|

'ആശമാരെ പറഞ്ഞുപറ്റിച്ചെന്ന് ആദ്യവരികളില്‍ തന്നെ കൊടുക്കാന്‍ അതിജാഗ്രത'; മാതൃഭൂമിക്കെതിരെ വീണ ജോര്‍ജിന്റെ രൂക്ഷവിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞുപറ്റിച്ചുവെന്ന് എഴുതി പിടിപ്പിക്കാനാണ് മാധ്യമങ്ങള്‍ക്ക് ധൃതിയെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സ്‌ക്രീമിലെ സന്നദ്ധപ്രവര്‍ത്തകര്‍ ഒരു സംസ്ഥാനത്ത് സമരം നടത്തുമ്പോള്‍ ആ വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്തെ ആരോഗ്യമന്ത്രി അനുമതി തേടിയിട്ട്, ഒരു കേന്ദ്രമന്ത്രി ആ വിഷയം അറിഞ്ഞില്ലെന്ന് പറയുമ്പോള്‍ അവിടെയുണ്ടായ വീഴ്ച മാധ്യമങ്ങള്‍ ചിന്തിക്കുന്നില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു.

മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രിയുടെ വിമര്‍ശനം.

മാതൃഭൂമി പത്രത്തിലെ ‘മുന്‍കൂര്‍ അനുമതിയില്‍ വിവാദം, തിരിച്ചടിയായി, വീണാ ജോര്‍ജിന്റെ ഡല്‍ഹി യാത്ര’ എന്ന വാര്‍ത്ത പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്ന് മനസിലാക്കാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മുന്‍കൂര്‍ അനുമതി തേടിയില്ല… ആശമാരെ പറഞ്ഞുപറ്റിച്ചു തുടങ്ങിയ തീര്‍ത്തും തെറ്റായ കാര്യങ്ങള്‍ ആദ്യവരികളില്‍ തന്നെ കൊടുക്കാന്‍ അതിജാഗ്രത പുലര്‍ത്തിയ മാതൃഭൂമി, തൊട്ടടുത്ത വരികളില്‍ തന്നെ അറിയാതെ സത്യം പറഞ്ഞു പോകുന്നുമുണ്ടെന്നും മന്ത്രി പറഞ്ഞു.

സന്ദര്‍ശനാനുമതി തേടി കേന്ദ്രആരോഗ്യമന്ത്രിക്ക് ഇ-മെയില്‍ അയച്ച സമയം താന്‍ തന്നെ പുറത്തുവിട്ടുവെന്നും ബുധനാഴ്ച ഉച്ചയ്ക്ക് 12ന് മെയില്‍ അയച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതില്‍ സന്തോഷമുണ്ടെന്നും വീണ ജോര്‍ജ് പ്രതികരിച്ചു.

വാര്‍ത്തക്കൊപ്പമുള്ള തന്റെ പ്രതികരണത്തില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ് ആശമാര്‍ നിരാഹാര സമരത്തിലേക്ക് കടക്കുന്നുവെന്ന് കണ്ടതോടെയാണ് കേന്ദ്രമന്ത്രിയെ കാണാന്‍ ശ്രമിച്ചതെന്ന്. സമരക്കാരുമായി നടത്തിയ ചര്‍ച്ച വീണ്ടും തീരുമാനമാകാതെ പിരിഞ്ഞപ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ട് കണ്ട് പ്രശ്നം അവതരിപ്പിക്കാന്‍ ശ്രമം നടത്തിയതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ ശ്രമം നടത്തുന്നുണ്ടെന്നും അനുമതി ഇതുവരെ ലഭിച്ചില്ലെന്നുമാണ് ദല്‍ഹിയില്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്. മാതൃഭൂമി ഇക്കാര്യവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

‘എന്നാല്‍ പത്രത്തിലെ ഏഴാം പേജില്‍ ഒരു ഒറ്റക്കോളം വാര്‍ത്തയുണ്ട്. ഇപ്പോഴത്തെ സംഭവങ്ങളിലെ ചിലരുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്ന വാര്‍ത്ത. കേരളത്തിന് എതിരുനില്‍ക്കുന്ന മാധ്യമങ്ങള്‍ അത് തമസ്‌കരിക്കുകയോ ഒറ്റക്കോളത്തിലേക്ക് ഒതുക്കുകയോ ചെയ്ത ആ വലിയ വാര്‍ത്ത. ‘വീണാ ജോര്‍ജിനെ കാണുമെന്ന് കേന്ദ്രമന്ത്രി നഡ്ഡ’ എന്ന തലക്കെട്ടുള്ള വാര്‍ത്തയില്‍ വീണാ ജോര്‍ജ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത് താന്‍ അറിഞ്ഞില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ലോക്സഭയെ അറിയിച്ചിരിക്കുന്നതെന്ന് പറയുന്നുണ്ട്,’ മന്ത്രി പറഞ്ഞു.

ഈ ഒറ്റക്കോളം വാര്‍ത്തയില്‍ തന്നെ മറ്റൊരു വരിയുണ്ട്. വീണാ ജോര്‍ജിനെ കാണാന്‍ ആരോഗ്യമന്ത്രി തയ്യാറായില്ലെന്ന് അഭ്യൂഹമുണ്ടെന്നും അതില്‍ വ്യക്തത വരുത്താന്‍ എം.പി കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു എന്നാണെന്നും മന്ത്രി പറഞ്ഞു. ആ ചോദ്യത്തിന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമായി ഉത്തരം പറഞ്ഞില്ലെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രി ചൂണ്ടിക്കാട്ടി.

സഭയില്‍ വ്യക്തമായി ഉത്തരം പറയാതെ ആരോഗ്യമന്ത്രി എം.പിയെ ചേംബറിലേക്ക് ക്ഷണിച്ചെന്നും മാതൃഭൂമി പ്രത്യേകം പറയുന്നതായും വീണ ജോര്‍ജ് ചൂണ്ടിക്കാട്ടി. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ കാണാത്തത് ചില മാധ്യമപ്രവര്‍ത്തകരുടെ ഇടതുവിരുദ്ധത മൂലമുള്ള അന്ധത കൊണ്ടാണെന്നും സത്യം തിരിച്ചറിയപ്പെടുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Content Highlight: Veena George’s harsh criticism against Mathrubhumi

Video Stories