സുഗതകുമാരി ടീച്ചര്‍ സൈലന്റ് വാലിയുടെ ജീവന്‍ കാത്തത് തെറ്റ്, ഗ്രെറ്റ തന്‍ബര്‍ഗ്, നീ കേരളത്തില്‍ ജനിക്കാഞ്ഞത് ഭാഗ്യം!
DISCOURSE
സുഗതകുമാരി ടീച്ചര്‍ സൈലന്റ് വാലിയുടെ ജീവന്‍ കാത്തത് തെറ്റ്, ഗ്രെറ്റ തന്‍ബര്‍ഗ്, നീ കേരളത്തില്‍ ജനിക്കാഞ്ഞത് ഭാഗ്യം!
വീരാന്‍ കുട്ടി
Monday, 2nd January 2023, 8:46 pm

ഫേസ്ബുക്കില്‍ എന്താണു നടന്നതെന്നറിയാന്‍ പലരും വിളിക്കുന്നു. അവര്‍ക്കായി പരിസ്ഥിതി വിരുദ്ധ വാദക്കാരുടെ നിലപാടിനെതിരെ ഞാനിട്ട മുഴുവന്‍ പോസ്റ്റും ഇവിടെയിടുന്നു. പുതുവത്സര പോസ്റ്റായി ഈ ഗ്രൂപ്പില്‍ പെട്ട ടെഡി എന്ന ഒരാളുടെ ആഹ്‌ളാദ പ്രകടനം വായിക്കാനിടയായി. 2022 തനിക്ക് സന്തോഷം തന്ന വര്‍ഷമാണെന്നും കേരളത്തിലെ കവികളും കപട പരിസ്ഥിതിവാദികളും സൃഷ്ടിച്ച കുറ്റബോധത്തില്‍ നിന്നും മലയാളിയെ രക്ഷിക്കാന്‍ കഴിഞ്ഞു എന്നുമായിരുന്നു അതിലെ ഉള്ളടക്കം. കേരളത്തിലെ മൃഗങ്ങളുടെ എണ്ണവും വനവിസ്തൃതിയും വര്‍ദ്ധിച്ചത് ഡാറ്റയുടെ അടിസ്ഥാനത്തില്‍ പ്രൂവ് ചെയ്യാന്‍ കഴിഞ്ഞതു സന്തോഷത്തിനു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റബോധമില്ലാതെ വനം വെട്ടുകയും യഥേഷ്ടം ക്വാറികള്‍ തുടങ്ങുകയുമാണ് കേരളത്തില്‍ ഉടനെ വേണ്ടത് എന്നതായിരുന്നു ആ പോസ്റ്റിന്റെ താല്‍പര്യം. അതില്‍ വന്ന കമന്റുകള്‍ അതിനേക്കാള്‍ പരിസ്ഥിതി വിരുദ്ധ ആശയങ്ങള്‍ നിറഞ്ഞതായിരുന്നു. അതിനെ സൂചിപ്പിച്ചായിരുന്നു എന്റെ ആദ്യ പോസ്റ്റ്.

കാല്പനിക പ്രകൃതിവാദികളേ സ്റ്റാന്റ് വിട്ടോളൂ
ഇതാ എത്തിപ്പോയി പുത്തന്‍ കുറ്റബോധമുക്തിസേന !
ഇനി നമുക്ക്
കുറ്റബോധമില്ലാതെ കുന്നിടിക്കാം
കുറ്റബോധമില്ലാതെ അനധികൃത കരിങ്കല്‍ ക്വാറി നടത്താം
കുറ്റബോധമില്ലാതെ മണലൂറ്റാം
കുറ്റബോധമില്ലാതെ കാട് തരിശാക്കാം…
അതിനു മാത്രം കാടും
അതിനു മാത്രം കുന്നും
അതിനു മാത്രം പുഴയും ഇവിടെയുള്ളപ്പോള്‍ നമ്മുടെ സുഖം നാമായിട്ടെന്തിനു വേണ്ടെന്നു വെക്കണം?
വരൂ നമുക്ക് കുറ്റബോധമില്ലാത്തവരായി
കേരളത്തിന്റെ അടിക്കല്ല് മാന്താം.
സുഗതകുമാരി ടീച്ചറും പരിഷത്തും ചേര്‍ന്ന് സൈലന്റ് വാലിയുടെ ജീവന്‍ കാത്തത് തെറ്റ്,
അട്ടപ്പാടിയിലെ മൊട്ടക്കുന്നുകളെ കാടാക്കി മാറ്റിയതു തെറ്റ്,


