എ.കെ.ജിയെയും കൃഷ്ണപ്പിള്ളയെയും ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെയും തേടിപ്പിടിക്കുമോ: രജീഷിനെതിരായ നടപടിയ്‌ക്കെതിരെ കവി വീരാന്‍കുട്ടി
Daily News
എ.കെ.ജിയെയും കൃഷ്ണപ്പിള്ളയെയും ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെയും തേടിപ്പിടിക്കുമോ: രജീഷിനെതിരായ നടപടിയ്‌ക്കെതിരെ കവി വീരാന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th December 2016, 11:26 am

veerankutty


ഇനി അടുത്തപടിയായി അവര്‍ കൃഷ്ണപിള്ള , എ.കെ.ജി , ഇ.എം.എസ് തുടങ്ങിയവര്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യം കൊടുത്തവരെയും പൊക്കുമോ? വിപ്ലവം ഉടനെ വരുമെന്നു തന്നെയാണ് തോന്നുന്നത്. അത് പോലീസുകാരന്റെ തോക്കിന്‍ കുഴലിലൂടെ ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും…..”


കോഴിക്കോട്: നിലമ്പൂര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്‌റ് നേതാവിന്റെ മൃതദേഹസംസ്‌കരിക്കാന്‍ സൗകര്യമൊരുക്കിയതിന്റെ പേരില്‍ രജീഷ് കൊല്ലങ്കണ്ടിയെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്ത നടപടിയ്‌ക്കെതിരെ കവി വീരാന്‍കുട്ടി. എ.കെ.ജിയെയും പി. കൃഷ്ണപ്പിള്ളയെയും പോലുള്ള നേതാക്കളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെയും തേടിപ്പിടിച്ചു പോകുമോയെന്ന ചോദ്യമുയര്‍ത്തിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ:
“ഇനി അടുത്തപടിയായി അവര്‍ കൃഷ്ണപിള്ള , എ.കെ.ജി , ഇ.എം.എസ് തുടങ്ങിയവര്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യം കൊടുത്തവരെയും പൊക്കുമോ? വിപ്ലവം ഉടനെ വരുമെന്നു തന്നെയാണ് തോന്നുന്നത്. അത് പോലീസുകാരന്റെ തോക്കിന്‍ കുഴലിലൂടെ ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും…..”
rajeesh
കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാന്‍ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് രജീഷിനെ സസ്‌പെന്റ് ചെയ്തത്. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗമായ രജീഷ് കോഴിക്കോട് ഗവണ്‍മെന്റ് പോളിടെക്‌നിക് ജീവനക്കാരനാണ്.


Also Read: നോവലില്‍ ദേശീയഗാനത്തെ അധിക്ഷേപിച്ചെന്നാരോപണം; എഴുത്തുകാരനെതിരെ പൊലീസ് കേസ്


രജീഷിനെതിരെ യു.എ.പി.എ ചുമത്താന്‍ മാനന്തവാടി പൊലീസ് കല്‍പ്പറ്റ കോടതിയെ സമീപിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിന്റെ പേരില്‍ കേസ് നിലവിലുള്ള രാവുണ്ണിയ്ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ചെയ്തുകൊടുത്തു എന്നാരോപിച്ചാണ് രജീഷിനെതിരെ മാനന്തവാടി പൊലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്.


Also Read:ബലാത്സംഗത്തിന് ഇരയായവള്‍ക്ക് നിങ്ങളുടെ ക്ലാസല്ല വേണ്ടത്, പിന്തുണയാണ്: സഹപ്രവര്‍ത്തകര്‍ക്ക് ഒരു പൊലീസുകാരന്റെ കത്ത്


കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയുടെ കത്ത് പ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ രജീഷിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും ഇതിനാല്‍ 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ട നിയമപ്രകാരം ജീവനക്കാരനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുന്നു എന്നുപറഞ്ഞാണ് രജീഷിനെതിരെ നടപടിയെടുത്തത്.