തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന പരാതി നിഷേധിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മന്തിയുടെ പേഴ്‌സണല്‍ സ്റ്റാഫായ അഖില്‍ മാത്യുവിനെതിരെയാണ് മലപ്പുറം സ്വദേശിയായ ഹരിദാസ് കൈക്കൂലി ആരോപണം ഉന്നയിച്ചത്. അഖില്‍ മാത്യു പണം വാങ്ങിയിട്ടില്ലെന്നും പരാതി അന്വേഷിക്കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടതായും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഡോക്ടര്‍ നിയമനത്തിനായി പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയിരുന്നെന്നാണ് മലപ്പുറം സ്വദേശിയായ ഹരിദാസന്റെ പരാതി.
പരാതി മന്ത്രിയുടെ ഓഫീസ് ഡി.ജി.പിക്ക് കൈമാറി. മകന്റെ ഭാര്യക്ക് മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനാണ് പണം നല്‍കിയതെന്ന് പരാതിക്കാരനായ ഹരിദാസന്‍ പറഞ്ഞു. അഞ്ച് ലക്ഷം രൂപ പല തവണയായി നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും ഇയാള്‍ ആരോപിച്ചു.
എന്നാല്‍ എന്‍.എച്ച്.എം ഡോക്ടര്‍ നിയമനത്തിന് പണം വാങ്ങിയെന്ന പരാതി വസ്തുത വിരുദ്ധമാണെന്ന് വീണ ജോര്‍ജ് പറഞ്ഞു. പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യു തന്റെ ബന്ധുവല്ല. ആര്‍ക്കും ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്നും പൊലീസ് അന്വേഷിച്ചതിന് ശേഷം കുറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തോട് വിശദീകരണം തേടിയിരുന്നു. അഴിമതി ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കില്ല. ഇതുസംബന്ധിച്ച് സെപ്റ്റംബര്‍ 13നാണ് പരാതി ലഭിക്കുന്നത്. നിപ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആ സമയത്ത് കോഴിക്കോടായിരുന്നു. അഖില്‍ മാത്യുവിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണം അടിസ്ഥാനമില്ലാത്തതെന്നും വീണ ജോര്‍ജ് പറഞ്ഞു.
Content Highlights: Veena George denies the complaint against her personal staff