വര്‍ഷങ്ങളായി വനം വകുപ്പും
നൂറായിരം സംഘടനകളും മരത്തൈ മരത്തൈ എന്നു
നാടാകെ വിളിച്ചു കൂവിയത് തെറ്റ്,
പരിസ്ഥിതി സമരങ്ങള്‍
പ്രബന്ധരചന
ചിത്രംവര
കവിതയെഴുത്ത്
എല്ലാമെല്ലാം അടിയങ്ങളുടെ വലിയ പിഴ വലിയ പിഴ.
പ്രിയപ്പെട്ട ഗ്രെറ്റ തന്‍ബര്‍ഗ് !
നീ കേരളത്തില്‍ ജനിക്കാഞ്ഞത് ഭാഗ്യം!
അല്ലായിരുന്നെങ്കില്‍ മലയാളിയുടെ മരംമുറിജന്യ കുറ്റബോധത്തിന് നീയും സമാധാനം പറയേണ്ടിവന്നേനെ!
കുറ്റബോധമുക്തിവാദത്തിന്റെ പൊരുള്‍ ഏതാണ്ടിതുപോലെയാണ്:
ഭൂമിയില്‍ ആവശ്യത്തിലേറെ മനുഷ്യരുണ്ട്.
ഹിംസിക്കാനുള്ള ത്വര മനുഷ്യസഹജവുമാണ്. ആകയാല്‍ നമുക്ക്
കുറ്റബോധമില്ലാതെ
മനുഷ്യരെ കൊല്ലുന്നവരാകാം.
………………………………………………………………..

കമന്റ് ബോക്‌സില്‍ പരിസ്ഥിതി വിരുദ്ധ വാദവുമായി വന്നവരില്‍ ഇടതുപക്ഷ ചിന്തകരെ കണ്ടപ്പോള്‍ ഞാനിങ്ങനെ എഴുതി.
പോസ്റ്റ് – 2
മരക്കുറ്റബോധ നിര്‍മാര്‍ജന സൈബര്‍സേനയില്‍ ഇടതുപക്ഷ പോരാളികളെ കൂടുതലായി കാണുന്നു. അവര്‍ക്കായി ഒരു
കുറ്റബോധപ്പാട്ട്
കുഞ്ഞുന്നാളില്‍
ബാലസംഘത്തിന് പോയപ്പോള്‍
ചേട്ടന്മാര്‍ പാടിത്തന്നു:
‘ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ?’
യുറീക്ക വായിക്കാന്‍ തന്ന മാമന്‍ പറഞ്ഞു:
‘സൈലന്റ് വാലി, പശ്ചിമഘട്ടം, പ്രളയം, മാധവ് ഗാഡ്ഗില്‍…’
വിദ്യാര്‍ത്ഥി ഫെഡറേഷന്റെ വനവല്‍ക്കരണ യജ്ഞത്തില്‍
ഉച്ചത്തില്‍ പാടി :
‘ദുരമൂത്ത് നമ്മള്‍ക്ക് പുഴ കറുത്തു,
ചതി മുത്ത് നമ്മള്‍ക്ക് മലവെളുത്തു….’
രക്തനക്ഷത്രം തുന്നിയ പതാകയുമേന്തി
ക്വാറി പൂട്ടിക്കാന്‍ പോയപ്പോള്‍ ചുരുട്ടിയ മുഷ്ടിക്കൊപ്പം
വായില്‍ ചൊറിഞ്ഞുവന്നു:
‘മല തീണ്ടിയശുദ്ധം ചെയ്തവര്‍
തലയില്ലാതൊഴുകണമാറ്റില്‍’
പാര്‍ട്ടി ക്ലാസ്സില്‍ കേട്ട് കോരിത്തരിച്ചു: ബൂര്‍ഷ്വാ വികസന നയം അറബിക്കടലില്‍,
കുത്തകകള്‍ ഗോബാക്ക്..
അതെല്ലാമുള്ളില്‍വെച്ച്
കടല്‍ നികത്താനും
അതിവേഗ പാതയ്ക്കും വേണ്ട
പാറയും മണ്ണും
എവിടെ നിന്നെടുക്കും
എന്നു ചോദിച്ചതേയുള്ളു,
ദംഷ്ട്രയും കൊമ്പും പുറത്തു കാട്ടി
അവര്‍ ഹാജരാക്കാന്‍ കല്പിക്കുന്നു
വീടുകെട്ടാനുപയോഗിച്ച കല്ലിന്റെയും മണ്ണിന്റെയും കണക്ക്,
പഴയ തീവണ്ടി ടിക്കറ്റ്,
വീടിന്റെ ലൊക്കേഷന്‍ മാപ്പ്.
ഇപ്പോള്‍ ശരിക്കും പഠിച്ചു:
പഠിച്ച പാഠങ്ങളെല്ലാം മായ്ക്കാനുള്ളതാണ്,
പാടിയ പാട്ടെല്ലാം
മറക്കാനുള്ളതാണ്..
വികസനത്തിന്റെ കാരണഭൂതര്‍ എഴുന്നള്ളുമ്പോള്‍
വേഗം ചെന്നു നമിക്കാനുള്ളതാണ്.

