| Monday, 15th June 2020, 11:04 am

മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ മകള്‍ വീണയും വിവാഹിതരായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരായി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു വിവാഹം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ലളിതമായ വിവാഹ ചടങ്ങായിരുന്നു നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച് പേര്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

ചടങ്ങില്‍ മുഹമ്മദ് റിയാസിന്റെ അച്ഛനും അമ്മയ്ക്കും പങ്കെടുക്കാനായിരുന്നില്ല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ തന്നെ 60 വയസ് കഴിഞ്ഞ ഇവര്‍ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇത്തരത്തില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരുന്നു വിവാഹ ചടങ്ങുകള്‍ നടത്തിയത്.

വിവാഹ ചടങ്ങിന് ശേഷം നടക്കുന്ന വിരുന്ന് സല്‍ക്കാരത്തിലേക്ക് പാര്‍ട്ടിയിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വിവാഹവേദിയാകുന്നത് ഇത് ആദ്യമാണ്.

ഐടി സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ. നേരത്തെ ഒറാക്കിളില്‍ കണ്‍സള്‍ട്ടന്റായും ആര്‍.പി ടെക്സോഫ്റ്റ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും വീണ പ്രവര്‍ത്തിച്ചിട്ടുണ്ട്.

എസ്.എഫ്.ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡന്റാകുന്നത്.

പഠനകാലത്ത് എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ മുഹമ്മദ് റിയാസ് 2017ലാണ് ഡി.വൈ.എഫ്.ഐയുടെ ദേശീയ പ്രസിഡന്റാവുന്നത്. 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ റിയാസ് കോഴിക്കോട് നിന്ന് മത്സരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more