ആണ്‍പ്രിവിലേജിന്റെ സകലതും അനുഭവിക്കുന്ന നടന്‍മാര്‍ സര്‍ക്കാസ്റ്റിക്ക് ചിരി ചിരിച്ചല്ല കാര്യങ്ങളില്‍ ഇടപെടേണ്ടത്; ദുല്‍ഖറിന്റെ ചിരിയെ ആഘോഷിക്കേണ്ട കാര്യമില്ലെന്ന് വീണ ജെ.എസ്.
Entertainment news
ആണ്‍പ്രിവിലേജിന്റെ സകലതും അനുഭവിക്കുന്ന നടന്‍മാര്‍ സര്‍ക്കാസ്റ്റിക്ക് ചിരി ചിരിച്ചല്ല കാര്യങ്ങളില്‍ ഇടപെടേണ്ടത്; ദുല്‍ഖറിന്റെ ചിരിയെ ആഘോഷിക്കേണ്ട കാര്യമില്ലെന്ന് വീണ ജെ.എസ്.
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th November 2021, 5:15 pm

തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സിന് മുന്നില്‍ പ്രദര്‍ശനം തുടരുകയാണ് കുറുപ്പ്. മലയാളം സിനിമാ ഇന്‍ഡസ്ട്രിയിലെ പല റെക്കോര്‍ഡുകളും തകര്‍ത്താണ് ചിത്രം മുന്നേറുന്നത്. കുറുപ്പിനോടൊപ്പം തന്നെ മലയാളികളും സോഷ്യല്‍മീഡിയയും ഒരുപോലെ ആഘോമാക്കുകയാണ് ദുല്‍ഖറിന്റെയും നായിക ശോഭിത ധുലിപാലയുടെയും അഭിമുഖം.

നിവിന്‍ പോളി നായകനായ മൂത്തോന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ശോഭിതയുടെ മലയാള സിനിമയിലെ അരങ്ങേറ്റം. മലയാള സിനിമയിലെ രണ്ട് യുവതാരങ്ങള്‍ക്കൊപ്പം അഭിനയിച്ചതില്‍ ആരായിരുന്നു കൂടുതല്‍ കെയറിംങ് എന്നായിരുന്നു അവതാരകന്റെ ചോദ്യം. എന്നാല്‍ തന്നെ ആരും കെയര്‍ ചെയ്യേണ്ട ആവശ്യമില്ല എന്നായിരുന്നു താരത്തിന്റെ മറുപടി.

‘കെയറിംങ്… എനിക്ക് കെയറിങ്ങിന്റെ ആവശ്യമില്ല. എന്റെ ഒപ്പം അഭിനയിക്കുന്നവര്‍ കെയര്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല’. ദുല്‍ഖര്‍ നല്ലൊരു സുഹൃത്താണ് എന്നായിരുന്നു ശോഭിത പറഞ്ഞത്. താരത്തിന്റെ മറുപടി കേട്ട് ദുല്‍ഖര്‍ പൊട്ടിച്ചിരിക്കുന്നുമുണ്ട്.

എന്നാല്‍ ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് ഡോ.വീണ ജെ.എസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വീണ ദുല്‍ഖറിനെയും ശോഭിതയെയും വിമര്‍ശിക്കുന്നത്.

സഹനടന്‍മാര്‍ തന്നെ കെയര്‍ ചെയ്യേണ്ട കാര്യമില്ല എന്ന് ശോഭിത പറഞ്ഞപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ പൊട്ടിചിരിച്ചതിനെ നമ്മള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും, ആണ്‍പ്രിവിലേജിന്റെ സകലവും അനുഭവിക്കുന്ന പുരുഷ നടന്‍മാര്‍ അങ്ങനെ ഒരു സര്‍ക്കാസ്റ്റിക്ക് ചിരി ചിരിച്ചല്ല കാര്യങ്ങളില്‍ ഇടപെടേണ്ടതെന്നും വീണ പറയുന്നു.