………………………………………………………

തെറി വിളിച്ചും ഭീഷണി മുഴക്കിയും സംഘടിതമായി എന്നെ കമന്റ് ബോക്‌സില്‍ നേരിടാന്‍ ശ്രമമുണ്ടായപ്പോള്‍ ഇട്ടതാണ് അടുത്ത രണ്ടു പോസ്റ്റ്.

പോസ്റ്റ് – 3
അന്താരാഷ്ട്ര ക്വാറി മുതലാളിയുടെ തോക്കിനെ പേടിച്ചില്ല. പിന്നല്ലേ പാവം മരകുറ്റബോധ നിര്‍മ്മാര്‍ജ്ജന സേനയുടെ സൈബറമ്പുകള്‍…
എന്റെ നാടിനു കോട്ടയായി നിലകൊള്ളുന്ന ചെങ്ങോട് മലയെ കേരളത്തിലെ ഏറ്റവും വലിയ ക്വാറിയാക്കി പൊട്ടിച്ചു കൊണ്ടു പോകാനായിരുന്നു മുതലാളിയുടെ വരവ്. അദാനിക്കു കടല്‍ നികത്താനുള്ള കല്ലായിരുന്നു സ്വപ്‌നത്തില്‍. മൂന്നു വര്‍ഷം നാടൊന്നടങ്കം കുട്ടികളെന്നോ വൃദ്ധരെന്നോ ഇല്ലാതെ വീടുള്ളവരെന്നോ ഇല്ലാത്തവരെന്നോ നോക്കാതെ ആയിരങ്ങള്‍ ഒരുമിച്ച് രാപ്പകല്‍ സമരമുഖത്തിറങ്ങി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അടക്കം മുഴുവന്‍ രാഷ്ടീയ കക്ഷികളും സമരത്തില്‍ ഒരുമിച്ചു നിന്നു. എതിര്‍ ഭാഗത്തുനിന്നും ആക്രമണങ്ങള്‍, കേസുകള്‍, പ്രലോഭനങ്ങള്‍ ഭരണകൂടത്തെ സ്വാധീനിച്ചുള്ള ചടുല നീക്കങ്ങള്‍, അണുകിട വിട്ടുകൊടുക്കാതെ ജനം ഒറ്റനില്‍പ്. മലയ്ക്കു വേണ്ടി കുട്ടികളുടെ ഉഗ്രന്‍ പോരാട്ടം. നാടകം, കവിത, മലയെ ചുറ്റി പതിനായിരം പേരുടെ സംരക്ഷണ വലയം. കോടതി വഴിയുള്ള നീക്കങ്ങള്‍.

ഒടുവില്‍ ചെങ്ങോട് മല തൊട്ടു പോകരുതെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമതി. കോടതിയുടെ ഇടപെടല്‍. ഇടതുപക്ഷ ഗവണ്‍മെന്റിന്റെ അനുകൂല നിലപാട്. ഒടുവിലെന്തായി?
സമരം വിജയിച്ചു.
ആ ചരിത്രപോരാട്ടത്തെ നെഞ്ചുവിരിച്ച് മുന്നില്‍ നിന്നു നയിച്ച അനേകരില്‍ ഒരുവനാണ് ഈ വീരാന്‍കുട്ടി.
വെറുതെ ഉടുക്കു കൊട്ടി പേടിപ്പിക്കല്ലേ.

പോസ്റ്റ് – 4
ഭരണകൂടങ്ങള്‍ നല്‍കുന്ന സ്ഥാനമാനങ്ങള്‍ അക്കാദമികളടക്കമുള്ള സ്ഥാപനങ്ങളിലെ അംഗത്വം, നാവു പണയം വെച്ചാല്‍ കിട്ടുന്ന മറ്റു സുഖ പദവികള്‍ ഒന്നും വേണ്ടെന്ന് പ്രഖ്യാപിക്കുകയും വാഗ്ദാനം നിരസിക്കുകയും ചെയ്ത ഒരെളിയ എഴുത്തുകാരനാണു ഞാന്‍. എയറില്‍ കയറ്റി മടുക്കുമ്പോള്‍ അക്കാര്യം കൂടി ഒന്നോര്‍ക്കണേ മരക്കുറ്റബോധ നിര്‍മ്മാര്‍ജ്ജന സൈബര്‍ സമിതി പോരാളികളേ!

……………………………………………………………..

