| Friday, 19th December 2014, 10:24 am

ഗണേഷിന്റെ ആരോപണങ്ങള്‍ ബി.ജെ.പി അംഗത്വവും പത്തനാപുരത്ത് താമര ടിക്കറ്റും ഉറപ്പിച്ചെന്ന് വീക്ഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. ” ഗണേഷും കാവി കൂടാരത്തിലേക്കോ?” എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലൂടെയാണ് വീക്ഷണം ഗണേഷ്‌കുമാറിനെ വിമര്‍ശിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനെതിരായി നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഗണേഷ്‌കുമാര്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് മുഖപത്രം രംഗത്തെത്തിയിരിക്കുന്നത്.

വ്യാഴാഴ്ചത്തെ പത്രസമ്മേളനത്തിലെ ഗണേഷ്‌കുമാറിന്റെ വാക്കുകള്‍ക്ക് കാവിയുടെ നിറവും മണവുമായിരുന്നെന്ന് വീക്ഷണം ആരോപിക്കുന്നു. യു.ഡി.എഫില്‍ നിന്നു കലഹിച്ചുപോയാല്‍ എല്‍.ഡി.എഫ് ഏറ്റെടുക്കുമെന്ന് ഉറപ്പില്ലായപ്പോള്‍ ഗണേഷ് കുമാര്‍ സംഘപരിവാറില്‍ ആകൃഷ്ടനായിരിക്കുകയാണ്. സിനിമാ പ്രവര്‍ത്തകര്‍ കൂട്ടമായും ഒറ്റയായും കാവിക്കച്ചയണിയാന്‍ ഒരുങ്ങി നില്‍ക്കുമ്പോഴാണ് ഗണേഷ് കുമാറിനും കാവി മോഹം മൊട്ടിട്ടതെന്നും വീക്ഷണം ചൂണ്ടിക്കാട്ടുന്നു.

ബി.ജെ.പിയില്‍ അംഗത്വവും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് താമര ടിക്കറ്റും ഉറപ്പിച്ചായിരുന്നു ഗണേഷ് കുമാര്‍ ഇന്നലെ പത്രസമ്മേളനവും അഴിമതിക്കെതിരെയുള്ള പോരാട്ട പ്രഖ്യാപനവും നടത്തിയത്.

അനേകം നന്ദികേടുകളുടെയും നാണക്കേടുകളുടെയും നാറുന്ന ഭാണ്ഡക്കെട്ടുകള്‍ യു.ഡി.എഫില്‍ നിക്ഷേപിച്ചാണ് ഗണേഷ്‌കുമാര്‍ പടിയിറക്കം പ്രഖ്യാപിച്ചത്. മന്ത്രിസ്ഥാനം തിരിച്ചുകിട്ടില്ലെന്ന് ഏതാണ്ടുറപ്പായപ്പോളാണ് ഗണേഷ്‌കുമാര്‍ യു.ഡി.എഫിനെതിരെ തിരിഞ്ഞത്.  യു.ഡി.എഫില്‍ ഇരുന്നു കൊണ്ട് ഇരിക്കുന്ന കൊമ്പ് മുറിക്കാനുള്ള ഗണേഷിന്റെ കൊലച്ചതി അനുവദിക്കില്ലെന്നും വീക്ഷണം പ്രഖ്യാപിക്കുന്നു.

ആരാച്ചാര്‍ അഹിംസയെപ്പറ്റി സംസാരിക്കുന്നത് പോലെയാണ് ഗണേഷ് കുമാര്‍ അഴിമതിക്കെതിരെ സംസാരിക്കുന്നത്. അഭിസാരിക പാതിവ്രത്യത്തെപറ്റി പറയുന്നത് പോലെയാണ് അദ്ദേഹം രാഷ്ട്രീയ സദാചാരത്തെക്കുറിച്ച് വിലപിക്കുന്നത്. അഴിമതിക്കെതിരെയുള്ള പോരാട്ടം ഗണേഷ് ആരംഭിക്കേണ്ടത് യു.ഡി.എഫില്‍ നിന്നല്ല; എവിടെ നിന്നാണെന്ന് തങ്ങള്‍ പറയുന്നില്ലെന്നു മുഖപ്രസംഗത്തില്‍ പറയുന്നു.

കുടുംബവഴക്കും പെണ്‍വിവാദങ്ങളുമൊക്കെയാണ് ഗണേഷിന് മന്ത്രിസ്ഥാനം നഷ്ടമാക്കിയത്. ഗണേഷിന് മന്ത്രിസ്ഥാനത്ത് തിരിച്ചെത്താനാവാതെ പോയത് സ്വന്തം പ്രവൃത്തികളുടെ കുഴപ്പം കൊണ്ടാണെന്നും വീക്ഷണം ചൂണ്ടിക്കാട്ടുന്നു.

പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്നുപേര്‍ അഴിമതിക്കാരാണെന്ന് ഗണേഷ്‌കുമാര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചതാണ് യു.ഡി.എഫും അദ്ദേഹവും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയത്. എ. നാസിമുദ്ദീന്‍, അബ്ദുള്‍ റാഷിദ്, അബ്ദുള്‍ റഹീം എന്നിവരുടെ പേരെടുത്തു പറഞ്ഞായിരുന്നു ഗണേഷ്‌കുമാര്‍ അഴിമതിയാരോപണം ഉന്നയിച്ചത്.

ഗണേഷ്‌കുമാറിന്റെ ആരോപണം പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ ആയുധമാക്കിയിരുന്നു. ഇതിനിടയില്‍ കഴിഞ്ഞദിവസം ആരോപണത്തില്‍ ശക്തമായി ഉറച്ചുനില്‍ക്കുന്നുവെന്നു പറഞ്ഞ് ഗണേഷ് കുമാര്‍ വാര്‍ത്താസമ്മേളനവും നടത്തി. അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും ഗണേഷ് വ്യാഴാഴ്ച വൈകുന്നേരം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വീക്ഷണം മുഖപ്രസംഗം വന്നിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more