യു.പി മുഖ്യമന്ത്രി കേരളത്തേയും കമ്മ്യൂണിസത്തേയും പ്രതിപക്ഷമായി കാണുന്നത് ഭയം കൊണ്ട്: വീണ ജോര്‍ജ്
Kerala News
യു.പി മുഖ്യമന്ത്രി കേരളത്തേയും കമ്മ്യൂണിസത്തേയും പ്രതിപക്ഷമായി കാണുന്നത് ഭയം കൊണ്ട്: വീണ ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th February 2022, 4:53 pm

പത്തനംതിട്ട: രാജ്യത്തെ തന്നെ ക്രിയാത്മഗമായ യുവത്വമാണ് ഡി.വൈ.എഫ്.ഐയെന്ന് മന്ത്രി വിണ ജോര്‍ജ്. വര്‍ത്തമാനകാല ഇന്ത്യയില്‍ ജനാധിപത്യവും മതേതരവും ഭരണഘടനയും നേരിടുന്ന വെല്ലുവിളികളെ നന്നായി തിരിച്ചറിയുകയും ഫലപ്രദമായി പ്രതികരിക്കുകയും ഇടപെടുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ഡി.വൈ.എഫ്.ഐയെന്നും അവര്‍ പറഞ്ഞു.

ഡി.വൈ.എഫ്.ഐ 15ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുയായിരുന്നു വിണ ജോര്‍ജ്.

ഈ കാലത്ത് വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ നേതൃത്വം നല്‍കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളെയാണ് കാലം ഏല്‍പ്പിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന ഒരു സംസ്ഥാന തെരഞ്ഞെടുപ്പില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും പ്രതിപക്ഷമായി കാണുന്നത് അവരുടെ ഭയം കൊണ്ടാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

പുരോഗമന പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന ജനകീയ ബദലുകളെ രാജ്യത്തെ ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ ഭയപ്പെടുന്നുവെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പതിനഞ്ചാമത് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം ഏപ്രില്‍ 27, 28, 29, 30 തിയതികളിലാണ് പത്തനംതിട്ടയില്‍ നടക്കുക. ആദ്യമായാണ് പത്തനംതിട്ടയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം നടക്കുന്നത്.

സംസ്ഥാനത്തെ 51.97 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 619 പ്രതിനികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. മേഖല, ബ്ലോക്ക് സമ്മേളനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാകും.

മാര്‍ച്ച് 19ന് ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കമാകും. പത്തനംതിട്ടയിലാണ് ആദ്യസമ്മേളനം. ഏപ്രില്‍ 22, 23 തിയതികളില്‍ കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലാണ് അവസാന ജില്ലാ സമ്മേളനം.