കമന്റുകളുടെ ഒരു പൊതു ഭാഷ കല്ലും മണലും ഉപയോഗിച്ച് വീടുണ്ടാക്കിയവര്‍ക്ക്, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കന്നവര്‍ക്ക് പരിസ്ഥിതിയെപ്പറ്റി മിണ്ടാന്‍ പാടില്ല എന്ന മട്ടിലായിരുന്നു. എന്റേതല്ലാത്ത വീടിന്റെ പ്രാഫൈല്‍ ചിത്രം വരെ അവരതിന് ഉപയോഗിച്ചു. അതിനുള്ള മറുപടിയാണ് അടുത്ത രണ്ട് പോസ്റ്റുകള്‍.

പോസ്റ്റ് – 5
ഭൂമിയിലെ ഒറ്റ മനുഷ്യനും പ്രകൃതിനാശത്തെപ്പറ്റി മേലാല്‍ മിണ്ടിപ്പോവരുത്.
അതെന്താ ?
കല്ലുകൊണ്ട് തറ കെട്ടി മണ്ണു കൊണ്ട് ചുമരു കെട്ടി വീടുണ്ടാക്കുന്നവരല്ലേ മനുഷ്യര്‍. അവര്‍ക്ക് പരിസ്ഥിതിയെപ്പറ്റി പറയാന്‍ അവകാശമില്ല.
ശരി. മൃഗങ്ങള്‍ക്ക് പ്രതിഷേധമാകാമോ?
പാടില്ല. മല തുരന്നുണ്ടാക്കിയ ഗുഹയില്‍ പാര്‍ക്കുന്ന മൃഗത്തിന് മണ്ണു മാന്തിയെക്കുറിച്ച് പറയാനെന്തവകാശം?
സമ്മതിച്ചു. പക്ഷികള്‍ക്ക് കാല്പനികമായിട്ടെങ്കിലും മരം മരം എന്നു പാടാമോ?
ഒട്ടും പാടില്ല. മരത്തിലുണ്ടാകുന്ന കായ്കനിയെല്ലാം തിന്നുമുടിച്ചിട്ട് മരത്തിനു വേണ്ടി പാടുകയോ?
അപ്പോള്‍ പിന്നെ എന്തുചെയ്യും?
നാം മിണ്ടാതിരിക്കുന്ന തക്കം നോക്കി നമ്മുടെ മലയും കാടും പുഴയുമെല്ലാം മൂലധനശക്തികള്‍ കൊണ്ടു പോയാലോ?
അതു സാരമില്ല. ഇപ്പോള്‍ അവരെ കണ്ടാല്‍ നമ്മളാണെന്നേ തോന്നു. അതിനേക്കാളൊക്കെ വലുതാണ് ഞങ്ങള്‍ സൈബര്‍ വെട്ടുകിളികള്‍ അനുഭവിക്കുന്ന മരക്കുറ്റബോധം. മനസ്സിലായോ ?

പോസ്റ്റ് – 6
ന്യൂയോര്‍ക്ക് സിറ്റിയിലെ യു.എന്‍ ആസ്ഥാനം, ആമസോണ്‍ വനത്തിലെ ഏറുമാടത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ബഹുനില കോണ്‍ക്രീറ്റ് കെട്ടിടത്തിലിരുന്നുകൊണ്ട് പരിസ്ഥിതി വിഷയം സംസാരിക്കുന്നതിനോട് കേരളത്തിലെ ഒരു കൂട്ടം മരക്കുറ്റബോധ ബാധിതര്‍ എതിര്‍പ്പു പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.
യു.എന്‍ പരിസ്ഥിതി പദ്ധതി അണ്ടര്‍ സെക്രട്ടറി ജനറല്‍ ഇംഗര്‍ ആന്‍ഡേഴ്‌സണ്‍ താന്‍ മേലില്‍ കാറില്‍ യാത്ര ചെയ്യില്ലെന്നും തീരുമാനമെടുത്തു. പരിസ്ഥിതിയെപറ്റി പറയുന്നവര്‍ കാര്‍ ഉപയോഗിക്കുന്നതിലെ ഇരട്ടത്താപ്പിനെതിരെ കേരള മരക്കുറ്റബോധ സമിതി നടത്തിയ സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് ഈ തീരുമാനം. പകരം അവരില്‍ നിന്നും അയച്ചു കിട്ടുന്ന കാളവണ്ടിയിലായിരിക്കും ഇനി മുതല്‍ തന്റെ യാത്രയെന്നും അവരറിയിച്ചു. പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ താന്‍ നടത്തിയ ട്വീറ്റ് പിന്‍വലിക്കുന്നതായും അവര്‍ പറഞ്ഞു. ചികിത്സയിലിരുന്നപ്പോള്‍ പ്ലാസ്റ്റിക് സിറിഞ്ച് ഉപയോഗിച്ചതിന്റെ ഫോട്ടോ കുത്തിപ്പൊക്കിയവരോടുള്ള ആദരസൂചകമായിട്ടാണ് അങ്ങിനെ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.

