|

'നികുതി ഭീകരവാദവും അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗവും ഭയപ്പെടുത്തുന്നത്'; ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതികരിച്ച് വീരപ്പ മൊയ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നികുതി ഭീകരവാദവും രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനായി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നതും ഭയപ്പെടുത്തുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം. വീരപ്പ മൊയ്‌ലി. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹം വാര്‍ത്താക്കുറിപ്പ് പുറപ്പെടുവിച്ചത്.

കഫേ കോഫി ഡേ സി.എം.ഡി സിദ്ധാര്‍ഥയുടെ ആത്മഹത്യയും അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പും നികുതി ഭീകരവാദം എന്തെന്നു കാണിച്ചു തന്നെന്നും മൊയ്‌ലി പറഞ്ഞു.

ശിവകുമാര്‍ ഒരു രാഷ്ട്രീയക്കാരന്‍ മാത്രമല്ല, ഒരു മുന്‍ മന്ത്രിയും നിക്ഷേപകനും കൂടിയാണ്. അന്വേഷണം നടത്താം. പക്ഷേ അതൊരിക്കലും രാഷ്ട്രീയ ഉദ്ദേശ്യത്തോടു കൂടിയാവരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യവസായികളെ കുറ്റക്കാരായി കാണുന്ന സമീപനമാണുള്ളതെന്നു വ്യവസായിയായ കിരണ്‍ മജുംദാര്‍ ഷാ പറഞ്ഞതും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ശിവകുമാറിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. കര്‍ണാടകത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണു വാഹനം തടഞ്ഞത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് അല്‍പ്പസമയം മുന്‍പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.

ദല്‍ഹിയില്‍ എന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്തിനു മുന്നില്‍വെച്ചാണ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണു ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ശിവകുമാര്‍ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആദ്യഘട്ടത്തില്‍ നല്‍കുന്ന വിശദീകരണം. ഏഴുകോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് ശിവകുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ആരോപിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഓഗസ്റ്റ് 30 നും 31 നും അദ്ദേഹം ഇ.ഡിക്ക് മുന്‍പില്‍ ഹാജരായ അദ്ദേഹം താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

അറസ്റ്റ് തടയണണമെന്ന ശിവകുമാറിന്റെ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി സമന്‍സ് അയച്ചത്.

പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളെ ബി.ജെ.പി വേട്ടയാടുകയാണെന്നും കേസിനെ നിയമപരമായി തതന്നെ നേരിടുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു. അധികാര ദുര്‍വിനിയോഗമാണ് ബി.ജെ.പി നടത്തുന്നതെന്നും പ്രതിപക്ഷ നേതാക്കളാണ്അവരുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.

പൊതുജനങ്ങള്‍ക്കിടയില്‍ പേരുള്ള നേതാക്കള്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ചുമത്തിയും ഗൂഢാലോചന നടത്തിയും കേസുകളില്‍ കുടുക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു.

തന്റെ മകന്റെ വളര്‍ച്ചയില്‍ അസൂയപൂണ്ടവരാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു കേസ് കെട്ടിച്ചമച്ചതെന്നും സഹാനുഭൂതിയെന്ന ഒരു വികാരം ബി.ജെ.പിക്ക് ഇല്ലെന്നും ഡി.കെയുടെ അമ്മ പ്രതികരിച്ചിരുന്നു.

ഗണശ ചതുര്‍ത്ഥി പ്രമാണിച്ച് ഹാജരാകുന്നതിന് ഒരു ദിവസത്തെ സാവകാശം ശിവകുമാര്‍ ചോദിച്ചിരുന്നെങ്കിലും ഇ.ഡി അനുവദിച്ചിരുന്നില്ല. വീട്ടില്‍ നടക്കുന്ന പ്രത്യേക പൂജകളിലൊന്നും പങ്കെടുക്കാനാവാതെയായിരുന്നു ശിവകുമാര്‍ ദല്‍ഹിക്ക് തിരിച്ചത്.