വെള്ളിമൂങ്ങ സിനിമയിലേക്ക് തന്നെയായിരുന്നില്ല ആദ്യം വിളിച്ചത് എന്ന് നടി വീണ നായര്‍. മൈല്‍സ്റ്റോണ്‍മേക്കഴ്‌സിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. മഞ്ജുപിള്ളയെയായിരുന്നു വെള്ളിമൂങ്ങയിലേക്ക് ആദ്യം വിളിച്ചത് എന്നും അവര്‍ക്ക് ഡേറ്റില്ലാത്തതുകൊണ്ടാണ് തന്നെ വിളിച്ചത് എന്നും വീണ പറഞ്ഞു. തട്ടീംമുട്ടീം എന്ന ടെലിവിഷന്‍ പരമ്പരയിലെ തന്റെ പ്രകടനം കണ്ടാണ് സിനിമയില്‍ അവസരം കിട്ടിയത് എന്നും വീണ പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നത് കൊണ്ട് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന അംഗീകാരങ്ങളും നല്ലവാക്കുകളും അവാര്‍ഡിന് തുല്യമാണെന്നും വീണ കൂട്ടിച്ചേര്‍ത്തു.
‘തട്ടീംമുട്ടീം സീരിയലിലെ പ്രകടനം കണ്ടിട്ടാണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. ആദ്യം മഞ്ജുപിള്ളയെ ആയിരുന്നു അവര്‍ വിളിച്ചിരുന്നത്. എന്നാല്‍ മഞ്ജുചേച്ചിക്ക് ഡേറ്റില്ലാത്തത് കൊണ്ടാണ് എന്നെ വിളിച്ചത്. സംവിധായകന്‍ ജിബു ജേക്കബിന്റെ ഭാര്യ ബോബി ചേച്ചിയാണ് അദ്ദേഹത്തോട് എന്നെ കുറിച്ച് പറഞ്ഞത്. അന്ന് സിനിമയെന്ന മോഹം മനസ്സിലുണ്ടായിരുന്നില്ല. സിനിമ ചെയ്തിട്ടുമുണ്ടായിരുന്നില്ല.
അവര്‍ വിളിച്ച സമയത്ത് ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു. കുറച്ചു ദിവസമേ ഉണ്ടായിരുന്നുള്ളൂ. പെയ്മന്റിനെ കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല. പുതിയ സംവിധായകനാണ്, നേരത്തെ ക്യമറാമാനായിരുന്ന ആളാണ് സംവിധായകന്‍ എന്നതൊന്നും എന്നെ സംബന്ധിച്ച് വിഷയമായിരുന്നില്ല. സിനിമ ചെയ്യുന്നു, ബിജുമേനോനാണ് കൂടെ അഭിനയിക്കുന്നത്, പോയി ചെയ്യുക. അത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് കഴിഞ്ഞ് പുതിയ സിനിമ വരുമോ എന്നൊന്നുമുണ്ടായിരുന്നില്ല. ഒരു ഏപ്രിലിലാണ് ആ സിനിമ ചെയ്യുന്നത്. ജൂണില്‍ എന്റെ കല്യാണമായിരുന്നു. ആ സമയത്ത് സണ്‍ ടിവിയില്‍ ഒരു സീരിയല്‍ ചെയ്യുന്നുണ്ടായിരുന്നു. അതോട് കൂടി ഈ ഇന്‍ഡസ്ട്രി വിടാനായിരുന്നു തീരുമാനം. അത് കഴിഞ്ഞൊരു ഡാന്‍സ് സ്‌കൂള്‍ തുടങ്ങണം. നൃത്തത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണം എന്നൊക്കെയായിരുന്നു ആഗ്രഹം.
അങ്ങനെയിരിക്കുമ്പോഴാണ് സെപ്തംബര്‍ 25ന് ഈ സിനിമ റിലീസാകുന്നത്. അന്ന് ഞാന്‍ അക്കമായുടെ ലൊക്കേഷനിലായിരുന്നു. ഭര്‍ത്താവ് വിളിച്ചു ചോദിച്ചു, നീ സിനിമ കാണുന്നില്ലേ എന്ന്. ഞാന്‍ ഷൂട്ടിലാണെന്നും, നിങ്ങള്‍ കണ്ടിട്ട് അഭിപ്രായം പറയൂ എന്നും ഞാന്‍ പറഞ്ഞു. അദ്ദേഹം കണ്ടിട്ട് സിനിമ സൂപ്പറാണെന്ന് പറഞ്ഞു. ഞാന്‍ കരുതിയത് എന്നെ സമാധാനിപ്പിക്കാന്‍ നല്ലതാണ് എന്ന് പറഞ്ഞതായിരിക്കും എന്നാണ്. രാത്രിയില്‍ ഞാന്‍ പടം കണ്ടു. നല്ല തിരക്കായിരുന്നു. നിറയെ ആളുകള്‍. അപ്പോഴേക്കും പടം ഹിറ്റായിരുന്നു. ഞാന്‍ ആദ്യമായി എന്നെ ബിഗ്‌സ്‌ക്രീനില്‍ കണ്ടു.
എന്റെ അച്ഛനും അമ്മക്കും വലിയ ആഗ്രഹമായിരുന്നു എന്നെ ബിഗ്‌സ്‌ക്രീനില്‍ കാണുക എന്നത്. എന്നാല്‍ അവര്‍ അതിന് മുമ്പേ മരണപ്പെട്ടിരുന്നു. പടം തിയേറ്ററില്‍ കാണുമ്പോള്‍ വലിയ സന്തോഷമുണ്ടായിരുന്നെങ്കിലും അച്ഛനും അമ്മയും കൂടെയില്ല എന്ന ചെറിയ സങ്കടവുമുണ്ടായിരുന്നു. അത്കഴിഞ്ഞ് തിരിച്ച് വന്നപ്പോഴും അടുത്ത സിനിമക്ക് എന്നെ വിളിക്കുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. സിനിമയില്‍ എനിക്ക് അത്തരം കോണ്ടാക്ടുകളൊന്നുമുണ്ടായിരുന്നില്ല,’ വീണ നായര്‍ പറഞ്ഞു.
content highlight; Veena Nair talks about acting in Vellimoonga