അതിനിടെ ലളിത ജീവിതത്തെപ്പറ്റി പറഞ്ഞ ഗാന്ധിജി വിമാനത്തില്‍ പലവട്ടം സഞ്ചരിച്ചതിന് അദ്ദേഹത്തിന്റെ കുടുംബം മാപ്പു പറയണമെന്ന വാദവും സമിതി ഉയര്‍ത്തുന്നുണ്ട്. ബെര്‍മനിലും മാഞ്ചസ്റ്ററിലും ടെക്‌സ്‌റ്റൈല്‍ ഫാക്ടറിയുണ്ടായിരുന്ന വന്‍ ബൂര്‍ഷ്വയായ ഏംഗല്‍സ്, മുതലാളിത്തത്തെ വിമര്‍ശിച്ചു കൊണ്ട് ഗ്രന്ഥമെഴുതിയതിനെയും സമിതിയിലെ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യുന്നുണ്ട്. കോര്‍പ്പറേറ്റുകള്‍ ഭരണകൂടവുമായി ചേര്‍ന്ന് ഭൂമി കൊള്ളചെയ്യുന്നതിനെതിരെ പ്രതികരിക്കുന്നവരുടെ വീട്ടുനമ്പറും വാഹന റജിസ്‌ട്രേഷനും ഗവേഷണം ചെയ്തു കണ്ടെത്തി അത് മനോഹരമായ ഭാഷയില്‍ അവതരിപ്പിക്കുന്ന കേരളത്തിലെ സൈബര്‍ ഗുണ്ടകളുടെ ബുദ്ധിശക്തിയെ അടുത്ത ഭൗമ ഉച്ചകോടിയില്‍ ആദരിക്കാനും തീരുമാനമായി.

……………………………………………………..

ഡാറ്റകള്‍ വെച്ച് എല്ലാം ശരിയാക്കും എന്നൊരു ലൈനാണ് അവരുടേത്. ഞാനൊരു ഡാറ്റാബാങ്ക് സ്‌പെഷ്യലിസ്റ്റ് അല്ല. ഇന്നുച്ചയ്ക്ക് കൊള്ളുന്ന വെയിലിന്റെ കാഠിന്യമാണെന്റെ ഡാറ്റ. ക്വാറികള്‍ തിന്നു ബാക്കിയിട്ട അസംഖ്യം മലകളാണെന്റെ ഡാറ്റ. എങ്കിലും വനംവകുപ്പ്, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എന്നിവരുടെ ചുരുക്കം ഡാറ്റ ഞാനും വച്ചു. അതോടെ ഡാറ്റാക്കടന്നലുകള്‍ ഇളകി. അതാണ് ഒടുവിലത്തെ പോസ്റ്റ്. ഡാറ്റകള്‍ വച്ചുതന്നെ നമുക്ക് സംസാരിക്കാം.

കേരളത്തിലെ കുടിയേറ്റ മേഖലകളിലടക്കം കാട്ടുമൃഗങ്ങളോടു മല്ലിട്ടു ജീവിക്കേണ്ടിവരുന്ന വലിയൊരു വിഭാഗം സാധാരണ മനുഷ്യരുണ്ട്. ബഫര്‍ സോണ്‍ വിഷയത്തിലടക്കം അവരുടെ ആശങ്ക തീവ്രമായി പങ്കുവെയ്ക്കപ്പെടുന്നുമുണ്ട്. എന്റെ പോസ്റ്റിനു മാന്യമായി കമന്റിട്ട ചിലര്‍ അക്കൂട്ടത്തില്‍ പെട്ടവരാണ്. അവരെ നമുക്ക് മനസ്സിലാകും. അവരില്‍ ആദിവാസികളുണ്ട്. മുമ്പേ ജീവിച്ചുവരുന്ന തദ്ദേശീയരുണ്ട്. പരിസ്ഥിതി കാല്‍പ്പനികത തലയ്ക്കു പിടിച്ച് വനം – ആദിവാസി മേഖലയില്‍ ഭൂമി വാങ്ങി, പ്രകൃതി കൃഷിയെല്ലാം ചെയ്തു ഭൂമിയോടിണങ്ങി ജീവിക്കാമെന്നു സ്വപ്നം കണ്ട്, ശരിക്കും പെട്ടുപോയ ചില പാവം മനുഷ്യരും ഈ കുട്ടത്തിലുണ്ട്. റിസോര്‍ട്ട് തുടങ്ങാനും മറ്റും ഭൂമി വാങ്ങിച്ചു കൂട്ടിയവരെപ്പോലെ, ആദിവാസികളെ പറ്റിച്ച് ഭൂമി കൈവശപ്പെടുത്തിയവരെപ്പോലെ അവരെ കണരുത്.

