കേരളത്തിലെ നിപ ലാബുകളെവിടെ? മറുപടിയുമായി വീണ ജോര്‍ജ്
Kerala News
കേരളത്തിലെ നിപ ലാബുകളെവിടെ? മറുപടിയുമായി വീണ ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th September 2023, 7:30 pm

കോഴിക്കോട്: കേരളത്തിലെ പരിശോധനയില്‍ എന്തുകൊണ്ട് നിപ സ്ഥിരീകരിക്കുന്നില്ലെന്ന വിമര്‍ശകരുടെ ചോദ്യത്തോട് പ്രതികരിച്ച് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.

കേരളത്തില്‍ നിപ വൈറസ് സ്ഥിരീകരിക്കാന്‍ നമുക്ക് കഴിയുമെന്നും എന്നാല്‍ അത്യന്തം അപകടകരമായ വൈറസായതിനാല്‍ ഐ.സി.എം.ആര്‍ എന്‍.ഐ.വി മാര്‍ഗനിര്‍ദേശമനുസരിച്ച് എന്‍.ഐ.വി പൂനൈയില്‍ നിന്നുള്ള സ്ഥിരീകരണം വന്നതിന് ശേഷം മാത്രമേ ഡിക്ലയര്‍ ചെയ്യാന്‍ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു.

‘സംസ്ഥാനത്ത് നിപ വൈറസ് രോഗം പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പിലുണ്ട്. 2021 സെപ്റ്റംബര്‍ മാസത്തിലാണ് കോഴിക്കോട് നിപ ബാധിച്ച് ഒരു മരണമുണ്ടായത്. അന്ന് എന്‍.ഐ.വിയിലുള്ള ആളുകള്‍ ഇവിടെ വന്ന് പരിശീലനം നല്‍കിയിരുന്നു.

നിപ സ്ഥിരീകരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ട്. കേരളത്തില്‍ നിപ വൈറസ് സ്ഥിരീകരിക്കാന്‍ നമുക്ക് കഴിയും. എന്നാല്‍ വൈറസ് ഡിക്ലറേഷന്‍ നടത്താന്‍ പൂനെ എന്‍.ഐ.വിക്കാണ് നിലവില്‍ കഴിയുക.

അത്യന്തം അപകടകരമായ വൈറസായതിനാല്‍ ഐ.സി.എം.ആര്‍ എന്‍.ഐ.വി മാര്‍ഗനിര്‍ദേശമനുസരിച്ച് ഒരിടവേളക്ക് ശേഷം ഔട്ട്ബ്രേക്ക് വരികയാണെങ്കില്‍ എവിടെ പരിശോധിച്ചാലും എന്‍.ഐ.വി പൂനൈയില്‍ നിന്നുള്ള സ്ഥിരീകരണം വന്നതിന് ശേഷം മാത്രമേ ഡിക്ലയര്‍ ചെയ്യാന്‍ പാടുള്ളൂ. ഐ.സി.എംആറിന്റെ ഈ നിര്‍ദേശം ഉള്ളത് കാരണമാണിത്,’ വീണ ജോര്‍ജ് പറഞ്ഞു.

Content Highlights: Veena George on Nipah Virus declaration