദ്യോഗസ്ഥനെയും വിഡിയോയില്‍ കാണാം.
‘ഇത്തരം ഒരു സിറ്റുവേഷന് ആദ്യമായാണ് ഇവിടെ ഉണ്ടാകുന്നത്. ഇതാദ്യമായല്ല തെലുങ്ക് ചിത്രങ്ങളോ അല്ലെങ്കില്‍ മറ്റു ഇന്ത്യന്‍ ചിത്രങ്ങളോ ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്. പക്ഷെ ഇങ്ങനെ ഒരു സിറ്റുവേഷന് ഇതാദ്യമായാണ് ഉണ്ടാകുന്നത്.
ഇപ്പോഴുണ്ടായത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല. ഇത് പോലൊരു പ്രശ്നം ഞങ്ങളിതു വരെ അഭിമുഖീകരിച്ചിട്ടില്ല. അതുകൊണ്ട് എല്ലാവരും ദയവ് ചെയ്ത് പുറത്തു പോകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്,’ എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥന് വീഡിയോയില്‍ പറയുന്നത്.
കന്നഡ നടന് ദുനിയാ വിജയ് ആണ് വീരസിംഹ റെഡ്ഡിയില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത്. ഗോപിചന്ദ് മാലിനേനിയാണ് ചിത്രത്തിന്റെ സംവിധായകന്. ശ്രുതി ഹാസനും ഹണി റോസുമാണ് നായികാ വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.
കെ. എസ് രവീന്ദ്രയുടെ സംവിധാനത്തില്‍ ചെയ്ത് ചിരഞ്ജീവി പ്രധാന വേഷത്തില്‍ എത്തിയ ആക്ഷന്‍ കോമഡി ചിത്രം വാള്‍ട്ടയര്‍ വീരയ്യയാണ് ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡിക്കൊപ്പം റിലീസിനെത്തിയ ചിത്രം. ഇരുവരുടെയും ആരാധകര്‍ ആവേശത്തോടെയാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്.
content highlight: Veerasimha Reddy movie suspended from theatres