| Thursday, 7th April 2022, 9:59 am

ആരോഗ്യവകുപ്പിനെ അധിക്ഷേപിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ വകുപ്പിലെ തന്നെ ചിലര്‍: വീണ ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പാണ് ആരോഗ്യവകുപ്പെന്ന ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഐ.എ.എസിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തെറ്റായ പ്രചരണങ്ങള്‍ക്ക് പിന്നില്‍ ആരോഗ്യവകുപ്പിലെ ചിലരാണെന്ന് മന്ത്രി പറഞ്ഞു.

‘ആരോഗ്യവകുപ്പിനെ അധിക്ഷേപിക്കുന്ന വാര്‍ത്തകള്‍ വരുന്നു. വകുപ്പില്‍ മുഴുവന്‍ പ്രശ്‌നങ്ങള്‍ മാത്രമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിന് പിന്നില്‍ ആരോഗ്യവകുപ്പിലെ തന്നെ ചിലരാണ്. ചീഫ് സെക്രട്ടറിയുടെ അഭിപ്രായം പഴയ കേസുകളിന്മേലുള്ളതാണ്,’ വീണ ജോര്‍ജ് പറഞ്ഞു.

ആരോഗ്യവകുപ്പിലെ സ്ഥാനക്കയറ്റം, അച്ചടക്ക നടപടി, സീനിയോരിറ്റി പട്ടിക, അവധിക്രമം തുടങ്ങിയ വിഷയങ്ങളില്‍ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. ഉദ്യോഗസ്ഥര്‍ ജോലി കൃത്യമായി നിര്‍വഹിക്കാത്തതാണ് ഇത്തരം വീഴ്ചകള്‍ക്ക് കാരണമാവുന്നതെന്നാണ് ചീഫ് സെക്രട്ടറി നേരത്തെ പറഞ്ഞിരുന്നത്.

വകുപ്പിലെ അവധി ക്രമം ഇനിയും നേരെയായിട്ടില്ല, 30- 40 വര്‍ഷം മുമ്പുള്ള കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. ഇതില്‍ പലതിലും സര്‍ക്കാര്‍ തോല്‍ക്കുന്നുമുണ്ട്. നഷ്ടപരിഹാരമായി വലിയ തുക നല്‍കേണ്ടി വരുന്നു. കേസുകള്‍ ഫോളോ അപ്പ് ചെയ്യുന്നതില്‍ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. ഇതിന്റെ ഭാഗമായി വരുന്ന കോടതിലക്ഷ്യ കേസുകളും മറ്റ് പ്രശ്നങ്ങളും ചീഫ് സെക്രട്ടറിക്കാണ് ബാധ്യതയാവുന്നത്.

ഇത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. പല ഉദ്യോഗസ്ഥരും സ്വന്തം കടമ നിര്‍വഹിക്കുന്നില്ല. ഈ നടപടിഒഴിവാക്കണം. വകുപ്പിന്റെ നടപടി ക്രമങ്ങള്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Veena George gives reply to Chief secretary on statement related health department

Latest Stories

We use cookies to give you the best possible experience. Learn more