‘ആണ്‍കേന്ദ്രീകൃതം മാത്രമായ സിനിമകളില്‍, അതിനി പക്കാ ക്രിമിനല്‍ ആണെങ്കില്‍ പോലും അതില്‍ ഹീറോയിസം ഉണ്ടായേ തീരൂ എന്ന് വാശി പിടിക്കാതെ, അത്തരം സിനിമകളുടെ ഭാഗം ആകാതെ ഇരിക്കാന്‍ തുടങ്ങണം നിങ്ങളൊക്കെ. ക്രിമിനലിന് ഹീറോപരിവേഷം ഇടുന്ന സിനിമയുടെ പ്രൊഡ്യൂസര്‍ ആകുന്ന സമയത്തെങ്കിലും ഇതൊക്കെ ഒന്ന് സംസാരിക്കാവുന്നതാണ്. ആണ്‍കഥകള്‍ കേട്ടും കണ്ടും ഞങ്ങള്‍ക്ക് മടുത്തു,’ വീണ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

അതോടൊപ്പം അഭിമുഖത്തിന്റെ ചിത്രത്തിനൊപ്പം ‘എന്താ ദുല്‍ഖറേ ഇത്ര ചിരിക്കാന്‍’ എന്നും വീണ എഴുതിയിട്ടുണ്ട്.

കുറുപ്പില്‍ സുകുമാരക്കുറുപ്പിന്റെ ഭാര്യയായ ശാരദ കുറുപ്പിന്റെ കഥാപാത്രമാണ് ശോഭിത അവതരിപ്പിക്കുന്നത്. മൂത്തോന്‍ എന്ന ചിത്രത്തിലാണ് ശോഭിത നിവിന്‍ പോളിക്കൊപ്പം അഭിനയിച്ചത്. റോസി എന്ന കഥാപാത്രമായാണ് താരം ചിത്രത്തിലെത്തിയത്.

നവംബര്‍ 12ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത കുറുപ്പ് ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ മാത്രം തിയേറ്ററുകളില്‍ നിന്നും 10 കോടി രൂപയാണ് കുറുപ്പിന്റെ കളക്ഷന്‍. വിദേശത്തേയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കുറുപ്പ് 50 കോടിയാണ് വാരിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തെ വാനോളം പുകഴ്ത്തിയ തിയേറ്റര്‍ ഉടമകള്‍ ദുല്‍ഖറിന്റെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുള്ള തുടക്കമാണ് സിനിമയെന്ന് അഭിപ്രായപ്പെട്ടിരുന്നു. ചാക്കോ എന്ന തിയേറ്റര്‍ റപ്രസന്റേറ്റീവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയതത് ശ്രീനാഥ് രാജേന്ദ്രനാണ്.

 

ഡോ. വീണ ജെ.എസ്സിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

‘സഹനടന്‍മാര്‍ എന്നെ കെയര്‍ ചെയ്യേണ്ട കാര്യമില്ല’ എന്ന് ശോഭിത പറഞ്ഞപ്പോള്‍ ദുല്‍കര്‍സല്‍മാന്‍ പൊട്ടിചിരിച്ചതിനെ നമ്മള്‍ അത്രയ്ക്കങ്ങു കയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ട കാര്യമൊന്നും ഇല്ലാ. ആണ്‍പ്രിവിലേജിന്റെ സകലവും അനുഭവിക്കുന്ന male നടന്‍മാര്‍ അങ്ങനെ ഒരു സര്‍ക്കാസ്റ്റിക്ക് ചിരി ചിരിച്ചല്ല കാര്യങ്ങളില്‍ ഇടപെടേണ്ടത്.

ആണ്‍കേന്ദ്രീകൃതം മാത്രമായ സിനിമകളില്‍, അതിനി പക്കാ ക്രിമിനല്‍ ആണെങ്കില്‍ പോലും അതില്‍ ഹീറോയിസം ഉണ്ടായേ തീരൂ എന്ന് വാശിപിടിക്കാതെ, അത്തരം സിനിമകളുടെ ഭാഗം ആകാതെ ഇരിക്കാന്‍ തുടങ്ങണം നിങ്ങളൊക്കെ. ക്രിമിനല്‍ന് ഹീറോപരിവേഷം ഇടുന്ന സിനിമയുടെ പ്രൊഡ്യൂസര്‍ ആകുന്ന സമയത്തെങ്കിലും ഇതൊക്കെ ഒന്ന് സംസാരിക്കാവുന്നതാണ്. ആണ്‍കഥകള്‍ കേട്ടും കണ്ടും ഞങ്ങള്‍ക്ക് മടുത്തു.

‘എന്നാ നീ പോയി ഉണ്ടാക്കെടി’ എന്ന് പറയാന്‍ വരുന്ന പ്രിവിലേജ്-ലഹള കാണാന്‍ ആഗ്രഹിക്കുന്നില്ല അത്തരക്കാര്‍ യൂട്യൂബ് പോയി AhÄ@RavenCinemas കാണ് ഒരു വ്യൂ എങ്കില്‍ ഒരു വ്യൂ കൂടട്ടെ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Veena JS against Dulquer Salman