പാലക്കാട്: അട്ടപ്പാടിയിലെ മുരുഗുള ഊരിലുള്ള പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഭവാനിപ്പുഴ മുറിച്ച് കടന്ന് പോയിരുന്ന ആരോഗ്യപ്രവര്‍ത്തകരെ നേരില്‍ക്കണ്ട് അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
ഡോക്ടര്‍ സുകന്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ വാസു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൈജു, ഡ്രൈവര്‍ സജേഷ് എന്നിവരെയാണ് ആരോഗ്യമന്ത്രി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി അഭിനന്ദിച്ചത്.
പുഴ മുറിച്ച് കടന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പോവുന്നതിന്റെ ചിത്രങ്ങള്‍ നേരത്തേ വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ആരോഗ്യകേന്ദ്രത്തിലേക്ക് ഒരു ആംബുലന്‍സ് കൂടി വാങ്ങുമെന്ന് മന്ത്രി അറിയിച്ചു. നേരത്തേ ഒരു ആംബുലന്‍സ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്.
മണ്ണാര്‍ക്കാട് എം.എല്‍.എ. എന്‍.ഷംസുദ്ദീനും ആരോഗ്യമന്ത്രിക്കൊപ്പം പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി.
കോട്ടത്തറ ആശുപത്രി, പുതൂര്‍ ആശുപത്രി, കമ്യൂണിറ്റി കിച്ചന്‍, അഗളി ആശുപത്രി എന്നിവിടങ്ങളും ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കൊവിഡേതര ചികിത്സാ സൗകര്യങ്ങള്‍, ഈ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം, രോഗം, പ്രതിരോധശേഷി വര്‍ധിപ്പിയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
അട്ടപ്പാടിയിലെത്തി പരിശോധനകള്‍ വര്‍ധിപ്പിയ്ക്കാനും അടിസ്ഥാന സൗകര്യ വികസനവും വാഹന സൗകര്യവും സാധ്യമാക്കാനും ഉചിതമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Veena George visits Attapadi