| Tuesday, 7th October 2014, 9:24 am

'പുരയ്ക്ക് മീതെ ചാഞ്ഞാല്‍ പൊന്‍മരവും': തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി വീക്ഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് വെട്ടിലായ ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കോണ്‍ഗ്രസിലിരുന്ന് ബി.ജെ.പിയുടെ കാമ്പസ് സെലക്ഷനുള്ള ശ്രമം വിശ്വാസവഞ്ചനയാണെന്ന് വീക്ഷണം വിമര്‍ശിക്കുന്നു. ബി.ജെ.പി പക്ഷത്തെ സമൃദ്ധിയും ഭരണവും മോഹിപ്പിക്കുന്നുണ്ടാവാം. തരൂരിന്റെ ചോറ് ഇങ്ങും കൂറ് അങ്ങുമാണെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു.

“പുരയ്ക്ക് മീതെ ചാഞ്ഞാല്‍ പൊന്‍മരവും” എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലാണ് തരൂരിനെ വീക്ഷണം രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. തരൂരിന്റെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം.

“സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്നതിനേക്കാള്‍ മ്ലേഛവും അശ്ലീലവുമാണ് സ്വന്തം കിടപ്പറയിലിരുന്ന് ജാരന് നേരെ കടക്കണ്ണെറിയുന്നത്. പവിത്രമല്ലാത്ത ഇത്തരം അവിശുദ്ധ വിചാരങ്ങള്‍ സത്യസന്ധതയ്ക്കും സദാചാരത്തിനും നിരക്കാത്തതാണ്. അപ്പുറത്തെ പ്രലോഭനങ്ങളില്‍ ആകൃഷ്ടരായത് കൊണ്ടാവാം ഇപ്പുറത്തിരുന്ന് അപ്പുറത്തേക്ക് കണ്ണയക്കുന്നതും മനോവിചാരങ്ങളെ മേയാന്‍ വിടുന്നതും.” എന്ന് പറഞ്ഞാണ് വീക്ഷണത്തിന്റെ എഡിറ്റോറിയല്‍ ആരംഭിക്കുന്നത്.

തരൂര്‍ ഒരു സൈബീരിയന്‍ കൊക്കാണെന്നും പാര്‍ട്ടിപത്രം ആക്ഷേപിക്കുന്നു. സൈബീരിയന്‍ കൊക്കുകള്‍ക്ക് ചില്ലയും കൂടും നല്‍കിയ പ്രവര്‍ത്തകരെ അദ്ദേഹം വഞ്ചിക്കുകയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

“കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയ പദവിയിലിരുന്ന് ജാരന് അടുക്കള വാതില്‍ തുറന്നു കൊടുക്കുന്നതിലും ഭേദം ഉമ്മറവാതിലിലൂടെ ജാരന്റെ കൂടെ ഇറങ്ങി പോകുന്നതാണ്. ചാനല്‍ പ്രതികരണങ്ങളില്‍ നിഷ്പക്ഷതയുടെ മുഖംമൂടിയണിയുകയും ട്വിറ്ററുകളിലൂടെ മോദിക്ക് വേണ്ടി പ്രണയ ഗീതങ്ങള്‍ രചിക്കുകയും എഡിറ്റ് പേജുകളില്‍ മോദിക്ക് മംഗളപത്രം എഴുതുകയും ചെയ്യുന്നവരുടെ ചോറ് ഇങ്ങും കൂറ് അങ്ങുമാണെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നു.

പൊന്‍മരമായാലും പുരയ്ക്ക് മീതെ ചാഞ്ഞാല്‍ വെട്ടിമാറ്റണം; അല്ലെങ്കില്‍ കമ്പിയിട്ട് കെട്ടണം.ഒരു തിരഞ്ഞെടുപ്പ് പരാജയം താങ്ങാന്‍ കെല്‍പ്പില്ലാത്ത ഇത്തരം വിശുദ്ധ പശുക്കള്‍ എത്രനാള്‍ കോണ്‍ഗ്രസിന്റെ കൂടെയുണ്ടാകും. ഇപ്പോള്‍ കോണ്‍ഗ്രസിനുണ്ടായ വേനലും വറുതിയും കണ്ടു നിരാശരായ അവരെ ബി.ജെ.പി പക്ഷത്തെ സമൃദ്ധിയും ഭരണവും മോഹിപ്പിക്കുന്നുണ്ടാകാം. അനുകൂല കാലാവസ്ഥ തേടിയെത്തുന്ന ഇത്തരം സൈബീരിയന്‍ കൊക്കുകള്‍ക്ക് ചില്ലയും കൂടും നല്‍കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് ഇവര്‍ വഞ്ചിക്കുന്നത്. വിദേശ പാണ്ഡിത്യത്തിന്റെ അവസാന വാക്ക് തങ്ങളാണെന്ന് ധരിക്കുന്ന ഇവര്‍ കോണ്‍ഗ്രസിലിരുന്ന് ബി.ജെ.പിയുടെ ക്യാമ്പസ് സെലക്ഷന് വേണ്ടി പരിശ്രമിക്കുന്നത് വിശ്വാസ വഞ്ചനയാണ്.” വീക്ഷണം കുറ്റപ്പെടുത്തുന്നു.

തരൂരിന്റെ പരാമര്‍ശത്തില്‍ പല കോണ്‍ഗ്രസ് നേതാക്കളും ഇതിനകം തന്നെ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more