വിചാരിച്ച പോലെ കൃഷിയോ സംരംഭങ്ങളോ സാധ്യമായില്ല. കാട്ടുമൃഗങ്ങളുടെ ശല്യം പതിന്മടങ്ങ് വര്‍ദ്ധിച്ചു. ഭൂമി കൈമാറ്റംപോലും സാധ്യമാകാതെ വന്നു. സത്യത്തില്‍ അവരായിരുന്നു ശരിക്കും കാല്പനിക പ്രകൃതിവാദികള്‍. തങ്ങള്‍ക്കുണ്ടായ തിരിച്ചടി അവരെ പ്രകൃതി വിരോധത്തിലേക്ക് നയിച്ചിരിക്കാം. ആ വഴിക്ക് രക്ഷപ്പെടാനുള്ള ശ്രമമവര്‍ നടത്തുന്നതാകാം. അവര്‍ക്ക് സൈദ്ധാന്തികരും സൈബര്‍ സംഘവുമുണ്ടായി. അവരുടെ രവിചന്ദ്രന്‍ മോഡല്‍ താത്വികവാദങ്ങളില്‍ ആകൃഷ്ടരായ ചെറുപ്പക്കാരും ഇതിലൊന്നും പെടാത്ത ചില പാവങ്ങളും കേരളത്തില്‍ പുതിയൊരു പരിസ്ഥിതി വിരുദ്ധ ആര്‍മിയുടെ ഭാഗമായി. ബഷീറും സുഗതകുമാരിയും അവരുടെ ശത്രുക്കളായി. കേരളത്തിലെ പരിസ്ഥിതി സ്‌നേഹികളും കവികളുമാണ് തങ്ങളുടെ ദുരവസ്ഥയ്ക്ക് കാരണം എന്ന് അവര്‍ കരുതാന്‍ തുടങ്ങി. എത്ര ശക്തമാണ് അവരുടെ നെറ്റ് വര്‍ക്ക് എന്നറിയാന്‍ എന്റെ പോസ്റ്റുകള്‍ക്കെതിരെ കമന്റ് ബോക്‌സില്‍ വന്ന കൂട്ട ആക്രമണം നോക്കിയാല്‍ മതി. അവരുടെ രോഷം അവരെ രക്ഷിക്കട്ടെ.

എന്നാല്‍ ഒന്നോര്‍ക്കണം. ഇന്ത്യയിലെ വനനിയമങ്ങള്‍, ഭൂമി കൈമാറ്റ നിയമങ്ങള്‍ ഒന്നും കവികള്‍ ഉണ്ടാക്കിയതല്ല. അതുണ്ടാക്കിയതും അതില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ടതും ഭരണകൂടങ്ങളാണ്. അവര്‍ക്കും പരിമിതിയുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും ആദിവാസികളുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിച്ചുകൊണ്ടും വേണം തീരുമാനമെടുക്കാന്‍. ആ നിയമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മുടെ പശ്ചിമഘട്ടം ഇതിനോടകം പൂര്‍ണ്ണമായി ഖനിരാജാക്കന്മാരുടെ കൈകളിലെത്തുമായിരുന്നു എന്ന വസ്തുതയും നാമോര്‍ക്കണം. ആ നിയമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ രവിചന്ദ്രന്‍ സ്വപ്നം കാണുന്നതുപോലെ ആദിവാസികള്‍ തുടച്ചു മാറ്റപ്പെടുമായിരുന്നു എന്നുമറിയുക. അതിന്റെ പാരിസ്ഥിതിക ആഘാതം നാം സങ്കല്പിച്ചതിലും വലുതാകുമായിരുന്നു.

എന്നു കരുതി അതില്‍ കാലാനുസൃതമായ മാറ്റം വരേണ്ട എന്നല്ല. ബാധിത ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടുക തന്നെവേണം. അവരുടെ രക്ഷയ്ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ട്. അക്കാര്യത്തിലൊന്നും പരിസ്ഥിതിവാദികള്‍ എതിരു നില്‍ക്കുന്നുമില്ല.
ഓരോ നാട്ടിലും മുതലാളിമാര്‍ വന്ന് സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുമ്പോള്‍ നില്ക്കക്കള്ളിയില്ലാതെയാണ് മാവൂര്‍ ഉള്‍പ്പെടെ കേരളത്തിലെ പരിസ്ഥിതി സമരങ്ങള്‍ ഉണ്ടായത്. ചെങ്ങോട് മല സമരത്തിന്റെ സാഹചര്യവും വ്യത്യസ്തമല്ല.

