| Wednesday, 15th May 2024, 9:42 am

'സി.പി.ഐ.എമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകരുത്'; ജോസ് കെ. മാണി മടങ്ങി വരണമെന്ന് കോണ്‍ഗ്രസ് മുഖപത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) യു.ഡി.എഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസ് മുഖ്യപത്രം വീക്ഷണം. ജോസ് കെ. മാണി സി.പി.ഐ.എമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകരുതെന്നും യു.ഡി.എഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്നും മുഖപ്രസം?ഗത്തില്‍ പറയുന്നു.

എല്‍.ഡി.എഫില്‍ രാജ്യസഭാ സീറ്റ് തര്‍ക്കം നിലനില്‍ക്കെയാണ് ജോസ് കെ. മാണിയെ തിരികെ ക്ഷണിച്ചുകൊണ്ടുള്ള വീക്ഷണത്തിന്റെ മുഖപ്രസംഗം. അതേസമയം കെ.എം. മാണിയെ പ്രശംസിച്ചും ജോസ് കെ. മാണിയെ വിമര്‍ശിച്ചുമാണ് ലേഖനം.

വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമായ സങ്കടക്കടലില്‍ ആണ് കേരളാ കോണ്‍ഗ്രസ് എം എന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. കേരളാ കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫിലേക്ക് ചേക്കേറിയത് സംസ്ഥാന മന്ത്രിയാകാനുള്ള ജോസ് കെ. മാണിയുടെ അത്യാര്‍ത്തി കാരണമാണ്. യു.ഡി.എഫിനോടുള്ള ജോസ് കെ. മാണിയുടെ സമീപനത്തില്‍ ചതിയുടെ കറ പുരണ്ടിട്ടുണ്ടായിരുന്നുവെന്നും ലേഖനം പറയുന്നു.

ജോസ് കെ. മണിയ്ക്ക് എല്‍.ഡി.എഫ് കൊടുത്ത രാജ്യസഭാ സീറ്റിലുള്ളത് 30 വെള്ളിക്കാശിന്റെ പാപക്കറയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. ഘടകകക്ഷികളെ അവഗണിക്കുന്ന രീതി കോണ്‍ഗ്രസിനില്ല. മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനവും രാജ്യസഭാ സീറ്റും നല്‍കിയത് മുന്നണിയുടെ മര്യാദയാണെന്നും കോണ്‍ഗ്രസ് മുഖപത്രം പറയുന്നു.

എല്‍.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളും ചേര്‍ന്ന് പകുത്തെടുത്തെന്നും ലേഖനം ചൂണ്ടിക്കാട്ടി. ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ കേന്ദ്രമന്ത്രി സ്ഥാനം നേടുക എന്ന ജോസ് കെ. മാണിയുടെ ആഗ്രഹവും പരസ്യമായിരിക്കുകയാണെന്നും ലേഖനം വിമര്‍ശിച്ചു. ജോസിനെ ലാളിച്ച സി.പി.ഐ.എമ്മിന്റെ ആവേശം ആറിത്തണുത്തെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Content HIghlight: veekshanam daily invites Jos K Mani back to UDF

We use cookies to give you the best possible experience. Learn more