എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാരിന് എന്നും കരുതല്‍; ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ് ദയാബായിയെ സ്‌നേഹത്തോടെ യാത്രയാക്കി: വീണ ജോര്‍ജ്
Kerala News
എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാരിന് എന്നും കരുതല്‍; ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ് ദയാബായിയെ സ്‌നേഹത്തോടെ യാത്രയാക്കി: വീണ ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th October 2022, 9:43 pm

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകളായവരോടും അവര്‍ക്ക് കരുതല്‍ നല്‍കുന്നവരോടും സര്‍ക്കാരിന് അനുഭാവപൂര്‍ണമായ നിലപാടാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സാമൂഹ്യ പ്രവര്‍ത്തക ദയാബായി ഉന്നയിച്ച നാല് കാര്യങ്ങളില്‍ മൂന്ന് കാര്യങ്ങളും അംഗീകരിച്ചതായി ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ അറിയിച്ചിരുന്നുവെന്നും വീണ ജോര്‍ജ് പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ദയാബായി, 18 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിവന്നിരുന്ന സമരം ഇന്ന് അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ ജോര്‍ജിന്റെ പ്രതികരണം.

‘ദയാബായി നടത്തിയ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ഞായറാഴ്ച സമര സമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഉന്നയിച്ച നാല് കാര്യങ്ങളില്‍ മൂന്ന് കാര്യങ്ങളും അംഗീകരിച്ചതായി ചര്‍ച്ചയില്‍ അറിയിച്ചിരുന്നു. സാമൂഹ്യനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ആര്‍. ബിന്ദുവും ഒപ്പമുണ്ടായിരുന്നു. വ്യക്തമായ ധാരണകളിലാണ് ചര്‍ച്ച അവസാനിപ്പിച്ചത്.

ചര്‍ച്ച സംബന്ധിച്ച് നല്‍കിയ രേഖയില്‍ ചര്‍ച്ചയുടെ ഉള്ളടക്കം കൂടുതല്‍ ഉള്‍പ്പെടുത്തണമെന്ന് ദയാബായിയും സമരസമിതിയും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അതും ഉള്‍പ്പെടുത്തി ഇന്ന് നല്‍കുകയുണ്ടായി.
ജനറല്‍ ആശുപത്രിയിലെത്തി ശ്രീമതി ദയാബായിയെ കണ്ടു. സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും എന്ന് ഉറപ്പ് നല്‍കി,’ വീണ ജോര്‍ജ് പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാര്‍ ഈ കാലഘട്ടത്തില്‍ ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ചതിനെ തുടര്‍ന്ന് ഒരുക്കി വരുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ എത്രയും വേഗം സജ്ജമാക്കും. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് പൂര്‍ണമായി സമയബന്ധിതമായി പ്രവര്‍ത്തനസജ്ജമാക്കും. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് ശ്രീമതി ദയാബായിയോട് പറഞ്ഞ് ഞങ്ങള്‍ സ്നേഹത്തോടെ യാത്ര പറഞ്ഞുവെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, സമരസമിതി ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ദയാബായി അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചത്. ആശുപത്രിയില്‍ നിന്നും സമരപന്തലിലെത്തിയ ദയാബായി എല്ലാവര്‍ക്കും നന്ദി അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സമരപന്തലിലെത്തിയിരുന്നു.