| Wednesday, 10th July 2024, 10:27 am

മലയാള സിനിമയിലെ ആ കഥാപാത്രത്തിന്റെ കാസ്റ്റിങ് വരുമ്പോള്‍ എന്നെയാണ് എല്ലാവരും വിളിക്കുക: വീണ നായര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മണികണ്ഠന്‍ പട്ടാമ്പിയും സലീം ഹസനും ചേര്‍ന്ന് സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പഞ്ചായത്ത് ജെട്ടി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് വിനോദ് ഫിലിംസും സപ്താ തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ജൂലൈ 26നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

മലയാളികള്‍ക്ക് സുപരിചിതമായ ‘മറിമായം’ എന്ന പരിപാടിയിലെ പ്രധാന താരങ്ങളാണ് സിനിമയിലെ കഥാപാത്രങ്ങളായി എത്തുന്നത്. മണികണ്ഠന്‍ പട്ടാമ്പി, സ്‌നേഹ ശ്രീകുമാര്‍, വിനോദ് കോവൂര്‍, രചന നാരായണന്‍കുട്ടി, വീണ നായര്‍ തുടങ്ങിയ താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

ഈ സിനിമയില്‍ വിമല എന്ന കഥാപാത്രമായാണ് വീണ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഇപ്പോഴിതാ മലയാള സിനിമയില്‍ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് വീണ.

വെള്ളിമൂങ്ങയില്‍ മാത്രമല്ല മലയാള സിനിമയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഏത് കഥാപാത്രം വന്നാലും തന്നെയാണ് കാസ്റ്റ് ചെയ്യുക എന്നാണ് വീണ പറഞ്ഞത്. സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തിലാന്ന് സംസാരിക്കുകയായിരുന്നു വീണ.

‘വെള്ളിമൂങ്ങ മാത്രമല്ല, മലയാള സിനിമയിലെ ആസ്ഥാന പഞ്ചായത്ത് പ്രസിഡന്റ് ഞാനാണ്. പഞ്ചായത്ത് മെമ്പര്‍ ആയി കാസ്റ്റ് ചെയ്യുമ്പോള്‍ വീണ നായര്‍ക്ക് ഡേറ്റ് ഉണ്ടോ എന്നാണ് എല്ലാവരും നോക്കുക. ഇതിനുശേഷം എനിക്ക് ഒരുപാട് മെമ്പറിന്റെയും പ്രസിഡന്റിന്റെയും കാസ്റ്റ് വന്നിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഞാന്‍ ചെയ്യാതിരിക്കുകയായിരുന്നു. എന്നാല്‍ വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റിനെ പോലുള്ള ഒരു കഥാപാത്രം പിന്നീട് ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല. ഈ സിനിമയില്‍ നിന്നും എന്നെ മെമ്പര്‍ കഥാപാത്രത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഈ ചിത്രത്തില്‍ വിമല എന്ന കഥാപാത്രമായാണ് ഞാന്‍ എത്തുന്നത്.

സിനിമയില്‍ ഞങ്ങളുടെ ഫാമിലിയുടെ കുറെ സീനുണ്ട്. അതെല്ലാം ഭയങ്കര രസമാണ്. നമ്മുടെയൊക്കെ നാട്ടിന്‍പുറങ്ങളിലെ വീടുകളില്‍ ഉണ്ടാവാറുള്ള രസകരമായ സീനുകള്‍ സിനിമയിലുണ്ട്. വീടിനുള്ളില്‍ ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്‌നങ്ങളും ആങ്ങളയും പെങ്ങളും തമ്മിലുള്ള കുറെ സംഭാഷണങ്ങളും അളിയന്റെ ചെറിയ ചെറിയ നുറുങ്ങ് തമാശകളും എല്ലാം ഈ സിനിമയില്‍ ഉണ്ട്,’ വീണ പറഞ്ഞു.

Content Highlight: Veena Nair Talks About Her Characters in Movies

We use cookies to give you the best possible experience. Learn more