| Sunday, 4th August 2024, 9:29 pm

വയനാട് ഉരുള്‍പൊട്ടല്‍; വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മന്ത്രി വീണ ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കുട്ടികളെ ദത്തെടുക്കല്‍ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് നടപടി. ദുരന്തമുഖത്തെ ആരോഗ്യ-സുരക്ഷാപ്രവര്‍ത്തനങ്ങളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ നിര്‍ദേശം.

ദുരന്തത്തില്‍ അകപ്പെട്ട് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ വളര്‍ത്താന്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉള്‍പ്പെടെ കുട്ടികളെ നല്‍കുന്നുണ്ടെന്നും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് നിര്‍ദേശം. ഇത്തരത്തില്‍ പ്രചരണം നടത്തുന്നവരുടെ ഉദ്ദേശം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ശിക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു.

ഇതിനുപുറമെ ദുരന്തത്തെ തുടര്‍ന്ന് മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ടവരുടെ കണക്കെടുക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ വാക്‌സിനേഷന്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ക്കുള്ള മാനസിക പിന്തുണാ പരിപാടിയും ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗര്‍ഭിണികള്‍ക്ക് ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും ആവശ്യമായവര്‍ക്ക് സ്‌കാനിങ് ഉള്‍പ്പെടെയുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

മൃതദേഹങ്ങളും ശരീര ഭാഗങ്ങളും തിരിച്ചറിയാന്‍ ഡി.എന്‍.എ സാമ്പിള്‍ കളക്ഷന്‍ ആരംഭിച്ചു. ഇതുവരെ 49 സാമ്പിളുകള്‍ ശേഖരിച്ചുവെന്നും മന്ത്രി പറഞ്ഞു. മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിക്കാനും തിരികെ കൊണ്ടുപോകാനുമായി 149 ആബുലന്‍സുകള്‍ സജ്ജമാണെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

നേരത്തെ ദുരന്തത്തില്‍ അകപ്പെട്ട കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനായി മാധ്യമങ്ങള്‍ക്ക് മന്ത്രി ഏതാനും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രക്തപരിശോധനയ്ക്ക് തയ്യാറാവുന്നരുടെ മാനസികാരോഗ്യം ഉറപ്പുവരുത്താന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കിയ വിവരവും മന്ത്രി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഈ അറിയിപ്പുകള്‍ പ്രകാരമാണ് ക്യാമ്പുകളിലെ നടപടി ക്രമങ്ങള്‍ നടന്നുവരുന്നത്.

Content Highlight: Veena George directed strict action against those spreading false propaganda in connection with Wayanad landslide

We use cookies to give you the best possible experience. Learn more