തിരുവനന്തപുരം: സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്നയാളാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനനെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സ്ത്രീകളെ അധിക്ഷേപിച്ചതിന് ശേഷം ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് പറയുന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം രീതിയെന്നും അവര്‍ പറഞ്ഞു.
അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തുടര്‍ച്ചയായി നിരാകരിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു വീണ ജോര്‍ജ്.
‘സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷനേതാവ്, സ്ത്രീകള്‍ക്ക് വേണ്ടി അദ്ദേഹത്തിന് സംസാരിക്കാനുണ്ട് എന്ന് പറയുന്നത് എത്ര കാപട്യമാണ്. പ്രതിപക്ഷനേതാവിന്റെ ആ കാപട്യമാണ് ഇന്ന് സഭയില്‍ കണ്ടത്.
സ്ത്രീകളെ അധിക്ഷേപിച്ചതിനു ശേഷം ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് പറയുന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം രീതി,’ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
അടിയന്തര പ്രമേയം രണ്ടാം ദിവസവും തള്ളിയതിന് പിന്നാലെ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഉമ തോമസ് എം.എല്‍.എ അവതരിപ്പിച്ച പ്രമേയമായിരുന്നു ഇന്ന് സ്പീക്കര്‍ തള്ളിയത്. സ്ത്രീ സുരക്ഷ സംബന്ധിച്ച അടിയന്തര പ്രമേയം ചര്‍ച്ചക്കെടുക്കാത്തതിലായിരുന്നു പ്രതിപക്ഷ ബഹളമുണ്ടായത്. ഇതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
16 വയസുള്ള പെണ്‍കുട്ടി പട്ടാപകല്‍ ആക്രമിക്കപ്പെട്ടതും സ്ത്രീ സുരക്ഷയുമായിരുന്നു ഉമാ തോമസ് നല്‍കിയ അടിയന്തര പ്രമേയത്തിലുണ്ടായിരുന്നത്.
Content Highlight: Veena George says VD Satheesan is a man who looks down on and mocks women