കോര്‍പ്പറേറ്റുകള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ മലയിടിക്കാനും ജലസ്രോതസ് അടക്കം ഇല്ലാതാക്കാനും ശ്രമിച്ചാല്‍ ജനം ഇളകും. തീര്‍ച്ചയായും പരിസ്ഥിതി സ്‌നേഹികളും കവികളും അതിനൊപ്പമുണ്ടാകും. കേരളത്തിലെ പ്രകൃതി വിഭവങ്ങളെ ബാലന്‍സിങ് നിലനിര്‍ത്തിക്കൊണ്ട് എടുക്കാനും അതുപയോഗിച്ച് വീടുണ്ടാക്കാനും റോഡുകള്‍ അടക്കമുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും ഇന്നുവരെ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
അവിടെയൊന്നും കവികളോ പരിസ്ഥിതി വാദികളോ തടസ്സവാദവുമായി നിന്നിട്ടില്ല. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ദേശീയ പാത വികസനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് മരങ്ങള്‍ മുറിച്ചു. ആരെങ്കിലും എതിര്‍പ്പുന്നയിച്ചോ? കവിതയെഴുതിയോ? അടിസ്ഥാന വികസനത്തെപ്പറ്റി അവര്‍ക്കും നല്ല ബോധ്യമുണ്ട്. കെ. റെയിലിനെ എതിര്‍ത്തത് ശരിയാണ്. മുന്‍ഗണനാഗണത്തില്‍ വരാത്തതും വന്‍ കടബാധ്യത സംസ്ഥാനത്തിനുണ്ടാക്കുന്നതും സമ്പന്നര്‍ക്കു മാത്രം ഉദ്ദേശിക്കപ്പെട്ടതുമായ ഒരു പദ്ധതി എന്ന നിലയിലാണ് ആ സംവാദം ഉണ്ടായത്. മാത്രവുമല്ല കവികള്‍ പറഞ്ഞതു ശരിയായിരുന്നു എന്നു സ്ഥാപിക്കുന്ന മട്ടില്‍ ആ പദ്ധതി ഏതാണ്ട് ഉപേക്ഷിക്കുന്ന ഘട്ടത്തില്‍ എത്തുകയും ചെയ്തിരിക്കുന്നു.

കേരളത്തിലെ വികസനത്തിന്റെ ശത്രുപക്ഷത്ത് കവികളെയും പരിസ്ഥിതി സ്‌നേഹികളെയും സ്ഥാപിക്കുന്നവര്‍ ഇക്കാര്യമൊന്നും അറിയാത്തവരല്ല. അവര്‍ക്ക് അരിശം തീര്‍ക്കാന്‍ ഒരു ശത്രുവിനെ വേണം. ഭരണകൂടത്തോട് കലഹത്തിനു ചെന്നാല്‍ പണി കിട്ടുമെന്നറിയാം. അതിനാല്‍ പാവം കവികളുടെ മേല്‍ പാഞ്ഞുകയറുക. മരിച്ചു മണ്ണോടുചേര്‍ന്ന സുഗതകുമാരി ടീച്ചറെപ്പോലും ഫ്രോഡെന്നും ക്രിമിനല്‍ എന്നും വിളിച്ച് സായൂജ്യമടയുക. പാരിസ്ഥിതിക കുറ്റബോധവാദമവതരിപ്പിച്ച് കയ്യടി നേടുക. പരിസ്ഥിതി സമ്മേളനങ്ങളെ തടയുക – അങ്ങനെ പോകുന്നു അവരുടെ മോഹഭംഗ മനസ്സിലെ പ്രതികാരങ്ങള്‍.

ഇനി കേരളത്തില്‍ കവര്‍ന്നെടുക്കാന്‍ ആവശ്യത്തിനു പ്രകൃതി വിഭവമുണ്ട് എന്ന വാദത്തെപ്പറ്റി ഒന്നു പറയട്ടെ. ഒന്നര നൂറ്റാണ്ടു മുമ്പ്
കേരളത്തിന്റെ 70% വനമായിരുന്നു. വനം വകുപ്പിന്റെ പുതിയ കണക്കില്‍ അത് ഇപ്പോള്‍ 29 % ആണ്. ഈ കണക്കില്‍ തോട്ടങ്ങളും വനമല്ലാത്ത പരിസ്ഥിതി ലോല പ്രദേശങ്ങളും ഉള്‍പ്പെടും. അപ്പോള്‍ റിസര്‍വ്വ് വനത്തിന്റെ യഥാര്‍ത്ഥ കണക്ക് 20% ന് അടുത്തേ വരൂ. എഴുപതില്‍ നിന്ന് ഇരുപതിലേക്ക് ചുരുങ്ങുന്നത് എങ്ങനെ വളര്‍ച്ചയായി പരിഗണിക്കും?

