തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ വകുപ്പില്‍ പിന്‍വാതില്‍ നിയമനമെന്ന യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ ആരോപണം തള്ളി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുര്‍വേദ -ഹോമിയോ വകുപ്പുകളില്‍ കൂട്ട പിന്‍വാതില്‍ നിയമനമെന്ന ഫിറോസിന്റെ ആരോപണമാണ് മന്ത്രി തള്ളിയത്.
ആയുഷ് വകുപ്പിലെ നിയമനങ്ങളെപ്പറ്റിയുള്ള ഫിറോസിന്റെ ആരോപണം വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും രാഷ്ട്രീയ ലക്ഷ്യംവെച്ചുളള നീക്കവുമാണെന്നും വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു.
ആരോഗ്യ സ്ഥാപനങ്ങളില്‍ സ്ഥിരം തസ്തികകളില്‍ നിയമനം നടത്തുന്നത് പി.എസ്.സി വഴിയാണെന്നും എന്നാല്‍ സ്ഥിരം തസ്തികകളില്‍ ഒഴിവ് വരുമ്പോള്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത സാഹചര്യത്തില്‍ അത്തരം തസ്തികകളില്‍ എംപ്ലോയ്മെന്റ് എക്സേഞ്ച് വഴി ആളുകളെ നിയമിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.
‘നാഷണല്‍ ആയുഷ് മിഷനിലെ നിയമനങ്ങളെല്ലാം തന്നെ കൃത്യമായ മാനദണ്ഡങ്ങളനുസരിച്ചാണ് നടത്തുന്നത്. പത്ര പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ച് പരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയാണ് നിയമനം നടത്തുന്നത്. 20 ല്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മാനദണ്ഡമനുസരിച്ച് പരീക്ഷയും നിര്‍ബന്ധമാണ്.
ഫിറോസ് ആരോപണം ഉന്നയിച്ച എടക്കര ആയുര്‍വേദ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ വഴി നിയമിച്ച 10 പേരെയും അപേക്ഷ ക്ഷണിച്ച് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് നിയമിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയമിക്കപ്പെട്ട അവരുടെ കരാര്‍ പുതുക്കി നല്‍കുന്നത് നാഷണല്‍ ആയുഷ് മിഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ്. ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു ആരോപണം ഉന്നയിക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. ആരോഗ്യ വകുപ്പിനെ ഇകഴ്ത്തിക്കാട്ടാനുള്ള ഇത്തരം കുപ്രചരണങ്ങളെ തള്ളിക്കളയണം,’ വീണ ജോര്‍ജ് പറഞ്ഞു.
ആയുഷ് വകുപ്പിന് കീഴിലുള്ള ആയുര്‍വേദ, ഹോമിയോ വകുപ്പുകളില്‍ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ സി.പി.ഐ.എം പാര്‍ട്ടി നിയമനങ്ങള്‍ നടത്തുകയാണെന്ന ആരോപണം പി.കെ ഫിറോസ് ഉന്നയിച്ചിരുന്നു. കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പി.കെ ഫിറോസ് ഇക്കാര്യം പറഞ്ഞത്.
മലപ്പുറം ജില്ലയില്‍ മാത്രം ആരോഗ്യ വകുപ്പില്‍ 74 പാര്‍ട്ടി നിയമനങ്ങളും സംസ്ഥാനത്തൊട്ടാകെ തൊള്ളായിരത്തിലധികം നിയമനങ്ങളും നടന്നിട്ടുള്ളതായാണ് തങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നതെന്നും പി.കെ ഫിറോസ് പറഞ്ഞു.
മലപ്പുറത്തെ എടക്കര ആശുപത്രിയിലെ നിയമനങ്ങളില്‍ ഗുരുതര ക്രമക്കേടുകളാണ് നടന്നിട്ടുള്ളതെന്നും ഇവിടെ ആകെയുള്ള 28 ജീവനക്കാരില്‍ 15 പേരുടേതും പാര്‍ട്ടി നിയമനമാണെന്നുമാണ് ഫിറോസ് ആരോപിച്ചത്.
content highlight: veena george against pk firoz