ന്യൂദല്‍ഹി: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാക്കിയുള്ള 7 സീറ്റുകളില്‍ ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായര്‍ മത്സരിക്കും. പി.സി.വിഷ്ണുനാഥ് (കുണ്ടറ), ടി.സിദ്ദിഖ് (കല്‍പറ്റ), വി.വി.പ്രകാശ് (നിലമ്പൂര്‍), ഫിറോസ് കുന്നംപറമ്പില്‍ (തവനൂര്‍), റിയാസ് മുക്കോളി (പട്ടാമ്പി) എന്നിവരാണു മറ്റു സ്ഥാനാര്‍ഥികള്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പിണറായി വിജയനെതിരെ സ്വതന്ത്രയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യു.ഡി.എഫ് പിന്തുണ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
യു.ഡി.എഫ് പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചിരുന്നു.
അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുധാകരന്‍ എം.പി രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ.സുധാകരന്‍ പറഞ്ഞു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റെന്ന സ്ഥാനത്ത് തുടരുന്നത് മനസോടെയല്ലെന്നും സുധാകരന്‍ തുറന്നടിച്ചു.
ആലങ്കാരിക പദവികള്‍ തനിക്ക് ആവശ്യമില്ല. സ്ഥാനം ഒഴിയാന്‍ പല തവണ ആലോചിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുറിവേല്‍ക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് രാജിവെക്കാത്തതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തികള്‍ മോശമായിരുന്നു. കേരളത്തിലെ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചു. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇഷ്ടക്കാരെ തിരുകി കയറ്റുകയായിരുന്നു.
ഹൈക്കമാന്‍ഡിന്റെ പേരില്‍ കെ.സി വേണുഗോപാലും ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി. ഹൈക്കമാന്‍ഡിന്റെ പേരിലുള്ള തിരുകിക്കയറ്റല്‍ പതിവുള്ളതായിരുന്നില്ല. ജയസാധ്യത നോക്കാതെയാണ് പലര്‍ക്കും അവസരം നല്‍കിയത്. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ല,” കെ.സുധാകരന്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി രമണി പി. നായര്‍ എന്നിവര്‍ രാജിവെച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Veena S Nair Firos Kunnamparambil T Sidheeq Thavanoor Kerala Election 2021 Congress