| Friday, 4th November 2022, 10:21 am

ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞ്, സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കും: വീണ ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തലശ്ശേരിയില്‍ കാറില്‍ ചാരി നിന്ന ആറ് വയസ്സുകാരനെ മര്‍ദിച്ച സംഭവത്തില്‍ കുടുംബത്തിന് നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ ശിശുവികസന വകുപ്പ് നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഉപജീവനം തേടിയെത്തിയതാണ് അവരെന്നും, സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മണവാട്ടി ജങ്ഷന് അടുത്താണ് സംഭവം ഉണ്ടായത്. കേരളത്തില്‍ ജോലിക്കെത്തിയ രാജസ്ഥാന്‍ സ്വദേശികളുടെ മകന്‍ ഗണേഷിനാണ് മര്‍ദനമേറ്റത്.

കുട്ടിയെ ഇയാള്‍ ചവിട്ടിത്തെറിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടിയുടെ നടുവിന് സാരമായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിര്‍ത്തിയിട്ട കാറില്‍ ചാരി നിന്നതിനാണ് ആറ് വയസ്സുകാരന് ക്രൂരമര്‍ദനമേറ്റത്. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് കുട്ടിയെ മര്‍ദിച്ചത്. സംഭവം കണ്ട് സമീപത്തുണ്ടായിരുന്നവരും റോഡിലൂടെ യാത്ര ചെയ്തവരും എത്തി ഇയാളെ ചോദ്യം ചെയ്തു. എന്നാല്‍, ചെയ്തത് ന്യായീകരിക്കുകയും കാറില്‍ കയറുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ചവിട്ടേറ്റ കുട്ടി ആകെ പകച്ച് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തുകയും ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. എന്നാല്‍, ഇയാളെ സ്റ്റേഷനില്‍ നിന്ന് പറഞ്ഞുവിടുകയും ചെയ്യുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ വെള്ളിയാഴ്ച രാവിലെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ വധശ്രമം ചുമത്തി പൊലീസ് കേസെടുത്തിട്ടുമുണ്ട്.

അതേസമയം, സംഭവത്തില്‍ സ്വമേധയാ കേസ് എടുക്കുമെന്ന് ബാലാവകാശ കമ്മിഷന്‍ അറിയിച്ചു. വിഷയത്തില്‍ കഴിയുന്നതിന്റെ പരമാവധി ഇടപെടുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാര്‍ പ്രതികരിച്ചു. കുട്ടിക്ക് വൈദ്യസഹായം ആവശ്യമെങ്കില്‍ അതിനുള്ള സൗകര്യങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി വീണ ജോര്‍ജിന്റെ കുറിപ്പ്:

കാറില്‍ ചാരിനിന്നതിന് ആറ് വയസ്സുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കും.

രാജസ്ഥാന്‍ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗം തേടിയെത്തിയതാണ് ആ കുടുംബം. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കും.

Content Highlight: Veena George’s Reaction on six year old boy brutally beaten in Thalassery

We use cookies to give you the best possible experience. Learn more