തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അനുപമയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വിമര്‍ശനത്തിന് മറുപടിയുമായി ആരോഗ്യ മന്തി വീണാ ജോര്‍ജ്.
‘ആറ് മാസം മുന്‍പ് കുഞ്ഞിനെ കാണാതായതായി അനുപമ പരാതി നല്‍കിപ്പോള്‍ വീണാ ജോര്‍ജ് എവിടെയായിരുന്നു’ എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചത്.
ആറ് മാസം മുമ്പ് താന്‍ സ്വന്തം മണ്ഡലത്തിലായിരുന്നുവെന്നും, അന്ന് താന്‍ എം.എല്‍.എ ആയിരുന്നു എന്നുമാണ് വീണാ ജോര്‍ജ് പ്രതിപക്ഷ നേതാവിന് മറുപടി നല്‍കിയത്.
അനുപമയുടെ പ്രശ്നം മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഇടപെട്ട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നുവെന്നും വീണാ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അമ്മ അറിയാതെ കുഞ്ഞിനെ വേര്‍പ്പെടുത്തുകയും ദത്ത് നല്‍കുകയും ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനും ശിശുക്ഷേമ സമിതിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായാണ് വി.ഡി. സതീശന്‍ രംഗത്ത് വന്നത്.
‘ചോര കുഞ്ഞിനെ കാണാനില്ല എന്ന ഒരു അമ്മയുടെ പരാതി അവഗണിക്കരുത്. അവരുടെ പരാതി അധികാരികള്‍ കേട്ടില്ല, കണ്ടില്ല എന്നത് വലിയ തെറ്റാണ്.
കുഞ്ഞിനെ ചേര്‍ത്തു പിടിക്കാനുള്ള അവകാശം ഒരമ്മയുടേതാണ്. പൊലീസ്, ശിശുക്ഷേമ സമിതി തുടങ്ങിയ സംവിധാനങ്ങള്‍ക്കെതിരെ അമ്മ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്.
മുഖ്യമന്ത്രി, സാമൂഹിക നീതി വകുപ്പ് മന്ത്രി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി എന്നിവര്‍ കാര്യം മനസ്സിലായിട്ടും പരാതി പരിഹരിക്കാന്‍ ഒന്നും ചെയ്തില്ല. വ്യക്തിപരമായ കാര്യങ്ങളോ രാഷ്ട്രീയമോ ഒക്കെ കലര്‍ത്താന്‍ വരട്ടെ. ആദ്യം കുഞ്ഞിനെ കാണാനില്ല എന്ന പരാതിക്ക് സമാധാനം ഉണ്ടാക്കണം.’ എന്നായിരുന്നു പ്രതിപക്ഷ നേതാവ് നേരത്തെ പറഞ്ഞിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Veena Geogre replies to VD Satheesan