| Friday, 2nd June 2023, 7:52 pm

വേദനകളില്ലാതെ ഇനി നിവര്‍ന്നിരിക്കാം; ശസ്ത്രിക്രിയക്ക് ശേഷം സിയയെ സന്ദര്‍ശിച്ച് വീണ ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എസ്.എം.എ ബാധിച്ച സിയ മെഹറിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായ വിവരം പങ്കുവെച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടന്നതെന്നും സിയ സുഖം പ്രാപിച്ചുവരികയാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

നട്ടെല്ലിന്റെ വളവ് പരിഹരിക്കുന്നതിനുള്ള അതിനൂതനമായ ശസ്ത്രക്രിയയാണ് സിയക്ക് നടത്തിയതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി സിയയെ സന്ദര്‍ശിച്ചെന്നും മന്ത്രി അറിയിച്ചു.

എട്ടുമണിക്കൂര്‍ നീണ്ടുനിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ നട്ടെല്ലിലെ കശേരുക്കളില്‍ ടൈറ്റാനിയം നിര്‍മിത റോഡുകളുള്‍പ്പെടെയുള്ളവ ഘടിപ്പിച്ചാണ് വളവ് നേരെയാക്കിയത്. വലിയ ചെലവേറിയ ഇത്തരം ശസ്ത്രക്രിയ സ്വകാര്യ മേഖലയില്‍ മാത്രമാണ് നടന്നിരുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു.

ആരോഗ്യകിരണം പദ്ധതി വഴി സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയതെന്നും മന്ത്രി പറഞ്ഞു. ‘എസ്.എ.ടി ആശുപത്രിയില്‍ 2022ല്‍ എസ്.എം.എ ക്ലിനിക്ക് ആരംഭിച്ചിരുന്നു. സിയ അവിടെ രജിസ്റ്റര്‍ ചെയ്തിരുന്നു. നിവര്‍ന്നിരിക്കാന്‍ കഴിയുന്നതിന്റെ സന്തോഷവും വേദനകള്‍ മാറിയതിന്റെ ആശ്വാസവും സിയ പങ്കുവെച്ചു,’ മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍, ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. കെ. അരുണ്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അശോക് രാമകൃഷ്ണന്‍, മറ്റ് ടീം അംഗങ്ങള്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നതായും മന്ത്രി പറഞ്ഞു.

എസ്.എം.എ രോഗം മൂലമുള്ള സ്‌കോളിയോസിസിന് ബാധിതയായിരുന്നു സിയ. ഇതുമൂലം നിവര്‍ന്നിരിക്കാനോ കിടക്കാനോ സിയക്ക് സാധിക്കുമായിരുന്നില്ല. ഇനി പത്താം ക്ലാസിലേക്കാണ് സിയ.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സിയ മെഹറിന്റെ കണ്ണുകളില്‍ സന്തോഷത്തിന്റെ നിറവുണ്ടായിരുന്നു. ഏത് വലിയ പുരസ്‌കാരത്തേക്കാളും തിളക്കമുണ്ടായിരുന്നു ആ കണ്ണുകളിലെ തിളക്കത്തിന്. നട്ടെല്ലിന്റെ വളവ് പരിഹരിക്കുന്നതിനുള്ള അതിനൂതനമായ ശസ്ത്രക്രിയ കഴിഞ്ഞ സിയ സുഖം പ്രാപിച്ചു വരികയാണ്. സിയയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിച്ചു. എട്ടുമണിക്കൂര്‍ നീണ്ടുനിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ നട്ടെല്ലിലെ കശേരുക്കളില്‍ ടൈറ്റാനിയം നിര്‍മിത റോഡുകളുള്‍പ്പെടെയുള്ളവ ഘടിപ്പിച്ചാണ് വളവ് നേരെയാക്കിയത്. എസ്.എം.എ ബാധിച്ച കുട്ടികള്‍ക്കുള്ള അതിനൂതനമായ ശസ്ത്രക്രിയയാണ് 14 വയസ്സുള്ള സിയക്ക് നടത്തിയത്. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു ശസ്ത്രക്രിയ നടന്നത്. വലിയ ചെലവേറിയ ഇത്തരം ശസ്ത്രക്രിയ സ്വകാര്യ മേഖലയില്‍ മാത്രമാണ് നടന്നിരുന്നത്. എസ്.എ.ടി ആശുപത്രിയില്‍ 2022 ല്‍ എസ്.എം.എ ക്ലിനിക്ക് ആരംഭിച്ചിരുന്നു. സിയ അവിടെ രജിസ്റ്റര്‍ ചെയ്തിരുന്നു. ആരോഗ്യകിരണം പദ്ധതി വഴി സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്. നിവര്‍ന്നിരിക്കാന്‍ കഴിയുന്നതിന്റെ സന്തോഷവും വേദനകള്‍ മാറിയതിന്റെ ആശ്വാസവും സിയ പങ്കുവച്ചു.
മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍, ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. കെ. അരുണ്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ.അശോക് രാമകൃഷ്ണന്‍, മറ്റ് ടീം അംഗങ്ങള്‍ എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.

Contenthighlight: Veena george share the happy news about completion of surgey on ziya, who suffered sma

We use cookies to give you the best possible experience. Learn more