വനത്തിന്റെ വിസ്തൃതിയില്‍ ഇന്ത്യയിലാകെ വരുന്ന നാമമാത്രമായ വര്‍ദ്ധനവില്‍ കേരളവും പെടും എന്നത് ശരിയാണ്. എന്നാല്‍ വനത്തിനു പുറത്തുള്ള പച്ചപ്പിന്റെ വിസ്തൃതിയില്‍ കുറവും സംഭവിക്കുന്നുണ്ട്. ഇന്ത്യയില്‍ വന വിസ്തൃതിയില്‍ കേരളം ഒന്നാം സ്ഥാനത്താണ് എന്ന മട്ടിലുള്ള വാദങ്ങള്‍ അടിസ്ഥാന രഹിതമാണ്. പതിനാലാം സ്ഥാനമാണ് കേരളത്തിനുള്ളത്.

വന വിസ്തുതി കൂടുന്നു എന്നു സമ്മതിച്ചാല്‍ തന്നെ അതിനു സെലക്ഷന്‍ ഫെല്ലിങ് തടയുന്നതു പോലെയുള്ള നമ്മുടെ മാറിവന്ന വനനിയമങ്ങള്‍, സര്‍ക്കാര്‍ മെഷിനറിയും സംഘടനകളും ചേര്‍ന്ന് പതിറ്റാണ്ടുകളായി നടത്തിയ വനവല്‍ക്കരണയത്‌നം, കവികളും പരിഷത്ത് അടക്കമുള്ള സംഘടനകളും സൃഷ്ടിച്ച പാരിസ്ഥിതിക അവബോധ നിര്‍മ്മിതി എന്നിവയും ചെറിയ തോതിലെങ്കിലും കാരണമായിട്ടുണ്ട് എന്നു സമ്മതിച്ചാല്‍ വല്ല കുറച്ചിലും സംഭവിക്കുമോ? ജനുവരിത്തണുപ്പിലും പുറത്തിറങ്ങാന്‍ പറ്റാത്ത വിധം ചൂടിലും നാം വിയര്‍ക്കുമ്പോള്‍, പരിസ്ഥിതി സൗഹൃദപരമായ സമീപനത്തെ എങ്ങനെ കയ്യൊഴിയും? ഒരു കാര്യം ഉറപ്പാണ്. പലരും പറയുന്നപോലെ കോര്‍പ്പറേറ്റുകള്‍ക്ക് യഥേഷ്ടം കൊള്ളയടിച്ചു കൊണ്ടുപോകാനുള്ള വിഭവങ്ങള്‍ കേരളത്തിലില്ല. കരുതലോടെ ഉപയോഗിച്ചാല്‍ നമ്മുടെ ആവശ്യത്തിനു മുട്ടും വരില്ല.

തമിഴ്‌നാട്ടിലെ പരിസ്ഥിതി നിയമങ്ങള്‍ നമ്മുടേതിനേക്കാള്‍ കടുത്തതാണ്. കുറച്ചു വര്‍ഷം മുമ്പ് നീലഗിരി ജില്ലയിലെ ജനവാസ കേന്ദ്രങ്ങള്‍ നിറഞ്ഞ ഒരു താലൂക്ക് മൊത്തമായി വനത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. സ്ഥലത്തിന്റെ ക്രയവിക്രയം തടഞ്ഞു. റജിസ്റ്റാര്‍ ആപ്പീസ് പൂട്ടി സീല്‍ വച്ചു. ആയിരങ്ങള്‍ ഇന്നും അതിന്റെ ദുരിതം പേറുന്നു. അതാണ് അവിടത്തെ പരിസ്ഥിതി നിയമം. കേരളത്തിലെ കാര്യം അതിനേക്കാള്‍ ഭേദമാണ് എന്നു പറയാം. പ്രകൃതി വിഭവങ്ങള്‍ കരുതലോടെ ചെലവിടുകയും ബാക്കിയുള്ളവ വരുംതലമുറയ്ക്കായി മാറ്റി വയ്ക്കുകയും ചെയ്യുക എന്ന അവബോധമാണ് എന്റെ പരിസ്ഥിതി ചിന്തയുടെ കാതല്‍. അതിനായി പ്രവര്‍ത്തിക്കും, എഴുതും. ആര് തെറി വിളിച്ചാലും അതില്‍ നിന്നൊരു പിന്മടക്കമില്ല തീര്‍ച്ച.

വീരാന്‍കുട്ടി
ഇത് ആശയസംവാദമാണ്. അത് പുസ്തകം കത്തിച്ച് ആഘോഷിച്ചപ്പോള്‍ ഞാന്‍ പിന്‍വാങ്ങി.

Content Highlight: veerankutty mehfil’s poem against anti environmentalist

വീരാന്‍ കുട്ടി
കവി, അധ്യാപകന്‍