തമിഴില്‍ നിന്നുമുള്ള സൂപ്പര്‍ ഹീറോ ചിത്രം വീരന്‍ റിലീസിന് ഒരുങ്ങുകയാണ്. എ.ആര്‍.കെ. ശരവണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹിപ്പ്‌ഹോപ്പ് തമിഴയാണ് നായകനാവുന്നത്.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇറങ്ങിയപ്പോള്‍ തന്നെ മിന്നല്‍ മുരളിയുടെ കോപ്പിയാണെന്ന കമന്റുകള്‍ വന്നിരുന്നു. ഇതിന് മറുപടിയുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ രസകരമായ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. സംവിധായകനും നായകനും എഡിറ്ററിനുമൊപ്പം സംവിധായകന്‍ ബേസില്‍ ജോസഫും വീഡിയോയില്‍ എത്തുന്നുണ്ട്.
വീരന്‍ മിന്നല്‍ മുരളിയുടെ കോപ്പിയാണെന്ന കമന്റുകളില്‍ വിഷമിച്ചിരിക്കുന്ന നായകനെ സമാധാനിപ്പിക്കാന്‍ സംവിധായകന്‍ ബേസില്‍ ജോസഫിനെ വീഡിയോ കോള്‍ ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്.
ബേസിലിനെ വിളിച്ച് ‘നാട്ടില്‍ എല്ലാവരും സുഖം തന്നെ, നിമ്മള്‍ മിന്നല്‍ മുരളിയുടെ പെരിയ ഫാനാക്കും നാട്,’ എന്ന് ശരവണ്‍ പറയുമ്പോള്‍ ദയവ് ചെയ്ത് മലയാളത്തില്‍ സംസാരിക്കരുതെന്നും തമിഴില്‍ സംസാരിച്ചോളൂ എന്നുമാണ് ബേസില്‍ തമിഴില്‍ മറുപടി പറഞ്ഞത്. വീരന്‍ ട്രെയ്‌ലര്‍ കണ്ടോ എന്ന് ചോദിച്ചപ്പോള്‍ കണ്ടു, നന്നായിട്ടുണ്ട്, മിന്നല്‍ മുരളി തന്നെ എന്നാണ് ബേസില്‍ പറഞ്ഞത്.
സാര്‍ നിങ്ങളും ഇങ്ങനെ സംസാരിക്കുകയാണോ, ഇവിടെ എല്ലാവരും മിന്നല്‍ മുരളി എന്ന് പറഞ്ഞ് താരതമ്യം ചെയ്തുകൊണ്ടിരിക്കുകയാണ്, ഇപ്പോള്‍ സിനിമയുടെ ടീം വരെ അങ്ങനെ പറയാന്‍ തുടങ്ങി. ദയവ് ചെയ്ത് നിങ്ങള്‍ ഒന്ന് ഹീറോയോട് സംസാരിക്കൂ എന്ന് ശരവണ്‍ ബേസിലിനോട് പറഞ്ഞു.
വീരന്റെ ട്രെയ്‌ലര്‍ കണ്ടു, നന്നായിട്ടുണ്ട്. സംവിധായകന്‍ നേരത്തെ തന്നെ എന്നോട് സിനിമയുടെ കഥ പറഞ്ഞിട്ടുണ്ട്. മിന്നല്‍ മുരളിയും വീരനും തമ്മില്‍ ഒരു ബന്ധവുമില്ല. ആരും കണ്‍ഫ്യൂഷനടിക്കണ്ട എന്ന് ബേസിലും പറയുന്നു.
ഉടന്‍ ഹിപ്പ്‌ഹോപ്പ് തമിഴ അങ്ങനെയൊരു കണ്‍ഫ്യൂഷനുമില്ല എന്നാണ് പറയുന്നത്. അത് വീടൂ. നിങ്ങള്‍ എപ്പോഴാണ് തമിഴ് സിനിമ ചെയ്യാന്‍ പോകുന്നത്. തമിഴില്‍ ഇഷ്ടം പോലെ ഹീറോസ് ഉണ്ട്. അതില്‍ ചില നടന്മാര്‍, പാട്ട് പാടും, മ്യൂസിക് ചെയ്യും, ഡാന്‍സ്, ചെയ്യും, ഇപ്പോള്‍ കുതിര സവാരി ചെയ്യും, ഫൈറ്റ് ചെയ്യും എന്ന് ഹിപ്പ്‌ഹോപ്പ് തമിഴ പറഞ്ഞ് പോകുമ്പോള്‍ നീ തന്നെയാണെന്ന് അങ്ങ് പറ എന്ന് സംവിധായകന്‍ പിന്നില്‍ നിന്നും പറയുന്നതും ബേസില്‍ ചിരിക്കുന്നതും കാണാം.
ജൂണ്‍ രണ്ടിനല്ലേ റിലീസ്. ഓള്‍ ദി ബെസ്റ്റ്. ഉറപ്പായും കാണും എന്ന് പറഞ്ഞ് ബേസില്‍ നിര്‍ത്തുമ്പോഴും തമിഴ്‌നാട്ടില്‍ വന്നാല്‍ ഉറപ്പായും വിളിക്കണം. ഞാന്‍ ആക്ട് ചെയ്യും, പാട്ട് പാടും മ്യൂസിക് ചെയ്യും എന്ന് വീണ്ടും പറയുകയാണ് ഹിപ്പ്‌ഹോപ്പ് തമിഴ. ഉടന്‍ ബേസില്‍ കോള്‍ കട്ട് ചെയ്യുകയും ഇതുകണ്ട് സംവിധായകന്‍ ചിരിക്കുമ്പോള്‍ നെറ്റ് വര്‍ക്കിന്റെ പ്രശ്‌നമാണ് എന്ന് നായകന്‍ പറയുന്നതും കാണാം.
ഒടുവില്‍ ബേസിലിനോട് സംസാരിച്ചപ്പോള്‍ സമാധാനമായോ എന്ന് ചോദിക്കുമ്പോള്‍ തോര്‍, ഫ്‌ളാഷ്, അവഞ്ചേഴ്‌സ് എന്നൊക്കെ പറഞ്ഞ് കമന്റില്‍ ആളുകള്‍ വരികയാണ്. ആ സിനിമകളുടെ സംവിധായകരുടെ നമ്പര്‍ ഉണ്ടോ, അവരോട് സംസാരിക്കുമ്പോള്‍ കുറച്ചുകൂടി ക്ലാരിറ്റി കിട്ടുമല്ലോ എന്നാണ് നായകന്‍ ചോദിക്കുന്നത്. എന്തായാലും ഈ രസകരമായ വീഡിയോ യൂട്യൂബില്‍ ശ്രദ്ധ നേടുകയാണ്.
Content Highlight: veeran movie team’s funny video with basil joseph