'നവകേരള സ്ത്രീ സദസ്സ്'; സ്ത്രീപക്ഷ നവകേരളം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വീണ ജോര്‍ജ്ജ്
Kerala News
'നവകേരള സ്ത്രീ സദസ്സ്'; സ്ത്രീപക്ഷ നവകേരളം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വീണ ജോര്‍ജ്ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th February 2024, 8:38 pm

തിരുവനന്തപുരം: സ്ത്രീപക്ഷ നവകേരളം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. കേരളത്തിന്റെ ജനസംഖ്യയില്‍ പകുതിയിലധികം സ്ത്രീകളാണെന്നും നവകേരള നിര്‍മിതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സ്ത്രീകളുടെ സാമൂഹിക പദവിയില്‍ നിലനില്‍ക്കുന്ന അസമത്വം അവസാനിപ്പിക്കുക എന്ന കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു.

സ്ത്രീസമൂഹത്തിന്റെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് നാടിന്റെ സുസ്ഥിരവികസനത്തിനുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിവരുന്നതെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

നവകേരളസദസ്സിന്റെ തുടര്‍ച്ചയായി ജനാധിപത്യ സംവാദങ്ങള്‍ വിവിധ വിഭാഗങ്ങളുമായി മുഖാമുഖരൂപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുകയാണ് എന്ന് വീണ ജോര്‍ജ്ജ് പറഞ്ഞു.

ഇതിനോടനുബന്ധിച്ച് നവകേരള നിര്‍മിതിയെന്ന സാമൂഹ്യ പ്രക്രിയയില്‍ ഭാഗധേയത്വം വഹിക്കുന്ന സമൂഹത്തിലെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന സ്ത്രീകളുടെ മഹാസദസ്സ് സര്‍ക്കാര്‍ സംഘടിപ്പിക്കുകയാണെന്നും മന്ത്രി അറിയിച്ചു. നൂതനവും സര്‍ഗാത്മകവുമായ ചുവടുവെപ്പുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോകുന്ന ഒന്നായിരിക്കും നവകേരളസ്ത്രീ സദസ്സ് എന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് വ്യക്തമാക്കി.

നവകേരളം സംബന്ധിച്ച് സ്ത്രീ സമൂഹത്തിന്റെ പ്രതീക്ഷകള്‍, നിര്‍ദേശങ്ങള്‍, നൂതന ആശയങ്ങള്‍ എല്ലാം ഇവിടെ പങ്കുവയ്ക്കപ്പെടുമെന്ന് മന്ത്രി അറിയിച്ചു.

ജനപ്രതിനിധികള്‍, തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വം വഹിക്കുന്നവര്‍, വകുപ്പ് മേധാവികള്‍, കുടുംബശ്രീ-ആശ-അങ്കന്‍വാടി പ്രവര്‍ത്തകര്‍, ആരോഗ്യ-വിദ്യാഭ്യാസ- വ്യവസായ-കാര്‍ഷിക മേഖലകളിലെ പ്രതിനിധികള്‍, പരമ്പരാഗത വ്യവസായ മേഖല,ഐ.ടി, കലാ-സാഹിത്യ-കായിക മേഖലകള്‍, ആദിവാസി, ട്രാന്‍സ് വനിതകള്‍, തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തത്തോടെയാണ് സദസ്സ് സംഘടിപ്പിക്കുന്നതെന്നും വീണ ജോര്‍ജ്ജ് വ്യക്തമാക്കി.

Content Highlight: Veena George said that the goal of the state government is a woman-friendly New Kerala