| Tuesday, 28th March 2023, 6:10 pm

സ്ത്രീകളെ ശരീരം മാത്രമായി കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്റേത്; പരാമര്‍ശം മുഴുവന്‍ സ്ത്രീകള്‍ക്കുമെതിരെ: വീണ ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശം നിന്ദ്യവും പ്രതിഷേധാര്‍ഹവുമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. സി.പി.ഐ.എമ്മിലെ വനിതാ പ്രവര്‍ത്തകരെ മാത്രമല്ല, മുഴുവന്‍ സ്ത്രീകളെയുമാണ് അദ്ദേഹം അപമാനിച്ചതെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

സ്ത്രീകളെ ശരീരം മാത്രമായി കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്റേതെന്നും വീണ ജോര്‍ജ് പറഞ്ഞു.

‘ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശം നിന്ദ്യവും പ്രതിഷേധാര്‍ഹവുമാണ്. അങ്ങേയറ്റം ഹീനമായ ആ പരാമര്‍ശം ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സി.പി.എമ്മിലെ വനിതാ പ്രവര്‍ത്തകരെ മാത്രമല്ല മുഴുവന്‍ സ്ത്രീകളെയുമാണ് കെ.സുരേന്ദ്രന്‍ അപമാനിച്ചിരിക്കുന്നത്.

സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്റേത്. സമൂഹത്തിന് മാതൃകയായി നില്‍ക്കേണ്ടവരാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍. സ്ത്രീകളുടെ ശരീരത്തെ ഉദാഹരിച്ച് രാഷ്ട്രീയ വിമര്‍ശനം നടത്തുന്നത് ശരിയായ രീതിയല്ല. ബി.ജെ.പിയിലെ സ്ത്രീകള്‍ ഉള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധിക്കണം,’ അവര്‍ പറഞ്ഞു.

സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും രംഗത്തെത്തിയിരുന്നു. ഇത് സുരേന്ദ്രന്റെ രാഷ്ട്രീയ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിലെ സ്ത്രീകള്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നടത്തിയ ഹീനമായ പദപ്രയോഗം അദ്ദേഹത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നത്. കേരളത്തിലെ സ്ത്രീകള്‍ അഴിമതി നടത്തി തിന്ന് കൊഴുത്ത് പൂതനകളായി നടക്കുകയാണെന്ന പ്രസ്താവന അപലപനീയവും ഒരു രാഷ്ട്രീയ നേതാവിന് യോജിക്കാത്തതും ആണ്.

400 കോടി രൂപയുടെ അഴിമതിയാരോപണത്തിന്റെ പാപഭാരം പേറുന്ന സുരേന്ദ്രന്‍ സ്വന്തം മകനെ പിന്‍വാതിലിലൂടെ നിയമിച്ച അഴിമതിയുടെ ദുഷിച്ച ആള്‍രൂപമാണ്. അങ്ങനെ അഴിമതിയില്‍ മുങ്ങിയ സുരേന്ദ്രന്റെ വാക്കുകള്‍ പൊതുവില്‍ കേരളത്തോടുള്ള ബി.ജെ.പിയുടെ അവജ്ഞയില്‍ നിന്ന് വന്നതും വിശിഷ്യാ സ്ത്രീകളോടുള്ള അവരുടെ കാഴ്ചപ്പാടിന്റെ കൂടി പ്രതിഫലനമാണ്.

കെ.സുരേന്ദ്രന്റെ ഇത്തരം സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ തെരുവ് പട്ടിയുടെ കുരയെക്കാള്‍ വലിയ അസ്വസ്ഥതയാണ് ജനങ്ങള്‍ക്കുണ്ടാക്കുന്നത്. ഇത്രയും നിന്ദ്യമായ വാക്കുകള്‍ സ്ത്രീകള്‍ക്കെതിരെ ഉപയോഗിച്ച സുരേന്ദ്രന്‍ സംസ്‌കാരമില്ലാത്ത ഒരു രാഷ്ട്രീയ മാലിന്യമാണ്,’ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സുരേന്ദ്രനെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ സി.പി.ഐ.എം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച തൃശൂരില്‍ നടന്ന ബി.ജെ.പി സമ്മേളനത്തിനിടെയാണ് സി.പി.ഐ.എമ്മിന്റെ വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ സുരേന്ദ്രന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ‘സി.പി.ഐ.എമ്മിലെ സ്ത്രീകളൊക്കെ തടിച്ച് കൊഴുത്ത് പൂതനകളെ പോലെയായി’ എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

ബി.ജെ.പി തൃശൂരില്‍ വെച്ച് നടത്തിയ സ്ത്രീ ശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം.

content highlight: veena george against k surendran

We use cookies to give you the best possible experience. Learn more