തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കൊവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കണം. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ അവരെ കൊണ്ട് പുറത്തേക്ക് പോകരുതെന്നും മന്ത്രി നിര്‍ദേശിച്ചു.
കൊവിഡ് രണ്ടാം തരംഗത്തില്‍ കേരളത്തില്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മെയ് 12ന് ആയിരുന്നു. അന്ന് 29.76 ആയിരുന്നു ടിപിആര്‍. ഇത് പത്തിനടുത്തേക്ക് കുറച്ചുകൊണ്ടുവരാന്‍ നമുക്കായി.
രോഗികളുടെ എണ്ണം ഏഴിരട്ടിയോളം വര്‍ധിക്കുന്ന സാഹചര്യം വരെയുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്തും കൊവിഡ് വ്യാപനം കൂടുതലായിരുന്നു.
ഏറ്റവും നന്നായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളമാണ്. ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം. 6ല്‍ 1 കേസ് എന്ന നിലയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
18 വയസിനു മുകളിലുള്ള 70.24% പേര്‍ക്കും ആദ്യഡോസ് വാക്‌സീന്‍ നല്‍കി. 25.51% പേര്‍ക്ക് ഇതുവരെ രണ്ടാം ഡോസ് നല്‍കി. മരണസംഖ്യ ഏറ്റവും കുറവ് കേരളത്തിലാണെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.
‘കേരളം കൊവിഡിനെ കൈകാര്യം ചെയ്യുന്ന രീതി ശാസ്ത്രീയമാണ്. ബ്രെക് ത്രൂ ഇന്‍ഫെക്ഷന്‍ പഠനം നടത്തിയ സംസ്ഥാനമാണ് കേരളം. ഇവിടെ ഐ.സി.യു, വെന്റിലേറ്റര്‍, ആശുപത്രി ആവശ്യം വരുന്നവരുടെ എണ്ണം വളരെ കുറവാണ്. നിലവില്‍ പൊതുമേഖലയില്‍ 75% വെന്റിലേറ്റര്‍, 43% ഐസിയു ഒഴിവുണ്ട്. 281 സ്വാകാര്യ ആശുപത്രികള്‍ ഇതിനു പുറമെ ഉണ്ട്,’ മന്ത്രി പറഞ്ഞു.
വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗതീവ്രത കുറവാണ്. ഹോം ഐസൊലേഷന്‍ പൂര്‍ണ തോതില്‍ ആകണം. അല്ലാത്തവര്‍ മാറ്റ് കേന്ദ്രങ്ങളിലേക്ക് മാറണമെന്നും മന്ത്രി പറഞ്ഞു.
സത്യസന്ധവും സുതാര്യവുമായാണ് കാര്യങ്ങള്‍ ചെയ്യുന്നത്. വീട്ടില്‍ സൗകര്യം ഇല്ലാത്തവര്‍ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറണം. മൂന്നാം തരംഗം തുടങ്ങിയോ എന്നത് ആരോഗ്യവകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Veena George on Kerala Covid