'ഒബാമയ്ക്ക് വേണ്ടി നടന്ന ക്യാമ്പയിനുകള്‍ കമലയ്ക്ക് വേണ്ടിയുണ്ടായില്ല'; 2012 യു.എസ് തെരഞ്ഞെടുപ്പ് ഓര്‍ത്തെടുത്ത് വീണ ജോര്‍ജ്
Kerala News
'ഒബാമയ്ക്ക് വേണ്ടി നടന്ന ക്യാമ്പയിനുകള്‍ കമലയ്ക്ക് വേണ്ടിയുണ്ടായില്ല'; 2012 യു.എസ് തെരഞ്ഞെടുപ്പ് ഓര്‍ത്തെടുത്ത് വീണ ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th November 2024, 3:47 pm

തിരുവനന്തപുരം: 2024 യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് വേണ്ടി നടന്ന അത്രയും ക്യാമ്പയിനുകളും പ്രചരണങ്ങളും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസിനായി നടന്നിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രിയുടെ പരാമര്‍ശം.

veena george, kerala news, united states, kamala harris, barack obama, prasident eletion

ബരാക് ഒബാമ

മുന്‍ കാലങ്ങളില്‍ നിന്ന് 2024ലെ യു.എസ് തെരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ അന്തരീക്ഷമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. 2012ലെ തെരഞ്ഞെടുപ്പില്‍ ഒബാമ അമേരിക്കക്കാര്‍ക്ക് ഒരു വികാരമായിരുന്നെന്നും മന്ത്രി പറയുന്നു. 2008ലെ ‘Yes We Can’ എന്ന ഡെമോക്രാറ്റ് മുദ്രാവാക്യം 2012ലും ജനങ്ങളില്‍ പ്രചോദനമായിരുന്നുവെന്നും വീണ ജോര്‍ജ് ചൂണ്ടിക്കാട്ടി.

യു.എസിലേത് വാശിയേറിയ പോരാട്ടമാണെന്നതില്‍ സംശയമില്ലെന്നും മന്ത്രി പ്രതികരിച്ചു. ബാരക് ഒബാമയുടെ കാലത്ത് ‘First black to be the president’ എന്നത് ഒരു തരംഗമായിരുന്നു. എന്നാല്‍ ‘First (black) woman to be the president’ എന്ന ഒരു മൂവ്‌മെന്റ് കമലാ ഹാരിസിന് ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

veena george, kerala news, united states, kamala harris, barack obama, prasident eletion

കമല ഹാരിസ്

കുടിയേറ്റവും, യുദ്ധവും, നികുതിയും, വ്യക്തി സ്വാതന്ത്ര്യവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ 2024 യു.എസ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നുണ്ട്. അതുപോലെ റേഡിയോകളില്‍ പരസ്പര വിമര്‍ശനങ്ങളോടെയുള്ള പരസ്യങ്ങളും ഇടതടവില്ലാതെ കേള്‍ക്കാമെന്നും മന്ത്രി പറയുന്നു.

പരമ്പരാഗത റിപ്പബ്ലിക്കാന്‍ സ്റ്റേറ്റുകളിലും ഡെമോക്രാറ്റിക് സ്റ്റേറ്റുകളിലുമായി വിന്യസിച്ചിട്ടുള്ള വീടുകളില്‍ ലഘുലേഖകളും നോട്ടീസുകളും എത്തിക്കാന്‍ പാര്‍ട്ടികള്‍ മത്സരിക്കുകയാണെന്നും വീണ ജോര്‍ജ് പറഞ്ഞു.

കെട്ടുകണക്കിന് നോട്ടീസുകളാണ് ഓരോ വീട്ടിലും എത്തുന്നതെന്നും നമ്മുടെ നാട്ടില്‍ നിന്നും വ്യത്യസ്തമായി യു.എസില്‍ ഏജന്‍സികള്‍ വഴിയാണ് നോട്ടീസ് വിതരണം നടത്തുന്നതെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ ലോക ബാങ്കിന്റെ പാനല്‍ ചര്‍ച്ചയിലേക്ക് ക്ഷണം ലഭിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ് യു.എസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകയായിരുന്ന വീണ ജോര്‍ജ്, 2012ല്‍ യു.എസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണം ലഭിച്ച് അമേരിക്കയിലെത്തി തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇക്കാലയളവില്‍ നേരിട്ട് കണ്ട് മനസിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ കുറിപ്പ്. ജെന്‍ഡറിനെ ഈ തെരഞ്ഞെടുപ്പില്‍ കമലയും ഡെമോക്രാറ്റുകളും വിഷയമായി അവതരിപ്പിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും മന്ത്രി കുറിപ്പില്‍ പറയുന്നുണ്ട്.

veena george, kerala news, united states, kamala harris, barack obama, prasident eletion

ഹിലരി ക്ലിന്റനൊപ്പം ഡൊണാൾഡ് ട്രംപ്

2016ല്‍ ഹിലരി ക്ലിന്റന്‍ ‘വുമണ്‍ കാര്‍ഡ്’ ഇറക്കുന്നുവെന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപ് വിമര്‍ശിച്ചത് ഓര്‍ക്കുന്നുവെന്നും മന്ത്രി കുറിച്ചു.

Content Highlight: Veena George reminded us of the 2012 US election