ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുത്; വനിത ഡോക്ടറെ അക്രമിച്ച സംഭവം ഗൗരവമുള്ളതെന്ന് ആരോഗ്യ മന്ത്രി
Kerala News
ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുത്; വനിത ഡോക്ടറെ അക്രമിച്ച സംഭവം ഗൗരവമുള്ളതെന്ന് ആരോഗ്യ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th November 2022, 10:12 am

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ബന്ധു വനിതാ ഡോക്ടറെ അക്രമിച്ച സംഭവം ഗൗരവമുള്ളതാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമണങ്ങള്‍ അവരുടെ മനോവീര്യം തകര്‍ക്കുമെന്നും പൊതു സമൂഹത്തിന്റെ പിന്തുണയും സംരക്ഷണവും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അനിവാര്യമാണെന്നും വീണ ജോര്‍ജ് പറഞ്ഞു.

‘ഇന്നലെ ഞാന്‍ പറഞ്ഞത് പോലെ അങ്ങേയറ്റം അപലപനീയമായ സംഭവമാണിത്. പ്രതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ആക്രമിക്കപ്പെട്ട വനിതാ ഡോക്ടറുമായി ഇന്നലെ ഫോണില്‍ സംസാരിച്ചിരുന്നു. വയറ്റിലാണ് ചവിട്ടേറ്റത്. ഡോക്ടര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബ്രയിന്‍ ട്യൂമര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലാണ് രോഗിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യുവിലായിരുന്നു രോഗി ഉണ്ടായിരുന്നത്. അവരുടെ ആരോഗ്യ വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചിരുന്നു. രാത്രി 1.30 ഓടെയാണ് മരണ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ റസിഡന്റ് ബന്ധുക്കളെ അറിയിച്ചത്. പിന്നാലെ ഡോക്ടര്‍ ആക്രമിക്കപ്പെട്ടു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമണങ്ങള്‍ അവരുടെ മനോവീര്യം തകര്‍ക്കും. ആത്മാര്‍ത്ഥമായി കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുത്. പൊതു സമൂഹത്തിന്റെ പിന്തുണയും സംരക്ഷണവും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അനിവാര്യമാണ്,’ വീണ ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ വനിത പിജി ഡോക്ടറെ ആണ് രോഗിയുടെ ബന്ധു ആക്രമിച്ചത്. രോഗി മരിച്ചുവെന്ന് അറിയിച്ചതോടെ ബന്ധു, ഡോക്ടറെ തള്ളിയിട്ട ശേഷം വയറ്റില്‍ ചവിട്ടുകയായിരുന്നു. ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

CONTENT HIGHLIGHT:  Veena George said that the incident where the patient’s relative assaulted the female doctor at the Ruvananthapuram Medical College is serious