| Thursday, 4th June 2015, 8:47 am

'മൂര്‍ത്തിയേക്കാള്‍ ഊറ്റം വെളിച്ചപ്പാടിനോ', ചീഫ് സെക്രട്ടറിക്കെതിരെ വീക്ഷണം മുഖപ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം: പാമോലിന്‍ വിഷയത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ രൂക്ഷ വിമര്‍ശനവുമായി വീക്ഷണം ദിനപത്രം. കേസുമായി ബന്ധപ്പെട്ട തോംസണിന്റെ പരാമര്‍ശം കാപട്യമാണെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് അദ്ദേഹത്തിന്റേതെന്നും  വീക്ഷണം പറയുന്നു. “മൂര്‍ത്തിയേക്കാള്‍ ഊറ്റം വെളിച്ചപ്പാടിനോ” എന്ന തലക്കെട്ടിലാണ് വീക്ഷണത്തിന്റെ മുഖ പ്രസംഗം.

പാമോലിന്‍ ഇടപാടിനെ താന്‍ എതിര്‍ത്തിരുന്നുവെന്ന തോംസണിന്റെ പുതിയ വെളിപാടും വെളിപ്പെടുത്തലും വഴി സ്വയം വിശുദ്ധനും വാഴ്ത്തപ്പെട്ടവനുമാകാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും പാമോലിന്‍ അല്ല മറിച്ച് ലൈറ്റ് മെട്രോ പദ്ധതിയെ കുറിച്ചുള്ള നടക്കാതെ പോയ തന്റെ മനക്കോട്ടകളാണ് തോംസണിന്റെ നാവിലൂടെ പുളിച്ച് തികട്ടുന്നതെന്നും  മുഖപ്രസംഗത്തില്‍ പറയുന്നു.

പാമോലിന്‍ കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കായി രണ്ടുതവണ മലേഷ്യയില്‍ പോവുകയും നിരവധി ഫയലുകളില്‍ ഒപ്പുചാര്‍ത്തുകയും ചെയ്ത ജിജി തോംസണ്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് വേലി തന്നെ വിള തിന്നുന്നതിന് തുല്യമാണെന്നും വീക്ഷണം പറയുന്നു.

ദേശീയ ഗെയിംസിലെ അഴിമതിയുടെ പേരില്‍ കായിക മന്ത്രിയെയും ദേശീയ ഗെയിംസ് സംഘാടക സമിതിയെയും അപഹസിച്ച ജിജി തോംസണിന്റെ നടപടി സര്‍ക്കാരിന് ഏറെ നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ  ശാസന കിട്ടിയപ്പോള്‍ പത്തി മടക്കിയ തോംസണ്‍  തരംകിട്ടുമ്പോഴൊക്കെ സര്‍ക്കാര്‍ വിമര്‍ശിക്കുന്നുണ്ടെന്നും മുഖ പ്രസംഗം പറയുന്നു.

ഒരു ജനകീയ മന്ത്രിസഭയുടെ കീഴിലാണ് താനുള്ളതെന്ന് തോംസണ്‍ ആലോചിക്കണമെന്നും മൂര്‍ത്തിയേക്കാള്‍ ഊറ്റം വെളിച്ചപ്പാടിനാണെങ്കില്‍ വാളെടുത്തവനെല്ലാം വെളിച്ചപ്പാടാകുമെന്നും മുഖപ്രസംഗം പറയുന്നു.

We use cookies to give you the best possible experience. Learn more