| Wednesday, 10th May 2023, 2:54 pm

വനിതാ ഡോക്ടര്‍ മരിച്ച സംഭവം; പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി വീണ ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഡോക്ടര്‍ വന്ദന മരിച്ച സംഭവത്തില്‍ വന്ദനക്ക് പരിചയക്കുറവുണ്ടായിരുന്നെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ വളച്ചൊടിച്ചുവെന്നും ഇത്തരത്തില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ക്രൂരതയാണെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇത്തരം കാര്യങ്ങള്‍ മാധ്യങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണം. ഒരു ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസ്സാണ് ഇവിടെ വെളിവാകുന്നതെന്നും വീണ ജോര്‍ജ് കുറ്റപ്പെടുത്തി. താന്‍ പറഞ്ഞ വാക്കുകള്‍ അവിടെ തന്നെയുണ്ട്. ദുരന്തത്തെക്കുറിച്ച് ഇത്ര ഇന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല താനെന്നും അത് തന്നെ അറിയുന്നവര്‍ക്ക് അറിയാമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

വിശദീകരണത്തിനുള്ള സമയമല്ല ഇത്. എങ്കിലും മാധ്യമങ്ങള്‍ വാക്കുകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുമ്പോള്‍ ജനങ്ങള്‍ വസ്തുത മനസിലാക്കണമെന്നത് കൊണ്ടാണ് ഇത്രയും പറയുന്നതെന്നും ബാക്കി പിന്നീട് പറയാമെന്നും മന്ത്രി പറഞ്ഞു.

‘ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റ് ഉള്ള സ്ഥലത്തായിരുന്നു ആക്രമണം. രാവിലെ അഞ്ചിനാണ് പ്രതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പരിശോധനക്ക് എത്തിച്ചത്. അയാള്‍ വളരെ വയലന്റായിരുന്നു. അവിടെ പരിശീലനത്തിനായി ഉണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലെ ഹൗസ് സര്‍ജനാണ് വളരെ.. വളരെ വേദനിപ്പിക്കുന്ന രീതിയില്‍ കൊല്ലപ്പെട്ടത്. ഡോക്ടര്‍ക്ക് എക്സ്പീരിയന്‍സ് കുറവായിരുന്നുവെന്നും അക്രമം ഉണ്ടായപ്പോള്‍ അവര്‍ ഭയന്നു പോയെന്നുമാണ് മുതിര്‍ന്ന ഡോക്ടര്‍ അറിയിച്ചത്’, എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

അതേസമയം ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന വ്യപകമായി ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു. ഐ.എം.എ, കെ.ജി.എം.ഒ.എ സംഘടനകള്‍ ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യവുമായാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

ബുധനാഴ്ച പുലര്‍ച്ചേ നാല് മണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിച്ച അക്രമാസക്തനായ രോഗിയാണ് ഡോക്ടറെ കുത്തിയത്. ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് കുത്തേറ്റത്. കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം.

വന്ദനയെ കുത്തുന്നത് തടയാന്‍ ശ്രമിച്ചവര്‍ക്കും കുത്തേറ്റു. പൊലീസുകാരന്‍, സുരക്ഷാ ജീവനക്കാരന്‍, ആശുപത്രിയിലുണ്ടായിരുന്നൊരാള്‍ എന്നിവരെയും കുത്തിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ട്. നെടുമ്പന യു.പി സ്‌കൂളിലെ അധ്യാപകനായ എസ്. സന്ദീപാണ് പ്രതി.

Contenthighlight: Veena george about doctor murder

We use cookies to give you the best possible experience. Learn more